ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സ്റ്റാര്‍ബക്‌സിനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി മേയര്‍ സൊഹ്‌റാന്‍ മംദാനി. തുച്ഛവേതനത്തില്‍ പ്രതിഷേധിച്ച് 10000ത്തിലധികം സ്റ്റാര്‍ബക്‌സ് തൊഴിലാളികള്‍ പണിമുടക്കിയതിന് തൊട്ടുപിന്നാലെയാണ് മംദാനിയും ആഹ്വാനവുമായി മുന്നോട്ട് വന്നത്.
തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോള്‍ സ്റ്റാര്‍ബക്‌സില്‍ നിന്ന് താന്‍ ഒന്നും വാങ്ങുകയില്ലെന്നും എല്ലാവരും ഈ ബഹിഷ്‌കരണത്തില്‍ പങ്കുചേരണമെന്നും മംദാനി എക്‌സില്‍ കുറിച്ചു.
‘പ്രതിവര്‍ഷം 96 മില്ല്യണ്‍ സമ്പാദിക്കുന്ന ഒരു കമ്പനിയെ കുറിച്ചാണ് നാം സംസാരിക്കുന്നത്. മാന്യമായ വേതനം മാത്രമാണ് ഈ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ജീവിക്കാനുള്ള മിനിമം വേതനം മാത്രമാണ് ചോദിക്കുന്നത്. അവര്‍ സമാധാനപരമായ ജീവിതം അര്‍ഹിക്കുന്നുണ്ട്. അത്തരമൊരു ന്യൂയോര്‍ക്ക് സിറ്റിയെയാണ് ഞാനും ആഗ്രഹിക്കുന്നത്,’ മെയര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മംദാനി പറഞ്ഞത്.
10000ലധികം തൊഴിലാളികളാണ് സ്റ്റാര്‍ബക്‌സിലെ അന്യായത്തിനെതിരെ സംഘടിപ്പിച്ച് ദേശീയ പണിമുടക്കിന്റെ ഭാഗമായത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് വരെ സ്റ്റാര്‍ബക്‌സിന്റെ ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്തു. മാന്യമായ വേതനം ഉറപ്പാക്കിക്കൊണ്ട് കരാര്‍ പുതുക്കുകയാണെങ്കില്‍ സമരം അവസാനിപ്പിക്കുമെന്നാണ് യൂണിയന്‍ പറയുന്നത്.
‘ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ നിയമ ലംഘകന്‍’ എന്നാണ് സ്റ്റാര്‍ബക്‌സിനെ യൂണിയന്‍ വിശേഷിപ്പിച്ചത്. നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ലോ ജഡ്ജിമാര്‍ കോഫി ശൃംഖല 400ലധികം തൊഴില്‍ നിയമ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയെന്നും പറയുന്നു.
2021ലാണ് ജീവനക്കാര്‍ ആദ്യമായി യൂണിയന്‍ രൂപീകരിച്ചത്. ശേഷം 2023 ഡിസംബറില്‍ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2024 അവസാനത്തോടെ സ്റ്റാര്‍ ബക്‌സ് ഒരു കരാറില്‍ ഒപ്പുവെക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 2025 ഏപ്രില്‍ മുതല്‍ സ്റ്റാര്‍ബക്‌സ് ഒരു രീതിയിലുമുള്ള ചര്‍ച്ചക്കും മുന്നോട്ട് വന്നിട്ടില്ല.
Content Highlight: New York Mayor Zohran Mamdani calls for boycott of Starbucks