ന്യൂയോര്‍ക്കിലെ ഇസ്രഈല്‍ ദിനാചരണത്തില്‍ നിന്ന് വിട്ട് നിന്ന് മേയര്‍ മംദാനി; 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം
Trending
ന്യൂയോര്‍ക്കിലെ ഇസ്രഈല്‍ ദിനാചരണത്തില്‍ നിന്ന് വിട്ട് നിന്ന് മേയര്‍ മംദാനി; 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2026, 11:46 am

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഈ വര്‍ഷത്തെ ഇസ്രഈല്‍ ദിനാചരണ പരേഡില്‍ നിന്ന് മേയര്‍ സോഹ്‌റാന്‍ മംദാനി വിട്ടു നിന്നു. ഇതാദ്യമായാണ് ഒരു ന്യൂയോര്‍ക്ക് മേയര്‍ ഇസ്രഈല്‍ ദിന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഫലസ്തീന്‍ അവകാശങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രഈല്‍ ദിനാചരണ ചടങ്ങുകളുടെ ഭാഗമായ പരേഡില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള മംദാനിയുടെ തീരുമാനം. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ച തന്നെ മംദാനി അറിയിച്ചിരുന്നു.

‘ഞാന്‍ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ അറിയിച്ചിരുന്നു പരേഡില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന്. ഇസ്രഈലി സര്‍ക്കാരുമായി ബന്ധപ്പെട്ട എന്റെ കാഴ്ചപ്പാട് വ്യക്തമാണ്,’ എന്നും മംദാനി പറഞ്ഞിരുന്നു.

വ്യാഴാഴ്ച പൊലീസ് കമ്മീഷണര്‍ ജെസിക ടിസ്ച്ചിനൊപ്പം നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മംദാനി പ്രഖ്യാപിച്ചത്. പരേഡില്‍ നിന്ന് താന്‍ വിട്ടു നില്‍ക്കുന്നത് നഗരത്തോടുള്ള ചുമതലകളെ ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ചടങ്ങില്‍ പങ്കെടുക്കുമെന്ന് അന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു. മേയര്‍ അദ്ദേഹത്തിന്റെ തീരുമാന പ്രകാരം പങ്കെടുക്കുന്നില്ലെന്നും തന്റെ തീരുമാനം ചടങ്ങില്‍ പങ്കെടുക്കാനാണ് എന്നും അവര്‍ പറഞ്ഞിരുന്നു.

ചടങ്ങിന് വലിയ രീതിയിലുള്ള സുരക്ഷ ഉറപ്പാക്കാന്‍ മേയര്‍ നിര്‍ദേശിച്ചിരുന്നു. സമാധാനപരമായി ചടങ്ങ് അവസാനിച്ചതായാണ് വിവരം.

മെയ് 31നാണ് ഇത്തവണ ഇസ്രഈല്‍ ഡേ ഓഫ് ഫിഫ്ത്ത് എന്ന ഇസ്രഈല്‍ ദിനം ആചരിക്കുന്നത്. 60 വര്‍ഷത്തിലധികമായി ന്യൂയോര്‍ക്ക് ഫിഫ്ത്ത് അവന്യൂവില്‍ ഈ പ്രതിവര്‍ഷ ചടങ്ങ് നടന്നുവരുന്നു.

മംദാനി താന്‍ ഫലസ്തീനെ അനുകൂലിക്കുന്ന വ്യക്തിയാണെന്ന് പല തവണ വ്യക്തമാക്കിയിരുന്നു. ഗസയിലെ ഇസ്രഈല്‍ വംശഹത്യക്കെതിരെയും മംദാനി പ്രതികരിച്ചിരുന്നു. വ്യവസ്ഥാപിതമായി ഫലസ്തീനികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് ഇസ്രഈലെന്നും ന്യൂയോര്‍ക്ക് മേയര്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: New York City Mayor Zohran Mamdani Avoid Israel Day Parade; First Time in History