കേക്ക് മുറിച്ച് ന്യൂ ഇയര്‍ ആഘോഷിച്ച് മമ്മൂട്ടിയും രാജ് ബി. ഷെട്ടിയും: ചിത്രങ്ങള്‍
Film News
കേക്ക് മുറിച്ച് ന്യൂ ഇയര്‍ ആഘോഷിച്ച് മമ്മൂട്ടിയും രാജ് ബി. ഷെട്ടിയും: ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st January 2024, 5:57 pm

ഈ വര്‍ഷം പുറത്ത് വരുന്നതില്‍ ഏറ്റവും പ്രേക്ഷക പ്രതീക്ഷ ഉള്ള ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്.

ടര്‍ബോ ലൊക്കേഷനില്‍ നിന്നുമുള്ള ന്യൂ ഇയര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. സംവിധായകന്‍ വൈശാഖിനും നടന്‍ രാജ് ബി. ഷെട്ടിക്കും മറ്റ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ചിത്രത്തില്‍ മമ്മൂട്ടി നില്‍ക്കുന്നത്. ന്യൂ ഇയര്‍ ദിനത്തില്‍ ടര്‍ബോ ലുക്കില്‍ രാവിലെ മമ്മൂട്ടി പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നേരത്തെ പുറത്ത് വന്ന ടര്‍ബോയുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു. കറുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞ് ജീപ്പില്‍ നിന്നും പുറത്തേക്കിറങ്ങി നോക്കി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

കണ്ണൂര്‍ സ്‌ക്വാഡിന്റെയും കാതല്‍ ദി കോറിന്റെയും വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന അടുത്ത ചിത്രമാണ് ‘ടര്‍ബോ’. ഈ മാസ് ആക്ഷന്‍ കൊമേഴ്ഷ്യല്‍ ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്.

കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹകന്‍. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വഹിക്കും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’.

Content Highlight: New year celebration pics from turbo