'വീട്ടു ജോലികളില്‍ പങ്കാളിയാകുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വമാണ്'; ശ്രദ്ധ നേടി വനിതാ ശിശുക്ഷേമ വകുപ്പിന്റെ പുതിയ ക്യാംപെയ്ന്‍
Kerala News
'വീട്ടു ജോലികളില്‍ പങ്കാളിയാകുന്നത് ഔദാര്യമല്ല, ഉത്തരവാദിത്വമാണ്'; ശ്രദ്ധ നേടി വനിതാ ശിശുക്ഷേമ വകുപ്പിന്റെ പുതിയ ക്യാംപെയ്ന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 2:30 pm

തിരുവനന്തപുരം: വേണ്ട ഇനി വിട്ടുവീഴ്ച എന്ന ഹാഷ്ടാഗ് ക്യാംപെയ്‌നുമായി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കുന്ന വീഡിയോകള്‍ക്കെല്ലാം വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീട്ടുജോലിയുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് പുതുതായി പുറത്തിറക്കിയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വീട്ടുകാരെ സഹായിക്കുന്നതായി രണ്ടു പേര്‍ തമ്മില്‍ വാട്‌സ്ആപ്പില്‍ ചാറ്റു ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കുന്ന വീഡിയോയില്‍ വീട്ടു ജോലി സഹായമല്ലെന്നും ഇതൊക്കെ എല്ലാവരും ഒരുമിച്ചു ചെയ്യേണ്ടതല്ലേ എന്നും പറയുന്നു.

വീട്ടുജോലികളില്‍ പുരുഷന്മാര്‍ സഹായിക്കുന്നതിനെ വലിയ സംഭവമായി കാണേണ്ടതില്ലെന്നും വീട്ടുജോലികളില്‍ പങ്കാളിയാകുക എന്നത് ഔദാര്യമല്ലെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പങ്കുവെയ്ക്കുന്നുണ്ട്.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘വീട്ടുജോലികളില്‍ പുരുഷന്മാര്‍ സഹായിക്കുന്നതിനെ വലിയ സംഭവമായി കാണുന്നൊരു പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. എന്തുകൊണ്ടാണ് ഇത്? വീട്ടുജോലികളില്‍ പങ്കാളിയാവുന്നത് ഔദാര്യമായിട്ടല്ല, അവനവന്റെ ഉത്തരവാദിത്വമായാണ് ഓരോരുത്തരും കാണേണ്ടത്. വീട്ടുജോലികള്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന ചിന്തയോട് ഇനി വേണ്ട വിട്ടുവീഴ്ച. #ഇനിവേണ്ടവിട്ടുവീഴ്ച,’ കുറിപ്പില്‍ പറയുന്നു.

നേരത്തെ സ്ത്രീ വിരുദ്ധ ചിന്താഗതികള്‍ക്കെതിരെ ആര്യ ദയാല്‍ പാടി അഭിനയിച്ച അങ്ങനെ വേണം എന്ന ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു. ഗായികയായ ആര്യ ദയാല്‍ സംഗീതം നല്‍കിയ ഗാനം രചിച്ചത് ശശികല വി. മേനോനായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New video of Women and Child department got viral