അന്യഭാഷാ സിനിമകളില്‍ മലയാള ഭാഷയെയും മലയാളികളെയും വളരെ മോശമായാണ് പലപ്പോഴും ചിത്രീകരിക്കാറുള്ളത്. തലയില്‍ നിറയെ മുല്ലപ്പൂ ചൂടി നെറ്റിയില്‍ ചന്ദനക്കുറിയും കാസവുസാരിയും മൂന്നുനേരമുള്ള ഇലയിലെ ഊണുമെല്ലാമായാണ് മലയാളികളെ മറ്റ് ഭാഷയില്‍ കാണിക്കാറുള്ളത്, പ്രത്യേകിച്ച് ബോളിവുഡില്‍.
മലയാളം മര്യാദക്ക് പറയാനറിയാത്ത നായികമാരും മലയാളം ആണെന്ന പേരില്‍ ‘മനസിലായോ’ തുടങ്ങിയ പാട്ടുമെല്ലാം മലയാളത്തെ മറ്റ് ഭാഷകളില്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ്. കേരളത്തെ ഒന്നാകെ അപമാനിച്ച പ്രോപഗണ്ട ചിത്രമായ ദി കേരള സ്റ്റോറിയിലും മറ്റനേകം ബോളിവുഡ് ചിത്രങ്ങളിലും മലയാളികളുടെയും മലയാളത്തിന്റെയും സ്ഥിതി ഇതുതന്നെയായിരുന്നു.
ബോളിവുഡിലെ ആ പാരമ്പര്യത്തിന് യാതൊരുവിധ ഭംഗവും വരുത്താതെ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് പരം സുന്ദരി. മലയാളികളുടെ കഥയാണെന്ന് പറയപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തുഷാര്‍ ജലോട്ടയാണ്. മലയാളിയെ പ്രണയിച്ച ദില്ലിക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പരം എന്ന നായക കഥാപാത്രമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര വേഷമിടുമ്പോള്‍ സുന്ദരി എന്ന കഥാപാത്രമായെത്തുന്നത് ജാന്‍വി കപൂറാണ്.
പരം സുന്ദരിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയപ്പോള്‍ മലയാളികളുടെ ഇടയില്‍ വലിയരീതിയിലുള്ള വിവാദം ചിത്രത്തിന്റെ ട്രെയ്ലര്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് പരം സുന്ദരിയുടെ അണിയറപ്രവര്‍ത്തകര്‍. ‘ഡെയ്ഞ്ചര്‍’ എന്ന പാട്ട് എന്നാല്‍ ചര്‍ച്ചയാകുന്നത് ഗാനത്തിലെ ‘ചുവപ്പ് നിറത്തിലെ സാരിയില്‍ ഞങ്ങള്‍ എല്ലാം സുന്ദരി ആണല്ലോ’ എന്ന വരികളാണ്. ഇതേ അര്‍ഥം വരുന്ന ഹിന്ദി വരികള്‍ അതേപോലെ മലയാളത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്താണ് പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗുജറാത്തികളായ സച്ചിനും ജിഗറും ചേര്‍ന്നാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. കോടികള്‍ മുടക്കിയെടുക്കുന്ന ഇത്തരം സിനിമകളിലെ പാട്ടിലെ വരികള്‍ എഴുത്താണെങ്കിലും ഒരു മലയാളിയെ വെച്ചൂടെ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.