വില്ലന്റെ വരവ് ഇക്കൊല്ലം തന്നെ, പുതിയ റിലീസ് തിയതി പ്രഖ്യാപിച്ച് കളങ്കാവല്‍
Malayalam Cinema
വില്ലന്റെ വരവ് ഇക്കൊല്ലം തന്നെ, പുതിയ റിലീസ് തിയതി പ്രഖ്യാപിച്ച് കളങ്കാവല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th November 2025, 9:36 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയാണ് കളങ്കാവലിന്റെ ഹൈപ്പ് ഉയര്‍ത്തുന്ന പ്രധാനഘടകം. ഏപ്രിലില്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് മമ്മൂട്ടിയുടെ അസുഖവും വിശ്രമവും കാരണവും നീണ്ടുപോവുകയായിരുന്നു.

ഈ മാസം 27ന് തിയേറ്ററുകളിലെത്തുമെന്നറിയിച്ച കളങ്കാവല്‍ അവസാനനിമിഷം പിന്മാറുകയായിരുന്നു. ഈ വര്‍ഷം ഇനി റിലീസുണ്ടാകില്ലെന്നായിരുന്നു പലരും കണക്കുകൂട്ടിയത്. ഇപ്പോഴിതാ പുതിയ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടിക്കമ്പനിയാണ് ഈ വിവരം പുറത്തുവിട്ടത്.

Kalamkaaval release date poster/ Facebook/ Mammootty

റിലീസ് മാറ്റിവെച്ചെന്ന് അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസം കളങ്കാവല്‍ വീണ്ടും സെന്‍സര്‍ ചെയ്തിരുന്നു. ആദ്യ പതിപ്പില്‍ കുറച്ച് രംഗങ്ങള്‍ നീക്കം ചെയ്തിട്ടാണ് റീ സെന്‍സര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടരമണിക്കൂറിലധികം ഉണ്ടായിരുന്ന ചിത്രത്തില്‍ നിന്ന് എട്ട് മിനിറ്റോളം മാറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി വില്ലനായി വേഷമിടുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതുവരെ കാണാത്ത തരത്തിലുള്ള വില്ലനിസമാകും മമ്മൂട്ടി കാഴ്ചവെക്കുകയെന്ന് പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും അടിവരയിടുന്നുണ്ട്.

വിനായകനാണ് ചിത്രത്തിലെ നായകന്‍. തിരുവനന്തപുരത്ത് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലര്‍ സൂചന നല്കുന്നുണ്ട്. കഥയെക്കുറിച്ചോ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചോ കൂടുതല്‍ സൂചനകള്‍ ലഭിക്കാത്തത് ആകാംക്ഷ കൂട്ടുന്നുണ്ട്.

നവാഗതനായ ജിതിന്‍ കെ. ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കളങ്കാവല്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എട്ട് മാസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: New release date of Kalamkaval movie announced