ആരാധകര്‍ കാത്തിരുന്ന അപ്‌ഡേറ്റ് എത്തി; ദളപതി വിജയ്‌യുടെ ബീസ്റ്റ് റീലിസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റര്‍
Entertainment news
ആരാധകര്‍ കാത്തിരുന്ന അപ്‌ഡേറ്റ് എത്തി; ദളപതി വിജയ്‌യുടെ ബീസ്റ്റ് റീലിസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st December 2021, 7:09 pm

ചെന്നൈ: ആരാധകര്‍ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുക. ദളപതി ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായിട്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

വിജയ്‌യുടെ മാസ് ലുക്കിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’ സംവിധാനം ചെയ്ത നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‌യുടെ 65ാം ചിത്രമാണിത്.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ബീസ്റ്റിന്റെ ആദ്യ സിംഗിള്‍സ് പുറത്തുവിടുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു.

ചിത്രത്തിന്റെ ആദ്യ സിംഗിളും മറ്റ് പ്രമോഷനുകളും ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവിടാനാണ് സാധ്യത. ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പൂര്‍ത്തിയാക്കിയത്.

നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനത്തിന് ശിവകാര്‍ത്തികേയന്‍ വരികള്‍ എഴുതിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വിജയ് നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സിനിമയായ മഹര്‍ഷിയുടെ സംവിധായകന്‍ വംശി പെഡിപ്പള്ളിയാണ്.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

New poster announcing Thalapathy Vijay’s Beast release