ടോകിയോ: നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അര്‍ബുദത്തിന്റെ സാന്നിധ്യം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് ജപ്പാനിലെ ശാസ്ത്രജ്ഞര്‍. പുതുതായി വികസിപ്പിച്ച നാനോവയര്‍ ഉപകരണമുപയോഗിച്ച് രോഗിയുടെ മൂത്ര പരിശോധനയിലൂടെ അര്‍ബുദത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജപ്പാനിലെ നഗോയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ തകയോ യസൂയ് പറഞ്ഞു.
നിലവില്‍ ശരീരത്തില്‍ അര്‍ബുദബാധയുണ്ടായാല്‍ ആ ഭാഗത്തുള്ള കോശങ്ങള്‍ പരിശോധിച്ചാണ് രോഗ നിര്‍ണയം നടത്തുന്നത്. അപൂര്‍വമായി രക്തപരിശോധനയിലൂടെയും രോഗത്തിന്റെ സൂചനകള്‍ ലഭ്യമാകും. നാനോവയര്‍ ഉപകരണമുപയോഗിച്ച് ഒരു വ്യക്തിയുടെ മൂത്രം മാത്രം പരിശോധിച്ച് രോഗം കണ്ടെത്താനാവും. മൂത്രാശയ അര്‍ബുദവും പുരുഷ ഗ്രന്ഥിയിലെ അര്‍ബുദവും ഈ ഉപകരണമുപയോഗിച്ച് തുടക്കത്തിലേ കണ്ടെത്താനാവുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ശരീരത്തിലെ കോശങ്ങള്‍ വിവിധ സംവിധാനങ്ങളിലൂടെ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. കോശങ്ങളിലെ എക്‌സ്ട്രാ സെല്ലുലാര്‍ വെസിക്കിള്‍സ് (ഇ.വി) എന്ന ഘടകമാണ് ശരീരത്തിന്റെ എല്ലാ അവയവങ്ങളിലൂടെയും സഞ്ചരിച്ച് പരസ്പരം ആശയവിനിമയം നടത്തുന്നത്. ഇത്തരത്തിലുള്ള ഇ.വി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അര്‍ബുദ രോഗമുണ്ടോയെന്ന് അറിയാനാകും.
ഇ.വി മോളിക്യൂളുകളുടെ കൂട്ടം മൈക്രോ ആര്‍.എന്‍.എയില്‍ സജീവമായിരിക്കും. മൈക്രോ ആര്‍.എന്‍.എയിലെ റൈബോന്യൂക്ലിക് ആസിഡിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് രോഗസാധ്യത തിരിച്ചറിയുന്നത്. ഇത്തരത്തില്‍ മൂത്രത്തിലെ ചില മൈക്രോ ആര്‍.എന്‍.എകള്‍ അര്‍ബുദത്തെ കണ്ടെത്താന്‍ സഹായിക്കും.
എന്നാല്‍, രോഗബാധിതരുടെ മൂത്രത്തില്‍ 0.01ശതമാനം മാത്രമാണ് റൈബോന്യൂക്ലിക് ആസിഡിന്റെ സാന്നിധ്യമുണ്ടാവുക. ഇത്രയും കുറഞ്ഞ അളവിലുള്ള ഘടകത്തെ കണ്ടെത്തുന്നതിനാണ് നാനോവയര്‍ ഉപകരണം സഹായിക്കുന്നത്.
