[share]
[] ന്യൂദല്‍ഹി: ഹോക്കി മത്സരങ്ങളുടെ നിയമത്തില്‍ ഗാജ്യാന്തര സംഘടന വരുത്തിയ മാറ്റങ്ങള്‍ ഇന്ത്യയില്‍ ജൂണ്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. സെപ്റ്റംബര്‍ ഒന്നിന് രാജ്യാന്താര തലത്തില്‍ മടപ്പാക്കണമെന്നായിരുന്നു രാജ്യാന്തര സംഘടനയുടെ നിര്‍ദേശം. എന്നാല്‍ പരിഷ്‌കരിച്ച നിയമങ്ങളുമായി കളിക്കാര്‍ക്ക് പരിചയമാവാന്‍ വേണ്ടിയാണ് ജൂണില്‍ തന്നെ പരിഷ്‌കരിച്ച നിയമങ്ങള്‍ നടപ്പാക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചത്.
മെയ് 31 മുതല്‍ ജൂണ്‍ 15 വരെ ഹോളണ്ടില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയ്ക്ക് പുതിയ നിയമങ്ങള്‍ ബാധകമായിരിക്കുകയില്ല. സെപ്റ്റംബറിന് ശേഷമുള്ള ചാംപ്യന്‍സ് ട്രോഫി, വേള്‍ഡ് ലീഗ് മത്സരങ്ങള്‍, ഒളിംപിക്‌സ് യോഗ്യത മത്സരങ്ങള്‍ എന്നിവയില്‍ പരിഷ്‌കരിച്ച നിയമങ്ങള്‍ നടപ്പാക്കും.
ഐ.പി.എല്‍ മാതൃകയില്‍ വിവധ ക്ലബ്ബുകള്‍ അണിനിരക്കുന്ന ഹോക്കി ഇന്ത്യ ലീഗിലെ നിയമങ്ങള്‍ പിന്തടര്‍ന്നാണ് രാജ്യാന്തര ഹോക്കിയിലും പരിഷ്‌കാരങ്ങള്‍. മത്സരത്തിന്റെ സമയദൈര്‍ഘ്യം 70 മിനിറ്റ് എന്നതില്‍ നിന്ന് ഒരു മണിക്കൂറായി കുറച്ചതാണ് ഹോക്കി കളിയുടെ നിയമത്തിലെ പ്രധാന മാറ്റം.
നിലവില്‍ 35 മിനിറ്റ് വീതമുള്ള രണ്ട് പകുതികളിലായിട്ടായിരുന്നു മത്സരങ്ങള്‍. പുതിയ നിയമം വരമ്പോള്‍ 15 മിനിറ്റ് വീതമുള്ള നാല് പാദങ്ങളായിട്ടാവും മത്സരം നടക്കുക. ഒന്നും മൂന്നും പാദങ്ങള്‍ കഴിഞ്ഞ് രണ്ട് മിനിറ്റ് വീതമായിരിക്കും കളിക്കാര്‍ക്ക് വിശ്രമം. എന്നാല്‍ രണ്ടാം പാദത്തിന് ശേഷമുള്ള ഇടവേള നിലവിലുള്ള പത്ത് മിനിറ്റ് തന്നെയായിരിക്കും.
പെനാല്‍റ്റി കോര്‍ണറിന് മുന്‍പ് ടീമുകള്‍ക്ക് 40 സെക്കന്‍ഡ് ടൈം ഔട്ട് അനുവദിക്കും. ഇതിന് പുറമെ ഓരോ ഗോളിന് ശേഷവും ഗോള്‍ നേടിയ ടീമിന്റെ ആഘോഷത്തിനും ടി.വിയില്‍ ഗോളിന്റെ റിപ്ലേ കാണിക്കാനുമായി 40 സെക്കന്റ് ടൈം ഔട്ടും ഉണ്ടാവും. കളിയുടെ ആവേശവും കളിക്കാരുടെ ഊര്‍ജ്ജവും കൂട്ടാന്‍ പുതിയ നിയമങ്ങള്‍ വഴിയൊരുക്കുമെന്നാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ അവകാശപ്പെടുന്നത്.
