എതിര്‍പ്പ് തുറന്നുപറഞ്ഞ നേതാക്കളെല്ലാം ഒരുമിച്ചു; എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ സുവേന്തുവിന്റെ കൂടിക്കാഴ്ച മമതയ്‌ക്കെതിരെയുള്ള പടയൊരുക്കമോ?
national news
എതിര്‍പ്പ് തുറന്നുപറഞ്ഞ നേതാക്കളെല്ലാം ഒരുമിച്ചു; എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ സുവേന്തുവിന്റെ കൂടിക്കാഴ്ച മമതയ്‌ക്കെതിരെയുള്ള പടയൊരുക്കമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 11:50 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനം രാജിവെച്ച് പാര്‍ട്ടിയുമായി അകന്നുനിന്ന സുവേന്തു അധികാരി എം.എല്‍.എ സ്ഥാനം കൂടി രാജിവെച്ചതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ സുവേന്തു അധികാരി തൃണമൂല്‍ എം.എല്‍.എയുമായി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയാണ് നിലവിലെ ചര്‍ച്ചാ വിഷയം.

തൃണമൂല്‍ എം.പി സുനില്‍ മൊണ്ടേലുമായി അധികാരി നടത്തിയ കൂടിക്കാഴ്ചയാണ് പാട്ടിയില്‍ നിന്ന് കൂടുതല്‍ വിമതര്‍ ഉണ്ടാകുമെന്ന വിലയിരുത്തലിന് കാരണമായിരിക്കുന്നത്.

നേരത്തെ തന്നെ മമതാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രധാനിയും എം.എല്‍.എയുമായ ജിതേന്ദ്ര തിവാരിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്രത്തിന്റെ ഫണ്ട് തന്റെ നഗരത്തില്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു
അസന്‍സോളില്‍ നിന്നുള്ള എം.എല്‍.എയായ തിവാരിയുടെ ആരോപണം.

പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നതുകൊണ്ടാണ് പാര്‍ട്ടിക്കെതിരെ സംസാരിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് വിമതര്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് തൃണമൂല്‍ തെറ്റ് തിരുത്താത്തതെന്ന് ചോദിച്ച് സുനില്‍ മൊണ്ടേല്‍ നേരത്തെ രംഗത്തെയിരുന്നു.

ഇത്തരത്തില്‍ പാര്‍ട്ടിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ള നേതാക്കളുടെ കൂടിക്കാഴ്ച മമതയ്‌ക്കെതിരെയുള്ള പടയൊരുക്കത്തന്റെ തുടക്കമായാണ് വിലയിരുത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Content Highlights: New Developments In Bengal, A Meeting That Should Worry Mamata Banerjee As Her Party Bleeds Rebels