2025ല്‍ ലോകമെമ്പാടും ആവര്‍ത്തിച്ചത് ഇന്ത്യന്‍ ഡൊമസ്റ്റിക്കിലും; ഇന്ത്യന്‍ ക്രിക്കറ്റില്‍ കുത്തകകള്‍ അവസാനിക്കുന്നുവോ?
Sports News
2025ല്‍ ലോകമെമ്പാടും ആവര്‍ത്തിച്ചത് ഇന്ത്യന്‍ ഡൊമസ്റ്റിക്കിലും; ഇന്ത്യന്‍ ക്രിക്കറ്റില്‍ കുത്തകകള്‍ അവസാനിക്കുന്നുവോ?
ആദര്‍ശ് എം.കെ.
Saturday, 28th February 2026, 5:57 pm

 

ലോകമെമ്പാടുമുള്ള കായിക പ്രേമികളെ സംബന്ധിച്ച് 2025 ഏറെ സ്‌പെഷ്യലായിരുന്നു. ഒരിക്കല്‍പ്പോലും കിരീടമണിയാത്ത ടീമുകളും കാലങ്ങളേറെയായി വിജയത്തിന്റെ മധുരം നുണയാത്ത ടീമുകളും മനം നിറഞ്ഞ് ചിരിച്ച വര്‍ഷമായിരുന്നു 2025.

ഹൊബാര്‍ട്ട് ഹറികെയ്ന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ന്യൂകാസിലും ക്രിസ്റ്റല്‍ പാലസും പി.എസ്.ജിയും സൗത്ത് ആഫ്രിക്കയും ഇന്ത്യന്‍ വനിതാ ടീമുമെല്ലാം 2025ല്‍ ഇത്തരത്തില്‍ കിരീട വിജയത്തിന്റെ മധുരമറിഞ്ഞു.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലും ഇതേ ട്രെന്‍ഡ് തന്നെയായിരുന്നു. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഇപ്പോള്‍ 2025-26ലെ രഞ്ജി ട്രോഫിയിലും പുതിയ ജേതാക്കളാണ് പിറവിയെടുത്തത്.

ഹരിയാനയെ പരാജയപ്പെടുത്തി ജാര്‍ഖണ്ഡാണ് ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടമണിഞ്ഞത്. ആര് ജയിച്ചാലും പുതിയ ജേതാക്കള്‍ പിറവിയെടുക്കുന്ന ഫൈനലില്‍ ഹരിയാനയെ 69 റണ്‍സിന് തോല്‍പ്പിച്ചാണ് ഇഷാന്‍ കിഷന്റെ ജാര്‍ഖണ്ഡ് കന്നിക്കിരീടമണിഞ്ഞത്.

എസ്.എം.എ.ടി കിരീടവുമായി ജാര്‍ഖണ്ഡ്‌

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണ് ജാര്‍ഖണ്ഡ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന യാഷ്‌വര്‍ധന്‍ ദലാലിന്റെ കരുത്തില്‍ പൊരുതിയെങ്കിലും കാലിടറി വീഴുകയായിരുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ മുന്‍ ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിദര്‍ഭ കിരീടമണിഞ്ഞത്. തൊട്ടുമുമ്പ് നടന്ന സീസണില്‍ ഫൈനലിലേറ്റ പരാജയം ഇത്തവണ വിജയമാക്കി മാറ്റിയാണ് ടീം ചരിത്രമെഴുതിയത്.

വിജയ് ഹസാരെ ജേതാക്കള്‍

ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിന്റെ വിജയമാണ് വിദര്‍ഭ സ്വന്തമാക്കിയത്. അഥര്‍വ തായ്‌ദെയുടെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ 317 റണ്‍സ് നേടിയപ്പോള്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗരാഷ്ട്രയുടെ പോരാട്ടം 279ല്‍ അവസാനിച്ചു.

രഞ്ജി ട്രോഫിയിലെയും സ്ഥിതി സമാനമായിരുന്നു. മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ കര്‍ണാടകയെ കലാശപ്പോരാട്ടത്തില്‍ സമനിലയില്‍ തളയ്ക്കുകയും ഒന്നാം ഇന്നിങ്‌സില്‍ നേടിയ കൂറ്റന്‍ ലീഡിന്റെയും കരുത്തില്‍ കിരീടം സ്വന്തമാക്കിയുമാണ് ജമ്മു കശ്മീര്‍ കരുത്ത് കാട്ടിയത്.

രഞ്ജി ട്രോഫിയുമായി ജമ്മു കശ്മീര്‍

ഇത് മാത്രമല്ല, ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് അടക്കി ഭരിച്ച മുംബൈയും കര്‍ണാടകയും തമിഴ്‌നാടും അടക്കമുള്ള ടീമുകളെ മുട്ടുകുത്തിച്ചാണ് ഇവരുടെ കിരീടനേട്ടമെന്നതും ആരാധകരില്‍ പ്രതീക്ഷയേറ്റുന്നുണ്ട്. കിരീടം നേട്ടം ആരുടെയും കുത്തകയല്ലെന്നും അണ്‍പ്രഡിക്ടബിലിറ്റി തന്നെയാണ് ക്രിക്കറ്റ് അടക്കമുള്ള ഏതൊരു ഗെയ്മിനെയും കൂടുതല്‍ മനോഹരമാക്കുന്നത് എന്നും അടിവരയിടുന്നത് തന്നെയാണ് ഇന്ത്യന്‍ ആഭ്യന്തര തലത്തില്‍ പുതിയ ടീമുകളുടെ കിരീട നേട്ടങ്ങള്‍.

Content highlight: New champions in all three formats of Indian domestic cricket

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.