
ഒരു കാലത്ത് കാറുകളില്‍ ബി.എം.ഡബ്ല്യു പോലെയായിരുന്നു ഫോണുകളില്‍ ബ്ലാക്‌ബെറി. എന്നാല്‍ ആന്‍ഡ്രോയ്ഡുമായി “ന്യൂജെന്‍ പിള്ളേര്‍” കുതിച്ചെത്തിയപ്പോള്‍ ബ്ലാക്‌ബെറിയുടെ വിലയിടിഞ്ഞു. ബി.ബി.എം അടക്കം സ്വന്തമായി ഒരുപിടി ഫീച്ചറുകളുണ്ടായിരുന്ന ആ സ്വപ്‌നഫോണ്‍ ആന്‍ഡ്രോയ്ഡ് മഴയില്‍ ഒലിച്ചുപോകുകയാണുണ്ടായത്.
എന്നാല്‍ ആ പോക്കില്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ വീണ്ടുമൊരു മുന്നേറ്റത്തിനൊരുങ്ങുകയാണ് ബ്ലാക്‌ബെറി. തങ്ങളെ ആരാധകരില്‍ നിന്നും അകലെയാക്കിയ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയറിനെത്തന്നെയാണ് ബ്ലാക്‌ബെറി രണ്ടാംവരവില്‍ കൂടെക്കൂട്ടുന്നത്. ബ്ലാക്‌ബെറി വെനീസ് എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്‍ ആന്‍ഡ്രോയ്ഡിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലാകും പ്രവര്‍ത്തിക്കുക. അതീവ രഹസ്യമായി നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഫോണിനെപ്പറ്റിയുള്ള യാതൊരു വിവരവും ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല.
എന്നാല്‍ ചില ഫോട്ടോകള്‍ ലഭ്യമായിട്ടുണ്ട്. എന്തായാലും ആന്‍ഡ്രോയ്ഡ് കൊണ്ടുതന്നെ ആന്‍ഡ്രോയ്ഡിനെ നേരിടാനുള്ള ബ്ലാക്‌ബെറിയുടെ ശ്രമം വിജയിക്കുമോ എന്നറിയാന്‍ കാത്തിരിക്കുക തന്നെ.
