ശരിഅത്ത് കോടതികള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ആര്‍.എസ്.എസും ബി.ജെ.പിയും വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
national news
ശരിഅത്ത് കോടതികള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ആര്‍.എസ്.എസും ബി.ജെ.പിയും വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th July 2018, 7:09 pm

ന്യൂദല്‍ഹി: രാജ്യത്ത് ശരിഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിട്ടില്ലെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. എല്ലാ ജില്ലകളിലും ശരിഅത്ത് നിയമപ്രകാരം കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് ബോര്‍ഡംഗങ്ങളുടെ വിശദീകരണം.

“രാജ്യത്തെ ജില്ലകളില്‍ ശരിഅത്ത് കോടതികള്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ല. അത്തരം കോടതികള്‍ ആവശ്യമായിടത്തു മാത്രം, ജനങ്ങള്‍ക്ക് അവ ആവശ്യമുണ്ടെങ്കില്‍ മാത്രം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.” ബോര്‍ഡംഗമായ സഫര്യാബ് ജിലാനി പറയുന്നു.

ശരിഅത്ത് ബോര്‍ഡുകള്‍ കോടതികളല്ലെന്നും, ആര്‍.എസ്.എസും ബി.ജെ.പിയുമടക്കമുള്ള സംഘടനകള്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ശരിഅത്ത് ബോര്‍ഡ് ഒരിക്കലും ഒരു കോടതിയല്ല. ശരിഅത്ത് കോടതികളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്.” ദല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ ജിലാനി പറഞ്ഞു.


Also Read: കാണാതാവുന്ന എല്ലാ പെണ്‍കുട്ടികളും കാമുകന്‍മാരോടൊപ്പം ഒളിച്ചോടിയതാണെന്ന് കരുതരുത്: ബോംബെ ഹൈക്കോടതി


മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് ഉത്തരവാദിത്തബോധത്തോടെയാണെന്നും വിഷയത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി രാജ്യമെങ്ങും ശില്പശാലകള്‍ സംഘടിപ്പിക്കുമെന്നും ജിലാനി പറയുന്നു.

ഇസ്‌ലാമിനകത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇസ്‌ലാമിക നിയമപ്രകാരം പരിഹരിക്കാനായി ശരിഅത്ത് കോടതികള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റു കോടതികളെ സമീപിക്കാതെ തന്നെ തര്‍ക്കങ്ങള്‍ മതനിയമപ്രകാരം പരിശോധിക്കാനുള്ള നീക്കമായിരുന്നു ഇത്.


Also Read: അധികാരത്തര്‍ക്കം പുതുച്ചേരിയിലും: ഗവര്‍ണറുടെ ഇടപെടല്‍ കാരണം ബജറ്റ് അവതരണം വൈകിയെന്ന് മുഖ്യമന്ത്രി


എങ്കിലും, ആവശ്യം രാഷ്ട്രീയപ്പാര്‍ട്ടികളും ഇസ്‌ലാമിക സംഘടനകളും ഒന്നടങ്കം നിരാകരിച്ചിരുന്നു. കേന്ദ്ര നീതിന്യായ വകുപ്പു മന്ത്രി പി.പി ചൗധരിയും നിര്‍ദ്ദേശത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഏതു തരത്തിലുള്ള കോടതി സ്ഥാപിക്കണമെങ്കിലും അതിന് നിയമസാധുത ആവശ്യമുണ്ടെന്നായിരുന്നു ചൗധരിയുടെ വാദം.

ഇത്തരം കോടതികള്‍ സ്ഥാപിക്കുന്നത് രാജ്യത്ത് കാശ്മീരിനു സമാനമായ അവസ്ഥ കൊണ്ടു വരുമെന്ന് ഉത്തര്‍ പ്രദേശ് ഷിയാ വഖഫ് ബോര്‍ഡും അഭിപ്രായപ്പെട്ടിരുന്നു.