ബര്‍ധമാന്‍: പശ്ചിമബംഗാളിലെ ജനങ്ങളെയും സര്‍ക്കാരിനേയും കവര്‍ച്ചക്കാരെന്ന് അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
മോദി ബംഗാളിലെ മുഴുവന്‍ ജനങ്ങളെയും തന്റെ മുഖ്യമന്ത്രി സ്ഥാനത്തേയും അധിക്ഷേപിച്ച് സംസാരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
ആഗസ്റ്റ് 22ന് കൊല്‍ക്കത്തയില്‍ മോദി പങ്കെടുത്ത പൊതുപരിപാടിക്കിടെ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മമതാ ബാനര്‍ജി.
‘അഴിമതിയും കുറ്റകൃത്യവും തൃണമൂല്‍ കോണ്‍ഗ്രസും പര്യായങ്ങളാണ്. പശ്ചിമ ബംഗാളിനായി കേന്ദ്രം അയക്കുന്ന ഫണ്ട് ജനങ്ങളിലേക്ക് എത്തുന്നില്ല. ആ പണം തൃണമൂല്‍ കോണ്‍ഗ്രസ് വിഴുങ്ങുകയാണ്’ എന്നായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.
‘മോദിയുടെ ഈ പരാമര്‍ശം മുഴുവന്‍ ജനങ്ങളേയും അപമാനിച്ചതിന് തുല്യമാണ്. പശ്ചിമ ബംഗാളിന് അര്‍ഹമായ ഫണ്ട് പോലും വിട്ടുനല്‍കാതെ സംസ്ഥാന ഗജനാവിനെ കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്’, മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബര്‍ധമാനില്‍ നടന്ന സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.
പ്രധാനമന്ത്രി സ്ഥാനത്തെ താന്‍ ബഹുമാനിക്കുന്ന രീതിയില്‍ തന്റെ മുഖ്യമന്ത്രി സ്ഥാനത്തെ മോദിയും ബഹുമാനിക്കണമായിരുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങളെ മോദി മോഷ്ടാക്കളെന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.
ഇരട്ട എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്നെന്ന് മോദി അവകാശപ്പെട്ട ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ കടുത്ത അഴിമതിക്ക് നേരെ മോദി കണ്ണടയ്ക്കുകയാണ് എന്നും മമത ചൂണ്ടിക്കാട്ടി.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിട്ടും പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിയുടെ അവസ്ഥയ്ക്ക് സമാനമാണത്’, മമത വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തുമ്പോള്‍ പറന്നുവരുന്ന ദേശാടന പക്ഷിയെ പോലെയാണ് മോദിയെന്നും, പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനത്തെ പരിഹസിച്ചു കൊണ്ട് മമത പറഞ്ഞു.
Content Highlight: Never expected PM to call us ‘thieves’, he should respect my chair as I do his: CM Mamata