എഡിറ്റര്‍
എഡിറ്റര്‍
പടക്ക നിരോധനം വര്‍ഗീയവല്‍ക്കരിക്കരുതെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Friday 13th October 2017 5:40pm

 

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ച വിധിയെ വര്‍ഗീയവല്‍ക്കരിക്കരുതെന്ന് സുപ്രീം കോടതി. നിരോധനത്തില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം കോടതി വിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

‘പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടന്നിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.’

ഇത്തവണത്തേത് പടക്കങ്ങള്‍ ഇല്ലാത്ത ദീപാവലി ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ലക്ഷങ്ങള്‍ മുടക്കി എത്തിച്ച സ്‌റ്റോക്ക് വിറ്റഴിക്കാന്‍ കഴിയാത്തതിനാല്‍ ഉത്തരവില്‍ ഇളവ് വേണമെന്ന് വ്യാപാരികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു. പടക്ക വില്‍പ്പനക്ക് അല്‍പ്പം കൂടി സമയം അനുവദിക്കണമെന്നും അദ്ദേഹം വാദിച്ചു.


Also Read: ‘എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുന്ന രീതി അപകടരം’; ഗൗരി ലങ്കേഷ് വധത്തില്‍ ബോംബെ ഹൈക്കോടതി


എന്നാല്‍ മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു. പടക്ക നിരോധനം പരീക്ഷണമാണെന്നും ദീപാവലിക്കുശേഷം സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.

മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി നവംബര്‍ ഒന്ന് വരെയാണ് ദല്‍ഹിയില്‍ പടക്ക വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിരോധനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഹിന്ദുക്കളുടെ ആഘോഷത്തിന് മാത്രം എന്തിന് നിയന്ത്രണങ്ങള്‍ വരുത്തുന്നുവെന്നായിരുന്നു എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ പ്രതികരണം. ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നുവെന്ന് യോഗ ഗുരു രാംദേവും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ശശി തരൂര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ നിരോധനത്തെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്.

Advertisement