പ്രതിപക്ഷ നേതാവെന്ന നിലയിൽ സംസാരിക്കാൻ അവകാശമുണ്ട്, പക്ഷേ അനുവദിച്ചില്ല: രാഹുൽ ഗാന്ധി
India
പ്രതിപക്ഷ നേതാവെന്ന നിലയിൽ സംസാരിക്കാൻ അവകാശമുണ്ട്, പക്ഷേ അനുവദിച്ചില്ല: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 3:11 pm

ന്യൂദൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പാർലമെന്റിൽ സംസാരിക്കാനുള്ള തന്റെ അവകാശം നിഷേധിക്കപ്പെടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ സർക്കാർ പക്ഷത്തുള്ളവർക്ക് പ്രസ്താവനകൾ നടത്താൻ അനുമതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ പ്രതിഷേധങ്ങളെത്തുടർന്ന് സഭ രണ്ടാമതും നിർത്തിവെച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ച നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു.

‘പ്രതിരോധ മന്ത്രിയെയും ബി.ജെ.പി. അംഗങ്ങളെയും സംസാരിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷത്ത് നിന്ന് ആരെങ്കിലും എന്തെങ്കിലും പറയാൻ ശ്രമിച്ചാൽ അനുവദിക്കുന്നില്ല എന്നതാണ് പ്രശ്നം. ഞാൻ പ്രതിപക്ഷ നേതാവാണ്. സഭയിൽ സംസാരിക്കുക എന്നത് എന്റെ അവകാശമാണ്. അവർ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച രാഹുൽ ഗാന്ധി അദ്ദേഹം ഒരു നിമിഷത്തിനുള്ളിൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയെന്ന് പറഞ്ഞു. പാര്‍ലമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയി നോട്ടീസ് നല്‍കിയിരുന്നു. പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലും പറഞ്ഞിരുന്നു. ബിഹാര്‍ വോട്ടര്‍ പട്ടിക വിവാദവും ഉന്നയിക്കുമെന്നും പാര്‍ലമെന്റ് സമ്മേളനം പ്രഹസനമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യോത്തര വേളയ്ക്ക് ശേഷം ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും ഉന്നയിക്കാൻ അംഗങ്ങളെ അനുവദിക്കാമെന്ന് സ്പീക്കർ ഓം ബിർള പറഞ്ഞു. സഭ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നും മുദ്രാവാക്യം വിളിക്കാനും പ്ലക്കാർഡുകൾ ഉയർത്താനും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശേഷി കൂടി തെളിയിക്കുന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂറെന്ന് നരേന്ദ്ര മോദി പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സര്‍വ്വ കക്ഷി സംഘത്തിലൂടെ എല്ലാവരും രാജ്യത്തിന് വേണ്ടി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മോദി നന്ദി അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന്റെ സൈനിക ശക്തി വ്യക്തമാക്കുന്നതായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയസമ്മേളനം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Never allowed to speak in Lok Sabha despite being LoP: Rahul Gandhi