ഹേഗിലെ ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് ചങ്ങലയിട്ട് പൂട്ടി ഫലസ്തീന്‍ അനുകൂലികള്‍
World
ഹേഗിലെ ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് ചങ്ങലയിട്ട് പൂട്ടി ഫലസ്തീന്‍ അനുകൂലികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th July 2025, 10:10 pm

ആംസ്റ്റര്‍ഡാം: ഗസയിലേക്കുള്ള അതിര്‍ത്തി അടച്ചുപൂട്ടിയതില്‍ ഹേഗിലെ ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ച് നെതര്‍ലന്‍ഡ്സിലെ ആക്റ്റിവിസ്റ്റുകള്‍. ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് ആക്റ്റിവിസ്റ്റുകള്‍ ചങ്ങലയിട്ട് പൂട്ടുകയായിരുന്നു.

തിങ്കളാഴ്ച ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ് അനസ് ഹബീബ് ഫോണില്‍ സ്വയം ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് എംബസിക്കെതിരായ പ്രതിഷേധം ചര്‍ച്ചയായത്. ഹേഗിലെ എംബസി കെട്ടിടത്തിലേക്ക് പോകുന്ന വീഡിയോയാണ് അനസ് പുറത്തുവിട്ടത്.

ഗസയ്ക്കും ഈജിപ്തിനും ഇടയിലുള്ള സുപ്രധാനമായ ക്രോസിങ് മേഖലയാണ് റഫ. എന്നാല്‍ റഫ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് ഇതുവരെ തയ്യാറായിട്ടില്ല. ഇസ്രഈലിന്റെ ഉപരോധത്തിലും ആക്രമണത്തിലും ഫലസ്തീനികള്‍ മരിച്ചുവീഴുന്ന സാഹചര്യത്തിലും അതിര്‍ത്തി തുറക്കില്ലെന്ന തീരുമാനത്തിലാണ് ഈജിപ്ത് തുടരുന്നത്.

ഇസ്രഈല്‍ ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ നാലര മാസമായി യു.എന്‍ ഏജന്‍സിയായ അനര്‍വയുടെ സഹായ ട്രക്കുകള്‍ ഈജിപ്തിലും ജോര്‍ദാനിലുമായി കുടുങ്ങിക്കിടക്കുകയാണ്. നേരത്തെ റഫ അതിര്‍ത്തിയിലൂടെ ഗസയിലേക്ക് കടക്കാന്‍ ശ്രമിച്ച യു.എന്‍ പ്രവര്‍ത്തകരെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുക്കുകയും ആക്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അനസ് ഹബീബ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചാണ് അദ്ദേഹം എംബസിയുടെ ഗേറ്റ് പൂട്ടിയത്. റഫ അതിര്‍ത്തി തുറക്കുന്നതുവരെ ഗേറ്റില്‍ നിന്ന് സൈക്കിള്‍ ചെയിന്‍ മാറ്റില്ലെന്ന് അനസ് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ഉപരോധം താനല്ല ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈജിപ്താണെന്നും അനസ് ഹബീബ് പറഞ്ഞു.

അനസ് ഹബീബിന് പുറമെ നെതര്‍ലന്‍ഡ്സിലെ നിരവധി ആക്റ്റിവിസ്റ്റുകള്‍ സമാനമായ രീതിയില്‍ ഈജിപ്തിനെതിരെ പ്രതിഷേധിച്ചു. ഇന്നലെ (ബുധന്‍) ഹേഗിലെ ഈജിപ്ഷ്യന്‍ എംബസിക്ക് മുന്നില്‍ വലിയ പ്രതിഷേധമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം, ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചതോടെ 80 കുട്ടികള്‍ ഉള്‍പ്പെടെ 113 ഫലസ്തീനികള്‍ പട്ടിണി മൂലം മരണപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മാത്രം പോഷകാഹാര കുറവ് മൂലം മരിച്ചത് 15 പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ 79 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 453 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 59,587 പലസ്തീനികളെ കൊല്ലുകയും 143,498 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: Palestinian supporters chain up Egyptian embassy gate in The Hague