അണ്‍ഓര്‍ത്തഡോക്‌സ്, ദി ഗ്രേറ്റ് ജൂത കിച്ചണ്‍
അന്ന കീർത്തി ജോർജ്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ടവര്‍ക്ക് കാണാന്‍ പറ്റിയ സീരിസാണ് അണ്‍ഓര്‍ത്തഡോക്‌സ്. കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ ഇറങ്ങിയ ഈ മിനി സീരിസ് ജൂതരിലെ ന്യൂനപക്ഷമായ ഹാസിഡിക് സമൂഹത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. എസ്‌തേര്‍ ഷാപിറോ എന്ന പത്തൊന്‍പതുകാരിയുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. പേര് പറയും പോലെ വളരെ ഓര്‍ത്തഡോക്‌സ് ആയി ജീവിക്കുന്ന ഒരു കമ്യൂണിറ്റിയില്‍ നിന്നും അണ്‍ഓര്‍ത്തഡോക്‌സായി വഴിമാറി നടക്കുന്ന, കുറച്ചൊന്ന് ശ്വാസമെടുത്ത് ജീവിക്കാന്‍ കഴിയുന്ന ഒരു ചുറ്റുപാടിലേക്ക് മാറുന്ന എസ്റ്റിയെയാണ് സീരിസ് കാണിക്കുന്നത്.

ന്യൂയോര്‍ക്കിലെ വില്യംസ്ബര്‍ഗിലെ വീട്ടില്‍ നിന്നും ആരുമറിയാതെ എസ്റ്റി ഇറങ്ങിപ്പോകുന്നതോടെയാണ് സീരിസ് തുടങ്ങുന്നത്. ഇട്ടിരിക്കുന്ന ഡ്രസ്സും കയ്യില്‍ ഒരു കുഞ്ഞു പൊതിയും മാത്രമായിട്ടാണ് എസ്റ്റി ഇറങ്ങുന്നത്. പിന്നീട് അവള്‍ ജര്‍മനിയിലെത്തുന്നതും അവിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതുമൊക്കെയാണ് സീരിസ്. ഇതില്‍ എസ്റ്റിയുടെ കഴിഞ്ഞ കാല ജീവിതവും കടന്നുവരും. നോണ്‍ ലീനിയറായ കഥപറച്ചിലാണ് സീരിസിന്റെ കരുത്ത്്.

നമുക്ക് ഒട്ടും പരിചയമില്ലാത്ത കമ്യൂണിറ്റിയില്‍ നടക്കുന്ന കഥയായിട്ടും ഈ സീരിസ് മലയാളികളോടും സംവദിക്കും. സീരിസ് അവതരിപ്പിച്ചതിന്റെ ഭംഗിയോടൊപ്പം ഇതിലെ കഥാസന്ദര്‍ഭങ്ങളാണ് ഇത്തരത്തില്‍ ഒരു കണക്ഷന്‍ സാധ്യമാക്കുന്നത്. പെണ്ണുകാണല്‍ ചടങ്ങ്, വീട്ടില്‍ ഭാര്യയായ എസ്റ്റിക്ക് കിട്ടുന്ന സ്ഥാനവും ചെയ്യേണ്ടിവരുന്ന കാര്യങ്ങളും, വീട്ടിലും സമൂഹത്തിലും സത്രീയെ കണക്കാക്കുന്നത് എങ്ങനെയാണ്, എസ്റ്റിയും ഭര്‍ത്താവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവള്‍ അനുഭവിക്കേണ്ടി വരുന്ന വേദനയും മറ്റു പ്രശ്‌നങ്ങളും, ആര്‍ത്തവം, സെക്‌സ് എഡ്യുക്കേഷന്റെ അഭാവം, മതം തുടങ്ങിയ കാര്യങ്ങളില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, അല്ല നമ്മുടെ വീടുകള്‍ തന്നെ ഓര്‍മ്മ വരും.

യിദിഷ് ഭാഷ സംസാരിക്കുന്ന ഹസിഡിക് ജൂതരുടെ ഏറ്റവും ആധികാരികമായ അവതരണം ഈ സീരിസില്‍ കാണാനാകും. മികച്ച സ്‌ക്രിപ്റ്റിനും പെര്‍ഫോമന്‍സിനുമൊപ്പം ഈ കമ്യൂണിറ്റിയെ മികച്ച ഡീറ്റെയ്‌ലിംഗ് നല്‍കി അവതരിപ്പിച്ചിരിക്കുന്നതും സീരിസിനെ മനോഹരമാക്കുന്നു.

ഡെബോറ ഫെല്‍ഡ്മാന്‍ എന്ന എഴുത്തുകാരിയുടെ ആത്മകഥയായ അണ്‍ഓര്‍ത്തഡോക്സ്, ദ സ്‌കാന്‍ഡലസ് റിജക്ഷന്‍ ഓഫ് മൈ ഹസിഡിക് റൂട്ട്സിനെ ആസ്പദമാക്കിയാണ് ഈ സീരിസ് ഒരുക്കിയിരിക്കുന്നത്. അന്ന വിന്‍ജറും അലക്സ കരോലിന്‍സ്‌കിയും ചേര്‍ന്നാണ് സീരിസിന്റെ എഴുതിയിരിക്കുന്നത്. സംവിധാനം മരിയ ഷ്രാഡറാണ്. എട്ടോളം പ്രൈംടൈം എമ്മി വാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ അണ്‍ഓര്‍ത്തഡോക്‌സ് നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Netflix  series Unorthodox review and connection with The Great Indian Kitchen

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.