ഇളയരാജയുടെ കോപ്പിറൈറ്റ് കേസ്, ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്
Indian Cinema
ഇളയരാജയുടെ കോപ്പിറൈറ്റ് കേസ്, ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th September 2025, 3:57 pm

ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് അജിത് കുമാര്‍ നായകനായെത്തിയ ചിത്രം വന്‍ വിജയമായി മാറി. ബോക്‌സ് ഓഫീസില്‍ 200 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ചിത്രത്തിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായി.

ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് ഇളയരാജ ഗുഡ് ബാഡ് അഗ്ലിക്കെതിരെ രംഗത്തെത്തിയത്. നാട്ട് പുറപ്പാട്ട് എന്ന ചിത്രത്തിലെ ‘ഒത്ത രൂപ താരേന്‍’ എന്ന ഗാനം ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരുന്നു. ചിത്രത്തിലെ രണ്ട് പ്രധാന രംഗത്തിലാണ് ഈ ഗാനം ഉപയോഗിച്ചത്.

ഇപ്പോഴിതാ കോപ്പിറൈറ്റ് കേസുമായി ബന്ധപ്പെട്ട് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയ നെറ്റ്ഫ്‌ളിക്‌സ് തന്നെ ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്തത് വലിയ വാര്‍ത്തയായിരിക്കുകയാണ്. കോടതിവിധിയെത്തുടര്‍ന്നാണ് ചിത്രം നീക്കം ചെയ്തതെന്നാണ് വിവരം.

ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ സിനിമയില്‍ ഉപയോഗിക്കരുതെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍. സെന്തില്‍ കുമാര്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്തത്. അഞ്ച് കോടിയാണ് കോപ്പിറൈറ്റ് കേസില്‍ ഇളയരാജ ആവശ്യപ്പെട്ട നഷ്ടപരിഹാരം. ഇത് നല്‍കാന്‍ നിര്‍മാതാക്കള്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് കോടിയെ അദ്ദേഹം സമീപിച്ചത്.

ഏറെക്കാലത്തിന് ശേഷം അജിത് കുമാര്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ സാധിച്ച ചിത്രമായാണ് ഗുഡ് ബാഡ് അഗ്ലിയെ നിരൂപകര്‍ വിശേഷിപ്പിച്ചത്. സെമി സ്പൂഫ് ഴോണറില്‍ തന്റെ ഇഷ്ടതാരത്തെ താന്‍ കാണാനാഗ്രഹിച്ച തരത്തില്‍ ആദിക് രവിചന്ദ്രന്‍ അവതരിപ്പിച്ചത് ആരാധകര്‍ ഏറ്റെടുത്തു. 220 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

എ.കെ. എന്ന ഗ്യാങ്സ്റ്ററായാണ് അജിത് ഗുഡ് ബാഡ് അഗ്ലിയില്‍ വേഷമിട്ടത്. തന്റെ മകനെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ പ്രതികാരത്തിനിറങ്ങുന്ന എ.കെയുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യാവസാനം അജിത് എന്ന താരത്തിന്റെ മാക്‌സിമം ഓറ ഒപ്പിയെടുക്കാന്‍ സംവിധായകന് സാധിച്ചു. അജിത്തിന്റെ അടുത്ത ചിത്രവും ആദിക് രവിചന്ദ്രനൊപ്പമാണ്.

Content Highlight: Netflix removed Good Bad Ugly movie due to Copyright issue of Ilayaraja