മെഗാന്‍ മാര്‍ക്ക്‌ലിന്റെ ആനിമേറ്റഡ് സീരിസ് വേണ്ടെന്നുവെച്ച് നെറ്റ്ഫ്‌ളിക്‌സ്
World News
മെഗാന്‍ മാര്‍ക്ക്‌ലിന്റെ ആനിമേറ്റഡ് സീരിസ് വേണ്ടെന്നുവെച്ച് നെറ്റ്ഫ്‌ളിക്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd May 2022, 12:03 pm

അഭിനേത്രിയും ഡെച്ചസ് ഓഫ് സസക്‌സുമായ (Duchess of Sussex) മെഗാന്‍ മാര്‍ക്ക്‌ലിന്റെ ആനിമേഷന്‍ സീരിസ് ക്യാന്‍സല്‍ ചെയ്ത് ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്‌ളിക്‌സ്.

ബ്രിട്ടീഷ് രാജകുടുംബാംഗം പ്രിന്‍സ് ഹാരിയുടെ ഭാര്യ കൂടിയായ മെഗാന്റെ ‘പേള്‍’ (Pearl) എന്ന് സീരിസാണ് നെറ്റ്ഫ്‌ളിക്‌സ് റദ്ദാക്കിയത്.

എന്നാല്‍ ഈ നടപടിയില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. വാര്‍ത്തയോട് ആര്‍ക്കവെല്‍ പ്രൊഡക്ഷന്‍സും പ്രതികരിച്ചിട്ടില്ല.

മെഗാനും ഹാരിയും ചേര്‍ന്ന് രൂപീകരിച്ച നേതൃത്വത്തിലുള്ള ആര്‍ക്കവെല്‍ പ്രൊഡക്ഷന്‍സ് ആയിരുന്നു പേള്‍ സീരീസ് നിര്‍മിച്ചത്. മെഗാന്‍ ആയിരിക്കും പേളിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷമായിരുന്നു സീരിസ് പ്രഖ്യാപിച്ചത്.

ചരിത്രത്തില്‍ ഇടംപിടിച്ച വിവിധ വനിതകളാല്‍ സ്വാധീനിക്കപ്പെട്ട ഒരു 12 വയസുകാരിയുടെ സാഹസികകഥയെ ചുറ്റിപ്പറ്റിയായിരുന്നു പേള്‍ സീരിസിന്റെ ഇതിവൃത്തം.

പേള്‍ അടക്കം നിരവധി ആനിമേറ്റഡ് സീരീസുകള്‍ നെറ്റ്ഫ്‌ളിക്‌സ് റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിനോ ഡേകെയര്‍, ബൂണ്‍സ് ആന്‍ഡ് കേഴ്‌സസ് (Dino Daycare and Boons and Cursse) എന്നീ സീരിസുകളും നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞദിവസം വേണ്ടെന്നുവെച്ചു.

2022ന്റെ ആദ്യ ക്വാര്‍ട്ടര്‍ പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് 200,000 സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടപ്പെട്ടു, എന്ന റിപ്പോര്‍ട്ടുകളും കണക്കുകളും പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ സീരിസുകള്‍ റദ്ദാക്കിയതിന്റെ വാര്‍ത്തയും വന്നിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിന്റെ 50 ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് വാല്യൂവും കഴിഞ്ഞ മാസം ഇടിഞ്ഞിരുന്നു.

Content Highlight: Netflix cancels Meghan Markle’s animated series ‘Pearl’