ടെൽ അവീവ്: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയുടെ അറസ്റ്റ് ഭീഷണി നിലനിൽക്കെ ന്യൂയോർക്ക് സന്ദർശിക്കുമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് അനുസരിച്ച് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി നേരത്തെ പറഞ്ഞിരുന്നു.
താൻ ന്യൂയോർക്കിലേക്ക് വരുമെന്ന് ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്ക് ഫോറത്തിന് നൽകിയ വെർച്വൽ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
മംദാനിയുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മനസ് മാറി തങ്ങൾക്ക് നിലനിൽക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞാൽ അത് നല്ലൊരു ബന്ധത്തിന്റെ തുടക്കമായിരിക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി.
കഴിഞ്ഞ മാസം ഒരു അഭിമുഖത്തിൽ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ന്യൂയോർക്കിൽ വന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് മംദാനി പ്രതികരിച്ചിരുന്നു.
‘ഐ.സി.സി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച, ഗാസയിലെ വംശഹത്യയുടെ പേരിൽ ആരോപണമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഇത് മാനുഷിക പരിശുദ്ധിയുടെ വിശ്വാസത്തെ അപമാനിക്കുന്നതാണ്. ന്യൂയോർക്ക് നിവാസികളിൽ നിന്ന് ഞാൻ ഇതേക്കുറിച്ച് കേൾക്കുന്നുണ്ട്,’ മംദാനി പറഞ്ഞു.
രാഷ്ട്രീയം എങ്ങനെയാകണമെന്ന് കാണിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം മേയർ എന്ന നിലയിൽ തനിക്കുണ്ടെന്നും, അന്താരാഷ്ട്ര നിയമത്തിൽ വിശ്വസിക്കുന്ന ഒരു നഗരമാണ് ന്യൂയോർക്കെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നെതന്യാഹുവും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കുന്ന നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റിനെ വിന്യസിക്കുമെന്ന് മംദാനി നേരത്തെ പറഞ്ഞിരുന്നു.
സൊഹ്‌റാൻ മംദാനി ഇസ്രഈലിന്റെ നിലനിൽപ്പിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ ഇസ്രഈലിന് ഒരു ജൂത രാഷ്ട്രമാകാനുള്ള അവകാശമില്ല. മതത്തിന്റെയോ മറ്റ് ഘടകങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രമേ പൗരത്വം നൽകൂ എന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗസയിൽ ഇസ്രഈൽ നടത്തിയ തുടർച്ചയായ വംശഹത്യയ്ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും നെതന്യാഹുവാണ് ഉത്തരവാദിയെന്ന് ഹേഗ് ആസ്ഥാനമായുള്ള ഐ.സി.സി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. നെതന്യാഹുവാണ് ഉത്തരവാദിയെന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്നും ഐ.സി.സി വ്യക്തമാക്കിയിരുന്നു.
Content Highlight: Netanyahu to visit New York amid Mandani arrest threat