ജറുസലേം: സുരക്ഷാ-രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്കെതിരായ അഴിമതി കേസുകളിലെ വിചാരണ നടപടികള്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിവെയ്ക്കണമെന്ന ആവശ്യവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇറാനെതിരായ ഇസ്രഈല്‍-യു.എസ് സൈനിക നീക്കങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിചാരണ ഞായറാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ അഭിഭാഷകര്‍ ജറുസലേം ജില്ലാ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
മേഖലയിലെ നിലവിലുള്ള സങ്കീര്‍ണ്ണമായ സുരക്ഷാ സാഹചര്യവും മിഡില്‍ ഈസ്റ്റിലെ നയതന്ത്ര നീക്കങ്ങളും കാരണം അടുത്ത രണ്ടാഴ്ചത്തേക്ക് കോടതിയില്‍ ഹാജരാകാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് പ്രതിരോധ വകുപ്പ് കോടതിയെ അറിയിച്ചു.
ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അടങ്ങിയ സീല്‍ ചെയ്ത കവര്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ മറുപടി ലഭിച്ച ശേഷം കോടതി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തെത്തുടര്‍ന്നാണ് വിചാരണ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.
ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ യു.എസും ഇറാനും കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വിചാരണ ഞായറാഴ്ച പുനരാരംഭിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
2019 നവംബറില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട മൂന്ന് പ്രധാന കേസുകളിലാണ് നെതന്യാഹു വിചാരണ നേരിടുന്നത്. കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളത്.
ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് പ്രോസിക്യൂഷന്‍ ഈ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ആദ്യത്തെ കേസ് സമ്പന്നരായ വ്യവസായികളില്‍ നിന്ന് നെതന്യാഹുവും കുടുംബവും വിലകൂടിയ സമ്മാനങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സമ്മാനങ്ങള്‍ക്ക് പകരമായി വിവിധ കാര്യങ്ങളില്‍ അദ്ദേഹം അവര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍.
അനുകൂലമായ വാര്‍ത്തകള്‍ക്കായി ‘യെഡിയോത്ത് അഹ്‌റോണോത്ത്’ പത്രത്തിന്റെ പ്രസാധകനുമായി ഒത്തുകളിച്ചുവെന്ന കേസാണ് രണ്ടാമത്തേത്.
തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ നല്‍കുന്നതിന് പകരമായി, ‘വല്ല’ (Walla) ന്യൂസ് വെബ്‌സൈറ്റ് ഉടമയും ബെസെക് ടെലികോം കമ്പനി എക്‌സിക്യൂട്ടീവുമായ ഷാള്‍ എലോവിച്ചിന് സാമ്പത്തിക ലാഭമുണ്ടാക്കുന്ന രീതിയില്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തി എന്നതാണ് മൂന്നാമത്തെ കേസ്.
അധികാരത്തിലിരിക്കെ അഴിമതിക്കേസില്‍ കുറ്റാരോപിതനാകുന്ന ആദ്യ ഇസ്രഈല്‍ പ്രധാനമന്ത്രി കൂടിയാണ് നെതന്യാഹു. 2020ല്‍ ആരംഭിച്ച വിചാരണ പല കാരണങ്ങളാല്‍ നീണ്ടുപോവുകയാണ്.
വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2019ല്‍ ചുമത്തപ്പെട്ട കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.