നെതന്യാഹു യാത്ര തിരിച്ചു, യു.എ.ഇ സംഘം അമേരിക്കയില്‍, നിര്‍ണായക ഒപ്പു വെക്കല്‍ നാളെ
World News
നെതന്യാഹു യാത്ര തിരിച്ചു, യു.എ.ഇ സംഘം അമേരിക്കയില്‍, നിര്‍ണായക ഒപ്പു വെക്കല്‍ നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 12:37 pm

തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണിലേക്ക് യാത്ര തിരിച്ചു. യു.എ.ഇയുമായും ബഹ്‌റിനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവെക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണിലേക്ക് തിരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യു.എ.ഇ, ബഹ്‌റിന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും.

‘ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ നമുക്കായി,’ ക്യാബിനറ്റ് മന്ത്രിമാരാട് നെതന്യാഹു പറഞ്ഞു.

‘ ഇത് ഊഷ്മളമായ സമാധാനം ആയിരിക്കും, നയതന്ത്ര സമാധാനത്തിനു പുറമെ സാമ്പത്തിക സമാധാനവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാനവുമായിരിക്കും,’ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

നേരത്തെ സമാധാന ഉടമ്പടി ഒപ്പു വെക്കാന്‍ യു.എ.ഇ സംഘം അമേരിക്കയിലെത്തിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നയ്ഹ്യാനെ പ്രതിനിധീകരിച്ച് യു.എ.ഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് നഹ്യാനാണ് കരാറില്‍ ഒപ്പുവെക്കുക.

ബഹ്‌റിന്‍-ഇസ്രഈല്‍ ധാരണയെ ഒമാന്‍ സര്‍ക്കാര്‍ അഭിനന്ദിച്ചിരുന്നു. ബഹ്‌റിനും ഇസ്രഈലും ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി നാലു ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് കരാറുകളില്‍ ഒപ്പു വെക്കാനൊരുങ്ങുന്നത്.

ഇസ്രഈല്‍-യു.എ.ഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതില്‍ ഫലസ്തീന്‍ അറബ് ലീഗിനെതിരെ വിമര്‍ശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്റിനും കൂടി ഇസ്രഈലുമായി സൗഹൃദത്തിലാവുന്നത്.

ആഗസ്റ്റ് 13 നായിരുന്നു ഇസ്രഈലുമായി യു.എ.ഇ സമാധാന പദ്ധതിക്ക് ധാരണായത്. ഇസ്രഈലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമായിയിരുന്നു യു.എ.ഇ. വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നതില്‍ നിന്നും ഇസ്രഈല്‍ പിന്‍മാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT: Netanyahu heads to Washington to sign deals with UAE, Bahrain