നെതന്യാഹു ലോകത്തിന് ഭീഷണി; യൂറോപ്പും തിരിച്ചറിഞ്ഞുതുടങ്ങി: തുര്‍ക്കി
World News
നെതന്യാഹു ലോകത്തിന് ഭീഷണി; യൂറോപ്പും തിരിച്ചറിഞ്ഞുതുടങ്ങി: തുര്‍ക്കി
ആദർശ് എം.കെ.
Saturday, 11th July 2026, 6:14 pm

 

അങ്കാറ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങളും അദ്ദേഹത്തിന്റെ സര്‍ക്കാരും ഇസ്രഈലിനും പശ്ചിമേഷ്യന്‍ മേഖലയ്ക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും വലിയ ഭാരവും ഭീഷണിയാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കാന്‍ ഫിദാന്‍.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി നാഷണല്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രഈല്‍ ഭരണകൂടത്തിനെതിരായ വിമര്‍ശനമുന്നയിച്ചത്. നിലവിലെ ഇസ്രഈല്‍ സര്‍ക്കാര്‍ ആഗോള-മേഖലാ സ്ഥിരതയ്ക്ക് വലിയൊരു തടസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നെതന്യാഹു സര്‍ക്കാരിന്റെ നയങ്ങള്‍ ഞങ്ങള്‍ക്ക് (തുര്‍ക്കിക്ക്) മാത്രമല്ല പ്രശ്‌നം സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ നയങ്ങളും സര്‍ക്കാരും ഇസ്രഈലിനും ഈ മേഖലയ്ക്കും ഒരു ഭാരമാണ്, കൂടാതെ അന്താരാഷ്ട്ര സുരക്ഷയ്ക്ക് അതൊരു ഭീഷണിയുമാണ്. ഇസ്രഈല്‍ ഉയര്‍ത്തുന്ന ഈ അപകടത്തെക്കുറിച്ച് യൂറോപ്യന്‍ നേതാക്കള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിലും, ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല,’ ഫിദാന്‍ പറഞ്ഞു.

തുര്‍ക്കിയും ഇസ്രഈലും തമ്മില്‍ നിലനില്‍ക്കുന്ന വാക്‌പോരുകള്‍ ഒരു നേരിട്ടുള്ള സൈനിക സംഘട്ടനത്തിലേക്ക് നീങ്ങാനുള്ള സാധ്യത ഫിദാന്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. അങ്കാറയും ടെല്‍ അവീവും തമ്മില്‍ ‘തുറന്ന സംഘട്ടനത്തിന് യാതൊരു കാരണവുമില്ല,’ എന്ന് അദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ സമാധാനത്തിന്റെയും ജ്ഞാനത്തിന്റെയും നേതാവാണെന്നും അദ്ദേഹം ഒരു തരത്തിലുള്ള പ്രകോപനങ്ങളിലും വീഴില്ലെന്നും ഫിദാന്‍ കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് മേഖലയിലെ യുദ്ധം കാരണം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ഗസയില്‍ നിന്ന് മാറിയിരിക്കുകയാണെന്ന് ഫിദാന്‍ നിരീക്ഷിച്ചു. ഫലസ്തീനിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ മാനുഷിക സഹായം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇസ്രഈലിന് മേല്‍ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദം ചെലുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം ലോകരാജ്യങ്ങളെ ഓര്‍മിപ്പിച്ചു.

പ്രാദേശിക തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തുര്‍ക്കിക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് ഫിദാന്‍ ചൂണ്ടിക്കാട്ടി.

‘ഞങ്ങള്‍ക്ക് എല്ലാവരെയും അറിയാം, ഓരോ സംഘര്‍ഷത്തിന്റെയും ഗതിവിഗതികള്‍ ഞങ്ങള്‍ക്ക് അറിയാം. അതിനാല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കാനും അവ തടയാന്‍ സഹായിക്കാനും തുര്‍ക്കിക്ക് മികച്ച രീതിയില്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും പൂര്‍ണമായി അംഗീകരിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷയുടെ പേര് പറഞ്ഞ് ഇസ്രഈല്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തുന്നതുപോലെ തന്നെയാണ് ഇറാന്‍ തങ്ങളുടെ പ്രോക്‌സികളെ (നിഴല്‍ സൈന്യങ്ങളെ) വിവിധ രാജ്യങ്ങളില്‍ വിന്യസിക്കുന്നതിലൂടെ ചെയ്യുന്നതെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി നിരീക്ഷിച്ചു.

മേഖലയിലെ എല്ലാ കക്ഷികളുടെയും സുരക്ഷയും പരമാധികാരവും ഉറപ്പാക്കുന്ന പുതിയൊരു സുരക്ഷാ ധാരണ ഉണ്ടായാല്‍, ഇറാന്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ നിന്ന് പിന്മാറുമെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മേഖലയിലെ പ്രോക്‌സി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും ദേശീയ പരമാധികാരത്തിന് മുന്‍ഗണന നല്‍കുന്നതിനുമുള്ള ഒരു പുതിയ സുരക്ഷാ ചട്ടക്കൂടിനായും അദ്ദേഹം വാദിച്ചു.

അടുത്തിടെയുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടയിലും, യു.എസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമെന്ന പ്രത്യാശ ഫിദാന്‍ പ്രകടിപ്പിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് അവസാനിച്ചുവെന്ന് അവകാശപ്പെട്ടിട്ടും കരാര്‍ തുടരുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് പ്രശ്‌നത്തിന്റെ പ്രധാനകാരണം തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷം ലഘൂകരിക്കുക എന്നത് മാത്രമാണ് ഏക പോംവഴിയെന്നും, ഇരുപക്ഷവും വെടിനിര്‍ത്തലിനും സമാധാന കരാറിനുമായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: Netanyahu government is a threat to international security: Turkish Foreign Minister Hakan Fidan

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.