ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇസ്രഈലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റ് തലവന്‍ റോണന്‍ ബാര്‍. നെതന്യാഹു അദ്ദേഹത്തിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ താത്പര്യങ്ങള്‍ക്ക് വേണ്ടി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചെന്നും താന്‍ അത് തടയാന്‍ ശ്രമിച്ചതിനാലാണ് തന്നെ പദവിയില്‍ നിന്ന് പുറത്താക്കിയതെന്നും റോണന്‍ ബാര്‍ പറഞ്ഞു.
കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ രഹസ്യമൊഴിയിലാണ് ഷിന്‍ ബെറ്റ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രഈലികള്‍ക്കെതിരെ ഷിന്‍ ബെറ്റ് നടപടിയെടുക്കണമെന്ന് നെതന്യാഹു തന്നോട് പരോക്ഷമായി സൂചിപ്പിച്ചിരുന്നതായും ബാര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നവരെ നിരീക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാനും നെതന്യാഹു പറഞ്ഞതായി റോണന്‍ ബാര്‍ അവകാശപ്പെട്ടു.
ഇതിന് പുറമെ കൈക്കൂലി, വഞ്ചന, പൊതുജന വിശ്വാസലംഘനം എന്നീ കുറ്റങ്ങളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിനെ അതില്‍ നിന്ന് ഒഴിവാക്കാനുള്ള അഭ്യര്‍ത്ഥനയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായും എന്നാല്‍ താന്‍ വിസമ്മതിച്ചതായും ഷിന്‍ ബെറ്റ് മേധാവി സത്യവാങ്മൂലത്തില്‍ പറഞ്ഞു.
എന്നാല്‍ റോണന്‍ ബാറിന്റെ സത്യവാങ്മൂലം കള്ളങ്ങള്‍ നിറഞ്ഞതാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. ഹമാസ് ഇസ്രഈലിനെ ആക്രമിച്ചപ്പോള്‍ അത് തടയുന്നതില്‍ റോണര്‍ ബാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപിച്ചു.
ബാറിനെ പുറത്താക്കാനുള്ള നീക്കം പ്രധാനമന്ത്രിയുടെ ഓഫീസും ഖത്തറും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന വാദവും ഓഫീസ് നിഷേധിച്ചു.
2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നെതന്യാഹു സുരക്ഷ ഏജന്‍സി മേധാവിയെ പുറത്താക്കിയത്. എന്നാല്‍ റോണന്‍ ബാറിനെ പുറത്താക്കിയ നെതന്യാഹു ഭരണകൂടത്തിന്റെ ഉത്തരവ് ഇസ്രഈല്‍ സുപ്രീം കോടതി താത്കാലികമായി മരവിപ്പിച്ചു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെക്കുറിച്ച് ഷിന്‍ ബെറ്റ് നടത്തിയ അന്വേഷണത്തില്‍ ഇസ്രഈല്‍ സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും വീഴ്ച്ചകളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലുണ്ടായിരുന്നു. ഇതാണ് റോണന്‍ ബാറിനെ പുറത്താക്കിയതിന് പിന്നിലെ കാരണമെന്നാണ് സൂചന.
നെതന്യാഹുവിന്റെ പല നയങ്ങളും, ഹമാസിന് ലഭിക്കുന്ന ധനസഹായങ്ങളില്‍ കണ്ണടച്ചതും ഒകടോബര്‍ ഏഴിലെ ആക്രമണത്തിന് കാരണമായെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഹമാസിന് ഖത്തറിന്റെ ധനസഹായം ലഭിച്ചത് ഇസ്രഈലിന്റെ അറിവോടെയായിരുന്നു.