അന്താരാഷ്ട്ര സമൂഹം കടുത്ത സമ്മർദം ചെലുത്തിയാൽ നെതന്യാഹുവിനെ തടയാൻ കഴിയും: എർദോഗൻ
World
അന്താരാഷ്ട്ര സമൂഹം കടുത്ത സമ്മർദം ചെലുത്തിയാൽ നെതന്യാഹുവിനെ തടയാൻ കഴിയും: എർദോഗൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th November 2025, 11:47 am

ഇസ്താബുൾ: ഇസ്രഈലിനുമേൽ അന്താരാഷ്ട്ര സമൂഹം ശക്തമായ സമ്മർദം ചെലുത്തണമെന്ന് ആവർത്തിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഇസ്രഈലിന് മുകളിൽ അന്താരാഷ്ട്ര സമൂഹത്തിന് ശക്തമായ ഉപരോധം ഏർപ്പെടുത്താൻ കഴിഞ്ഞാൽ നെതന്യാഹുവിനെ തടയാൻ കഴിയുമെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു.

ഗസയിൽ വെടിനിർത്തൽ പൂർണമായും നടപ്പാക്കണമെന്നും . ഗസയിലെ ഇസ്രഈലിന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ ദൃഢനിശ്‌ചയത്തോടെയും സ്ഥിരതയോടെയുമുള്ള ഉപരോധം ഇസ്രഈലിന്‌ മുകളിൽ അന്താരാഷ്ട്ര സമൂഹത്തിന് ഏർപ്പെടുത്താൻ കഴിഞ്ഞാൽ നെതന്യാഹുവിനെ തടയാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഗസയിലെ ജനങ്ങൾ ഒരു മാനുഷിക ദുരന്തത്തിനെതിരെ പോരാടുകയാണെന്നും ഈ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും എർദോഗൻ പറഞ്ഞു.

ഗസയിലേക്ക് തടസമില്ലാതെ മാനുഷിക സഹായങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു എർദോഗൻ.

ഗസയിൽ ഇസ്രഈൽ നടത്തിയ വെടിനിർത്തൽ ലംഘനങ്ങളെക്കുറിച്ചും എർദോഗാൻ ചൂണ്ടിക്കാട്ടി.

‘ഇസ്രഈൽ വെടിനിർത്തൽ ലംഘനങ്ങൾ നടത്തുമ്പോഴും ഹമാസ് ക്ഷമ കാണിക്കുകയും വെടിനിർത്തൽ കരാർ പാലിക്കുകയും ചെയ്യുന്നുണ്ട്. ഈ വെടിനിർത്തൽ പൂർണമായി നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

മേഖലയിലെ സുരക്ഷയ്ക്കെതിരെ ഭീഷണിയുണ്ടായാൽ തുർക്കി നടപടിയെടുക്കുമെന്നും എർദോഗാൻ മുന്നറിയിപ്പ് നൽകി.

‘നമ്മുടെ രാജ്യത്തിന്റെ ദേശീയ സുരക്ഷയുടെ കാര്യത്തിൽ നമ്മൾ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് എല്ലാവർക്കും അറിയാം. സമാനമായ ഒരു അപകടം വീണ്ടും നേരിടുകയാണെങ്കിൽ ഞങ്ങൾ ആവശ്യമായ നടപടിയെടുക്കും,’ അദ്ദേഹം പറഞ്ഞു

ഫലപ്രദമായി പ്രവർത്തിക്കുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടതിനെയും എർദോഗാൻ വിമർശിച്ചു. ശൈത്യകാലം അടുക്കുകയാണെന്നും കൂടുതൽ രൂക്ഷമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് ഗസ നീങ്ങുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇത് പരിഹരിക്കുന്നതിനായി യു.എൻ ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Netanyahu can be stopped if international community applies strong pressure: Recep Tayyip Erdogan