ന്യൂയോര്‍ക്ക്: അറസ്റ്റ് ഭയന്ന് യൂറോപ്യന്‍ വ്യോമപാതയിലൂടെയുള്ള യാത്ര ഒഴിവാക്കി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തിനായി ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കായാണ് നെതന്യാഹു വളഞ്ഞ പാത സ്വീകരിച്ചത്.
പൊതുവെ ഇസ്രഈലില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്രചെയ്യാനെടുക്കുന്ന സമയത്തേക്കാള്‍ രണ്ട് മണിക്കൂര്‍ അധികമെടുത്തായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ യാത്ര.
ഗസയിലെ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റത്തിന്റെയും പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ് നെതന്യാഹുവിനെതിരെ നിലനില്‍ക്കുന്നുണ്ട്. 2024ല്‍ നവംബറിലാണ് ഐ.സി.സി നെതന്യാഹുവിനും മുന്‍ ഇസ്രഈല്‍ പ്രതിരോധമന്ത്രി യോവ് ഗലാന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

തങ്ങളുടെ വ്യോമപാതയില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് നെതന്യാഹു അസാധാരണമായ പാത സ്വീകരിച്ചത്. ഐ.സി.സിയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ നീക്കം നെതന്യാഹുവിനെ ഭയപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ യാത്രപാതയിലെ വ്യതിയാനം സൂചിപ്പിക്കുന്നത്.
നെതന്യാഹു തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് അയര്‍ലാന്റ് അറിയിച്ചിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് ഫ്രാന്‍സും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കസ്റ്റഡിയിലെടുക്കില്ലെന്നായിരുന്നു ഫ്രാന്‍സിന്റെ നിലപാട്. അതേസമയം, അത്തരത്തിലൊരു നീക്കം സാധ്യമാണോ എന്നായിരുന്നു ഇറ്റലി ചോദിച്ചത്. എന്നാല്‍, നെതന്യാഹു യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ പ്രവേശിക്കില്ലെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.



