പൊതുതെരഞ്ഞെടുപ്പിന് ഇനി 'നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി'; നേപ്പാളിലെ പത്ത് ഇടതുപാര്‍ട്ടികള്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയായി
World
പൊതുതെരഞ്ഞെടുപ്പിന് ഇനി 'നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി'; നേപ്പാളിലെ പത്ത് ഇടതുപാര്‍ട്ടികള്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2025, 10:55 pm

കാഠ്മണ്ഡു: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നേപ്പാളിലെ പത്ത് ഇടതുപാര്‍ട്ടികള്‍ ലയിച്ച് ഒറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കി.

സി.പി.എന്‍ (മാവോയിസ്റ്റ് സെന്റര്‍), സി.പി.എന്‍ (യൂണിഫൈഡ് സോഷ്യലിസ്റ്റ്) എന്നിവയുള്‍പ്പെടെയുള്ള പത്ത് നേപ്പാളി പാര്‍ട്ടികളാണ് ബുധനാഴ്ച ലയിച്ചത്.

ഏകീകൃത ഇടത് പാര്‍ട്ടി ഇനി ‘നേപ്പാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ എന്നറിയപ്പെടും.  നക്ഷത്രമായിരിക്കും തെരഞ്ഞെടുപ്പ് ചിഹ്നം.

സി.പി.എന്‍ (മാവോയിസ്റ്റ് സെന്റര്‍) ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പകമാല്‍ ദഹാല്‍ പ്രചണ്ഡ പുതിയ പാര്‍ട്ടിയുടെ കോര്‍ഡിനേറ്ററാകും. സി.പി.എന്‍ (യൂണിഫൈഡ് സോഷ്യലിസ്റ്റ്) മേധാവി മാധവ് കുമാര്‍ നേപ്പാള്‍ കോഡിനേറ്ററാകും.

സി.പി.എന്‍ (മാവോയിസ്റ്റ് സെന്റര്‍), സി.പി.എന്‍(യൂണിഫൈഡ് സോഷ്യലിസ്റ്റ്), നേപ്പാള്‍ സമാജ്ബാദി, സിപിഎന്‍ (സോഷ്യലിസ്റ്റ്), ജനസമാജ് വാദി പാര്‍ട്ടി നേപ്പാള്‍, നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സിപിഎന്‍ (മാവോയിസ്റ്റ് സോഷ്യലിസ്റ്റ്), സി.പി.എന്‍ സാമ്യബാദി, ഗോപാല്‍ കിരാതിയുടെ ദേശ്ഭക്ത സമാജ്ബാദി മോര്‍ച്ച എന്നിവയാണ് ലയനം പ്രഖ്യാപിച്ച പാര്‍ട്ടികള്‍.

ഭൃകുടിമണ്ഡപില്‍ നടന്ന ബഹുജനറാലിയെ സാക്ഷിയാക്കിയായിരുന്നു ലയനം. പാര്‍ട്ടി മാര്‍ക്‌സിസം-ലെനിനിസത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യയശാസ്ത്രമായി പിന്തുടരുമെന്നും ആറ് മാസത്തിനകം ദേശീയ സമ്മേളനം സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു.

ഈ നീക്കം രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുക മാത്രമല്ല അഭൂതപൂര്‍വമായ ദേശീയ പ്രതിസന്ധിയുടെ സമയത്ത് ദേശീയ ഐക്യത്തിന് അടിത്തറയിടുകയും ചെയ്യുമെന്ന് ലയന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രചണ്ഡ പറഞ്ഞു.

ഈ ലയന തീരുമാനത്തോടെ മാവോയിസ്റ്റ് സെന്റര്‍ പേരില്‍ നിന്നും ‘മാവോയിസ്റ്റ്’ എന്ന പദം ഒഴിവാക്കി. നേപ്പാളില്‍ അടുത്തിടെ നടന്ന ജെന്‍ സി പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലയന തീരുമാനം.

അതേസമയം, ലയന തീരുമാനത്തിനെതിരെ മറ്റ് ഇടതുപാര്‍ട്ടികളും രംഗത്തെത്തി. ജനാര്‍ദനന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സെന്ററിലെ ഒരു വിഭാഗം ഏകീകരണത്തെ എതിര്‍ക്കുകയും സ്വതന്ത്രരായി മത്സരിക്കുമെന്നും അറിയിച്ചു.

നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട മുന്‍പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി നയിക്കുന്ന സി.പി.എന്‍- യു.എം.എല്ലും ലയനത്തില്‍ പങ്കാളികളായിട്ടില്ല.

മുന്‍ യു.എം.എല്‍ നേതാവ് ഭീം റാവലും ലയനത്തോട് സഹകരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ പുതിയ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും പ്രചണ്ഡ അറിയിച്ചു.

അടുത്തവര്‍ഷം മാര്‍ച്ച് അഞ്ചിനാണ് നേപ്പാളിലെ പൊതുതെരഞ്ഞെടുപ്പ്.

Content Highlight: ‘Nepali Communist Party’; Ten leftist parties in Nepal merge to form a single party