കളം വിടുന്നത് അഭിമാനം വിജയവുമായി; സ്‌കോട്ലാന്‍ഡിനെ പരാജയപ്പെടുത്തി നേപ്പാള്‍
Cricket
കളം വിടുന്നത് അഭിമാനം വിജയവുമായി; സ്‌കോട്ലാന്‍ഡിനെ പരാജയപ്പെടുത്തി നേപ്പാള്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 17th February 2026, 10:44 pm

ടി-20 ലോകകപ്പിലെ സി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌കോട്ലാന്‍ഡിനെ പരാജയപ്പെടുത്തി നേപ്പാള്‍. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് നേപ്പാള്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് ആദ്യ ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് സ്‌കോട്ലാന്‍ഡ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു നേപ്പാള്‍. ഇതോടെ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അഭിമാന വിജയവുമായാണ് നേപ്പാള്‍ കളം വിടുന്നത്. ലേകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും നേപ്പാളിന് ഒരു വിജയം പോലും സ്വന്തമാക്കാന്‍ സാധിച്ചില്ലായിരുന്നു. എന്നിരുന്നാലും ഇംഗ്ലണ്ടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു മികച്ച പ്രകടനം നേപ്പാള്‍ രേഖപ്പെടുത്തിയിരുന്നു.

അതേസമയം സ്‌കോട്ലാന്‍ഡിനെതിരായ മത്സരത്തില്‍ നേപ്പാളിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ദീപേദ്ര സിങ് ഐറിയാണ്. 23 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 50 റണ്‍സ് നേടി പുറത്താകാതെയാണ് താരം ബാറ്റ് ചെയ്തത്. ഓപ്പണര്‍ കുശാല്‍ ബുര്‍ട്ടല്‍ 35 പന്തില്‍ നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 43 റണ്‍സും നേടി മികവ് പുലര്‍ത്തി.

ഗുല്‍ഷന്‍ ജോ 17 പന്തില്‍ 24 റണ്‍സും നേടിയ പുറത്താകാതെ നിന്നു. അതേസമയം സ്‌കോട്ലാന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റുകളും നേടിയത് മൈക്കിള്‍ ലീസ്‌കാണ്.

സ്‌കോട്ലാന്‍ഡിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ മൈക്കിള്‍ ജോണ്‍സാണ്. 45 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം അടിച്ചെടുത്തത്. 29 പന്തില്‍ 27 റണ്‍സ് നേടിയ ഓപ്പണര്‍ ജോര്‍ജ് മന്‍സെയ് ആണ് രണ്ടാം ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സംഭാവനകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചല്ല.

നേപ്പാളിന് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ സോമ്പല്‍ കാമിയാണ് ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത്. നന്ദന്‍ യാദവ് രണ്ട് വിക്കറ്റും രോഹിത് പൗഡല്‍, കുശാല്‍ ബ്രുട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Nepal Win Their Last Match Against Scotland In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ