നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ മോദിയുടെ കോലം കത്തിച്ചു
Daily News
നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ മോദിയുടെ കോലം കത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2015, 12:59 am

nepal-01നേപ്പാളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ കോലം കത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തെ പ്രശസ്തി പിടിച്ചുപറ്റാന്‍ വേണ്ടി ഉപയോഗിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെയും ഇന്ത്യന്‍ സൈന്യത്തിന്റെയും സമീപനത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ മോദിയുടെ കോലം കത്തിച്ചിരിക്കുന്നത്.

സണ്‍സാരി ജില്ലയിലെ ഇതരിയിലായിരുന്നു ചില രാഷ്ട്രീയ കക്ഷികളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മോദിയുടെ കോലം കത്തിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരത്താണ് മോദിയുടെ കോലം കത്തിച്ച ഇതരി.

മെയ് അഞ്ച് ചെവ്വാഴ്ച രാവിലെയായിരുന്നു വിദ്യാര്‍ത്ഥികള്‍ മോദിയുടെ കോലം കത്തിച്ചത്. യുനൈറ്റഡ് മാര്‍സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി, നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, വിദ്യാര്‍ത്ഥി യൂണിയന്‍ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് മോദിയുടെ കോലം കത്തിച്ചത്.

മോദിയുടെ പ്രശസ്തി വര്‍ധിപ്പിക്കാന്‍ ഭൂകമ്പം പോലും ഉപയോഗിക്കുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്ത വന്നിരുന്നത്. മോദിയെ സ്തുതിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ ഭൂകമ്പം കൈകാര്യം ചെയ്ത രീതി നേരത്തെ തന്നെ വന്‍വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തിലും നേപ്പാള്‍ സൈന്യവുമായി ചേര്‍ന്നും ജോലി ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം വിസമ്മതിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഭൂകമ്പഭാധിതരെ സഹായിക്കുന്നതിലപ്പുറം ഇന്ത്യന്‍ സൈന്യം തന്ത്രപ്രധാനമായ നേപ്പാള്‍-ചൈന അതിര്‍ത്തി പ്രദേശങ്ങളെ ലക്ഷ്യം വെച്ച് വിമാനം പറത്താനാണ് ഉത്സാഹിച്ചതെന്നും ടെലിഗ്രാഫ് നേപ്പാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ സൈന്യവും പൂര്‍ണ ആയുധധാരികളായ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയും നേപ്പാളിന്റെ ആഭ്യന്തര സമഗ്രതയ്ക്ക് ഭീഷണിയാകുന്ന ജോലിയിലായിരുന്നു ഏര്‍പ്പെട്ടിരുന്നതെന്നും അതുകൊണ്ടാണ് ഇന്ത്യന്‍ സൈന്യത്തോട് രാജ്യം വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെതെന്നും വിദ്യാര്‍ത്ഥികളെ അധികരിച്ച് ടെലിഗ്രാഫ് നേപ്പാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനം, ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് നേപ്പാള്‍ സൈന്യം

ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് നേപ്പാള്‍

ദേ ഞങ്ങള്‍ പുറപ്പെട്ടു, വേണമെങ്കില്‍ ഒരുവര്‍ഷം മുമ്പേ പുറപ്പെടാം; ആര്‍.എസ്.എസിന്റെ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


ഏപ്രില്‍ 25 ന് ആയിരുന്നു നേപ്പാളില്‍ നിരവധിപ്പേരുടെ ജീവനപഹരിച്ച ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്യരാജ്യങ്ങളുടെ സമീപനം പ്രശസ്തിക്കു വേണ്ടിയുപയോഗിക്കുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. തുടര്‍ന്ന് അന്യരാജ്യങ്ങള്‍ രാജ്യം വിട്ടുപോവാന്‍ നേപ്പാളിന് അഭ്യര്‍ത്ഥിക്കേണ്ടി വരികയായിരുന്നു.