നേപ്പാളിലെ ജെന്‍ സി പ്രതിഷേധം; ആഭ്യന്തരമന്ത്രി രാജിവെച്ചു
Trending
നേപ്പാളിലെ ജെന്‍ സി പ്രതിഷേധം; ആഭ്യന്തരമന്ത്രി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th September 2025, 8:48 pm

കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ നിരോധത്തിനെതിരെ പ്രക്ഷോഭം കനത്തതോടെ രാജിവെച്ച് നേപ്പാള്‍ ആഭ്യന്തരമന്ത്രി രമേശ് ലേഖക്. പ്രതിഷേധത്തിനിടെ 20 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് ലേഖക്കിന്റെ രാജി. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയാണെന്ന് രമേശ് ലേഖക് അറിയിച്ചു.

ഇന്ന് (തിങ്കള്‍) വൈകുന്നേരത്തോടെ നടന്ന മന്ത്രിസഭാ യോഗത്തില്‍ രമേശ് ലേഖക് രാജിക്കത്ത് സമര്‍പ്പിച്ചതായി ഒരു മുതിര്‍ന്ന മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിക്ക് ലേഖക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്നെ രാകേഷ് ലേഖക് രാജി സന്നദ്ധത അറിയിച്ചിരുന്നു. പ്രതിഷേധത്തില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അദ്ദേഹം രാജിവെക്കുകയും ചെയ്തു.

‘ജീവഹാനി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ലേഖക് രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ജെന്‍ സി പ്രതിഷേധത്തില്‍ അന്വേഷണത്തിനായി നേപ്പാള്‍ കാബിനറ്റ് പ്രത്യേക സംഘത്തെ നിയോഗിച്ചു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്ക്കും രാജി സമ്മര്‍ദമുണ്ട്.

ഇന്ന് രാവിലെയോടെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. യുവാക്കള്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം ഉപയോഗിക്കുകയും ചെയ്തിരുന്നു. നിലവില്‍ രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിലായി 400ഓളം ആളുകളാണ് ചികിത്സയിലുള്ളത്.

ബുത്വാള്‍, ഭൈരഹവ, ഇറ്റഹാരി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ നിലവിലുണ്ട്. പാര്‍ലമെന്റ് പരിസരങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തലസ്ഥാന നഗരിയായ കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചിട്ടുമുണ്ട്.

രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് നേപ്പാളിലെ കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍ രാജ്യത്ത് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിച്ചത്. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് ഉള്‍പ്പടെ 26 പ്ലാറ്റ്‌ഫോമുകളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടത്.

നിശ്ചിത സമയത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചതെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റെ വിശദീകരണം.

Content Highlight: Nepal’s Home Minister resigns over Gen Z protests