കാഠ്മണ്ഡു: ഇന്ത്യ കയ്യടക്കിവെച്ചുവെന്ന് നേപ്പാള്‍ ആരോപിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ നോട്ട് പുറത്തിറക്കി നേപ്പാള്‍ രാഷ്ട്ര ബാങ്ക് (എന്‍.ആര്‍.ബി). തര്‍ക്കങ്ങളും വിവാദങ്ങളും നിലനില്‍ക്കുന്ന കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നൂറ് രൂപയുടെ നേപ്പാളീസ് കറന്‍സിയാണ് എന്‍.ആര്‍.ബി പുറത്തിറക്കിയിരിക്കുന്നത്.
ഈ നോട്ടില്‍ പഴയ ഗവര്‍ണര്‍ മഹാ പ്രസാദ് അധികാരിയുടെ ഒപ്പ് ഉണ്ട്. നോട്ട് പുറത്തിറങ്ങിയ ദിവസത്തെ 2081 BS എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 2024നെ സൂചിപ്പിക്കുന്നതാണ്.
നൂറ് നേപ്പാളീസ് രൂപയുടെ കറന്‍സി
കെ.പി. ശര്‍മ ഒലി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നേപ്പാള്‍, കാലാപാനി, ലിപുലേക്, ലിംപിയാധുര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ച തങ്ങളുടെ ഭൂപടം പുറത്തിറക്കിയിരുന്നു. 2020 മെയ് മാസത്തിലെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അംഗീകാരത്തോടെയായിരുന്നു ഈ നീക്കം.
നേരത്തെ പുറത്തിറക്കിയിരുന്ന നൂറ് രൂപയുടെ കറന്‍സികളിലും നേപ്പാളിന്റെ ഭൂപടമുണ്ടായിരുന്നുവെന്നും സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പരിഷ്‌കരിക്കുകയായിരുന്നുവെന്നുമാണ് എന്‍.ആര്‍.ബി വക്താവ് പറയുന്നത്.
10, 50, 500, 1000 അടക്കമുള്ള കറന്‍സികള്‍ നേപ്പാള്‍ രാഷ്ട്ര ബാങ്ക് പുറത്തിറക്കുന്നുണ്ടെന്നും നൂറ് രൂപയുടെ കറന്‍സിയില്‍ മാത്രമാണ് ഇത്തരത്തില്‍ രാജ്യത്തിന്റെ ഭൂപടം ആലേഖനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ നേപ്പാള്‍ തങ്ങളുടെ ഭൂപടത്തിന്റെ ഭാഗമാക്കിയ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്നാണ് ഇന്ത്യ വാദിക്കുന്നത്. 2020ല്‍ നേപ്പാള്‍ തങ്ങളുടെ ഭൂപടം പരിഷ്‌കരിച്ചപ്പോള്‍ ഇന്ത്യ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. നേപ്പാളിന്റേത് തീര്‍ത്തും ഏകപക്ഷീയമായ നടപടിയെന്നായിരുന്നു ഇന്ത്യയുടെ വിമര്‍ശനം. ഇത്തരത്തിലുള്ള നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യ പറഞ്ഞിരുന്നു.
നേപ്പാള്‍ പുറത്തിറക്കിയ നോട്ടിന്റെ ഇടതുഭാഗത്ത് എവറസ്റ്റ് കൊടുമുടിയും വലതുഭാഗത്ത് നേപ്പാളിന്റെ ദേശീയ പുഷ്പവും ആലേഖനം ചെയ്തിരിക്കുന്നു. നടുവില്‍ ഇളം പച്ച നിറത്തിലാണ് നേപ്പാളിന്റെ ഭൂപടം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ബുദ്ധന്റെ ജന്മസ്ഥലമായി ലുംബിനി എന്ന എഴുത്തിനൊപ്പം അശോകസ്തംഭവും നോട്ടിലുണ്ട്. നോട്ടിന്റെ മറുവശത്ത് ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിങ്ങനെ അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി 1,850 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാള്‍.
ആഴ്ചകള്‍ക്ക് മുമ്പ് കറന്‍സി അച്ചടി ഇന്ത്യയില്‍ നിന്നും പൂര്‍ണമായും ചൈനയിലേക്ക് നേപ്പാള്‍ മാറ്റിയിരുന്നു. ഏറ്റവും പുതുതായി ആയിരം രൂപയുടെ 430 മില്യണ്‍ നോട്ടുകള്‍ അച്ചടിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാള്‍ രാഷ്ട്ര ബാങ്ക്, ചൈന ബാങ്ക് നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന് കത്ത് നല്‍കിയിരുന്നു.
ഇതുവഴി 16.985 മില്യണ്‍ ഡോളറാണ് നേപ്പാളില്‍ നിന്ന് ചൈനീസ് സമ്പദ്‌വ്യവസ്ഥയിലേക്കെത്തുക. ഒരു കാലത്ത് ഇന്ത്യയെ മാത്രമായിരുന്നു നേപ്പാള്‍ തങ്ങളുടെ കറന്‍സി അച്ചടിക്കായി ആശ്രയിച്ചിരുന്നത്.