വീണ്ടും വിശ്വാസ വോട്ട് നേടി നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ
World
വീണ്ടും വിശ്വാസ വോട്ട് നേടി നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 8:40 am

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ തിങ്കളാഴ്ച പാർലമെൻ്റിൽ വിശ്വാസവോട്ട് നേടി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിലെ (മാവോയിസ്ററ് പാർട്ടി) മുൻ ഗറില്ല നേതാവും 69 കാരനുമായ പ്രചണ്ഡയ്ക്ക് 275 അംഗ ജനപ്രതിനിധി സഭയിൽ നിന്ന് 157 വോട്ടുകളാണ് ലഭിച്ചത്.

ആകെ 158 നിയമസഭാംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. അതിൽ 157 വോട്ട് നേടിയ അദ്ദേഹത്തിന് പാർലമെൻ്റിൽ ഭൂരിപക്ഷം ലഭിച്ചതിനാൽ വിശ്വാസവോട്ടിൽ വിജയിച്ചതായി സ്പീക്കർ ദേവ് രാജ് ഗിമിരെ അറിയിച്ചു.

എന്നാൽ പ്രധാന പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് വോട്ടിങ് പ്രക്രിയ ബഹിഷ്കരിച്ചു.

സഹകരണ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ റാബി ലാമിചനെയ്‌ക്കെതിരെ പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇത് വോട്ടിങ് വൈകുന്നതിന് കാരണമായി.

സഖ്യകക്ഷികളിൽ ഒരാളായ ജനതാ സമാജ്‌ബാദി പാർട്ടി സഖ്യസർക്കാരിൽ നിന്ന് പുറത്തുപോയിരുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ സർക്കാരിനുള്ള പിന്തുണ അവർ കഴിഞ്ഞയാഴ്ച പിൻവലിച്ചു, തൊട്ടുപിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്.

വിശ്വാസവോട്ട് നേടുന്നതിന് സർക്കാരിന് കുറഞ്ഞത് 138 വോട്ടുകൾ ആവശ്യമാണ്.

നേരത്തെ, അഴിമതിയിൽ ശ്രീ. ലാമിച്ചാനെയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ പാർലമെൻ്ററി അന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളി കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇത് കാരണമാണ് വോട്ടെടുപ്പ് വൈകിയത്.

2022 ഡിസംബറിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ് 18 മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് പ്രചണ്ഡ സഭയിൽ വിശ്വാസവോട്ട് തേടുന്നത്.
ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച്, ഒരു സഖ്യകക്ഷി ഭരണസഖ്യത്തിനുള്ള പിന്തുണ പിൻവലിക്കുകയാണെങ്കിൽ അതിന് ശേഷം പ്രധാനമന്ത്രി വിശ്വാസവോട്ട് തേടണം.

കഴിഞ്ഞ വർഷം, മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സി.പി.എൻ-യു.എം.എൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനെത്തുടർന്നും അദ്ദേഹം വിശ്വാസവോട്ട് നേരിട്ടിരുന്നു. അന്ന് 275 പാർലമെന്റ് അംഗങ്ങളിൽ 270 പേരും വോട്ടിങ്ങിൽ പങ്കെടുക്കുകയും അദ്ദേഹത്തിന് 268 വോട്ടുകൾ ലഭിക്കുകയും ചെയ്തിരുന്നു.

 

Content Highlight: Nepal prime minister Prachanda wins vote of confidence in Parliament