നേപ്പാളില്‍ അടവ് മാറ്റി ശര്‍മ ഒലി; പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കാനുള്ള ഒലിയുടെ പുതിയ തന്ത്രം
World News
നേപ്പാളില്‍ അടവ് മാറ്റി ശര്‍മ ഒലി; പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കാനുള്ള ഒലിയുടെ പുതിയ തന്ത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 10:36 pm

കാഠ്മണ്ഡു: ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി ശര്‍മ ഒലിക്കെതിരെ എതിര്‍പ്പ് ശക്തപ്പെട്ടു വരുന്ന സാഹചര്യത്തില്‍ നിലനില്‍പ്പിനായി പുതിയ തന്ത്രം മെനഞ്ഞ് ഒലി.

പ്രധാനമന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റുകയാണെങ്കില്‍ തനിക്ക് പകരം എത്തേണ്ടത്
പാര്‍ട്ടിയുടെ സി.പി.എന്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) വിഭാഗത്തില്‍ നിന്നായിരിക്കണമെന്നാണ് ഒലി വെച്ചിരിക്കുന്ന നിര്‍ദ്ദേശം. സി.പി.എന്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) വിഭാഗത്തിന്റെ നേതാവാണ് ഒലി.

വ്യാഴാഴ്ച പുഷ്പ കമല്‍ ദഹലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഒലി നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. ഒലിയുടെ ഈ നീക്കത്തെ എതിരാളികളായ നേതാക്കള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനുള്ള പുതിയ ശ്രമമായാണ് കണക്കാക്കപ്പെടുന്നത്.

ഒലിക്ക് പകരക്കാരനായി ഉയര്‍ന്നുവന്ന പേര് സി.പി.എന്‍ (മാവോയിസ്റ്റ് സെന്റര്‍) നേതാവ് പുഷ്പ കമല്‍ ദഹലിന്റേതാണ്.

ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഒലിയുടെ പുതിയ തന്ത്രമെന്നാണ് വ്യപകമായി വിലയിരുത്തപ്പെടുന്നത്.

2018 ല്‍ ഇരുപാര്‍ട്ടികളും ലയിച്ചാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്.

പുഷ്പ കമല്‍ ദഹലുമായി 50-50 അധികാരം പങ്കിടല്‍ കരാറില്‍ അധികാരത്തിലെത്തിയ ഒലി 2019 നവംബറില്‍ വീണ്ടും ചര്‍ച്ച നടത്തി ഇത് പുനഃക്രമീകരിച്ചു. ദഹാലിനെ എന്‍.സി.പിയുടെ നടത്തിപ്പിന് ചുമതലപ്പെടുത്തുകയും
ഒലി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്തു.

ഈ അടുത്ത് പാര്‍ട്ടിക്കകത്തു നിന്ന് ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരുന്നു.
തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് താഴേയിറക്കാന്‍ പാര്‍ട്ടിക്കുള്ളി തന്നെ തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്ന് ഒലിയും ആരോപിച്ചിരുന്നു.  എതിര്‍പ്പുകള്‍ ശക്തപ്പെടുന്ന സാഹചര്യത്തിലാണ് ഒലി പുതിയ തന്ത്രം അവതരിപ്പിച്ചിരിക്കുന്നത്.

സി.പി.എന്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) വിഭാഗത്തില്‍ നിന്ന് വേണം തന്റെ പകരക്കാരന്‍ എന്ന നിര്‍ദ്ദേശം വെക്കുകവഴി
പുഷ്പ കമല്‍ ദഹലിനേയും സി.പി.എന്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) നേതാവായ മാധവ് നേപ്പാളിനേയും തമ്മില്‍ തല്ലിക്കാനാണ് ഒലിയുടെ ഉദ്ദേശമെന്നാണ് പാര്‍ട്ടിക്കകത്തെ
സംസാരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ