ഒരുപക്ഷേ നിരവധി യാഘിമാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കണം. അവരില്‍ പലരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായി ഈ ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ പോന്നവരായിരുന്നിരിക്കണം. എന്നാല്‍ ആ സ്വപ്നത്തിലേക്ക് ആദ്യ ചുവട് വെക്കാന്‍ പോലും അവരെ അനുവദിച്ചില്ല. അതെ, ഒമര്‍ യാഘി ഒരു പ്രതീക്ഷയാണ്, ഒന്നും അവസാനിക്കുന്നില്ല എന്ന ശുഭ പ്രതീക്ഷ.
ഫലസ്തീനികള്‍ ഇസ്രഈലികളെ പോലെ പഠിച്ച് രക്ഷപ്പെടാനെങ്കിലും ശ്രമിക്കണം. കേരളത്തിലെ നവനാസ്തിക ഗ്രൂപ്പുകളും രവിചന്ദ്രന്‍ അനുയായികളും ഉയര്‍ത്തുന്ന വാദമാണിത്. ഞങ്ങള്‍ സയണിസം കൊണ്ടല്ല, ശാസ്ത്രം കൊണ്ടാണ് മുന്നേറുന്നതെന്ന ഇസ്രഈലി വാദത്തെ ഏറ്റുപിടിക്കുകയും മലയാളത്തില്‍ കുറച്ചുകൂടി ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്നവര്‍.
അവരുടെ ഭൂമി കയ്യേറിയും ആശുപത്രികളും സ്‌കൂളുകളും തകര്‍ത്തും അവര്‍ക്ക് പഠിക്കാനാകാത്ത അന്തരീക്ഷമുണ്ടാക്കുന്ന ഇസ്രഈലികളുടെ ചെയ്തികളെ ഇവര്‍ സൗകര്യപൂര്‍വം മറക്കുന്നു.
എന്നാല്‍ സകലതും നഷ്ടപ്പെട്ട ആ ജനത അഭിയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് പഠിച്ചു. അത്തരം സാഹചര്യങ്ങളില്‍ നിന്ന് പോലും അവര്‍ക്കിടയില്‍ ഡോക്ടര്‍മാരുണ്ടായി, എന്‍ജിനീയര്‍മാരുണ്ടായി. വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ എന്ന ബ്രെഹ്ത്തിന്റെ വാക്കുകളെ ഓര്‍മിപ്പിക്കും വിധമായിരുന്നു അവരുടെ ചെറുത്തുനില്‍പ്.
തകർന്ന കെട്ടിടങ്ങള്‍ക്ക് മുമ്പില്‍ പുസ്തകം വായിക്കുന്ന പെണ്‍കുട്ടി
ആ ചെറുത്തുനില്‍പ് ലോകത്തിന് മുമ്പില്‍ തങ്ങള്‍ക്ക് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ പോന്ന പല ആളുകളെയും സമ്മാനിച്ചിട്ടുണ്ട്. ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച് ഇപ്പോള്‍ നൊബേല്‍ സമ്മാന വേദിയിലെത്തി നില്‍ക്കുന്ന ഒമര്‍ മുവന്നീസ് യാഘി അതിലൊരാളാണ്.
ഒമര്‍ യാഘി
കുടിയിറക്കപ്പെട്ട ഫലസ്തീനിയന്‍ ഗ്രാമത്തില്‍ നിന്നും നൊബേല്‍ സമ്മാനത്തിന്റെ തിളക്കത്തിലേക്ക്, ഒമര്‍ എം. യാഘിയെന്ന ഫലസ്തീന്‍ വംശജന്റെ ജീവിതത്തെ ഒറ്റ വാക്യത്തില്‍ ഇങ്ങനെ വരച്ചുകാട്ടാം. 2025 രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം യാഘിയുടെ കൈകളിലേക്കെത്തുമ്പോള്‍ അദ്ദേഹമൊരു ഫലസ്തീന്‍ വംശജനാണെന്ന വസ്തുത ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ നേട്ടത്തെ ആഘോഷമാക്കുന്നത്.
BREAKING NEWS
The Royal Swedish Academy of Sciences has decided to award the 2025 #NobelPrize in Chemistry to Susumu Kitagawa, Richard Robson and Omar M. Yaghi “for the development of metal–organic frameworks.” pic.twitter.com/IRrV57ObD6
മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും വെള്ളത്തില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടക്കം വാതകങ്ങള്‍ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കളുടെ നിര്‍മാണത്തിനുള്ള കണ്ടുപിടുത്തമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
യാഘിയുടെ ജീവിതവും പോരാട്ടവും തന്നെയാണ് അദ്ദേഹത്തിന്റെ ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നത്.
1948ലെ ഇസ്രഈല്‍ അധിനിവേശത്തില്‍ ജീവിതം പിഴുതെറിയപ്പെട്ടവരായിരുന്നു യാഘിയുടെ മാതാപിതാക്കള്‍. 1965ല്‍ ജോര്‍ദാനിലെ അമ്മനിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
കുട്ടിക്കാലം അദ്ദേഹത്തെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ല. കുടുംബവും കന്നുകാലികളുമായി ഒറ്റ കൂരയ്ക്ക് കീഴില്‍ വാസം. കുടിക്കാന്‍ വെള്ളമില്ല, അവശ്യ സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ജീവിതം തന്നെ ചോദ്യചിഹ്നമായി നില്‍ക്കവെയാണ് വെറും ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിതാവ് യാഘിയോട് അമേരിക്കയിലേക്ക് ചേക്കേറാന്‍ നിര്‍ദേശിക്കുന്നത്.
ഇംഗ്ലീഷ് ഒട്ടും വശമില്ലാതിരുന്ന ആ 15 വയസുകാരന്‍ അച്ഛന്റെ വാക്ക് തള്ളിക്കളഞ്ഞില്ല. ഹഡ്സണ്‍ വാലി കമ്യൂണിറ്റി കോളേജില്‍ പഠനമാരംഭിച്ചു. തുടര്‍ന്ന് അല്‍ബാനിയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്ന് ബിരുദവും ഇലനോയ് സര്‍വകലാശാലയില്‍ വാള്‍ട്ടര്‍ ജി. കെംപ്ലറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പി.എച്ച്.ഡിയും സ്വന്തമാക്കി.
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി കരിയര്‍ ആരംഭിച്ച യാഘി മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലും ലോസ് ആഞ്ചലസിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലും സേവനമനുഷ്ഠിച്ചു. തുടര്‍ന്നും വിവിധ സര്‍വകലാശാലകളില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹത്തിന്റെ യാത്ര ഇന്നെത്തി നില്‍ക്കുന്നത് രസതന്ത്രത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളിലും അതുവഴി നൊബേല്‍ സമ്മാനത്തിന്റെ തിളക്കത്തിലുമാണ്.
നൊബേല്‍ സമ്മാനത്തില്‍ മുത്തമിടും മുമ്പ് ന്യൂകോംബ് ക്ലീവ്ലാന്‍ഡ് പ്രൈസ്, കിങ് ഫൈസല്‍ ഇന്റര്‍നാഷണല്‍ പ്രൈസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വേള്‍ഡ് അവാര്‍ഡ് ഓഫ് സയന്‍സ്, വോള്‍ഫ് പ്രൈസ് ഇന്‍ കെമിസ്ട്രി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മറ്റ് പല പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
2024ലെ ഏണസ്റ്റ് സോള്‍വേ പുരസ്‌കാരവുമായി
ഇന്നത്തെ സാഹചര്യത്തില്‍ യാഘിയുടെ നേട്ടം പല തലത്തിലും ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ പ്രതിനിധി കൂടിയായിക്കൊണ്ടാണ് യാഘി ഇന്ന് ലോകത്തിന്റെയൊന്നാകെ ഫോക്കല്‍ പോയിന്റ് ആയി മാറിയിരിക്കുന്നത്. അതെ, കുടിയിറക്കപ്പെട്ട ഒരു ഫലസ്തീനിയന്‍ ഇന്ന് ലോകത്തിന്റെ നെറുകയില്‍ നിന്ന് നമ്മളെ നോക്കുകയാണ്, അതിന് അതിജീവനത്തിന്റെ കഥ കൂടി പറയാന്‍ ബാക്കിയുണ്ട്.
മുമ്പൊരു ഫലസ്തീന്‍കാരനോട് ഒരു ടി.വി അവതാരകന്‍ ‘ഫലസ്തീനിലെന്താണ് ഒരു ഗാന്ധിയോ മണ്ടേലയോ ഉണ്ടാവാത്തത്‘ എന്ന് ചോദിച്ചു. മറുപടി, ‘ഒരുപാട് ഗാന്ധിമാരും മണ്ടേലമാരും ഫലസ്തീനില്‍ ജനിച്ചിരുന്നു. പക്ഷെ കുഞ്ഞുങ്ങളായിരുന്നപ്പോഴേ ഇസ്രഈല്‍ കൊന്നുകളഞ്ഞു’ എന്നായിരുന്നു.
ഒരുപക്ഷേ നിരവധി യാഘിമാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കണം. അവരില്‍ പലരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായി ഈ ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ പോന്നവരായിരുന്നിരിക്കണം. എന്നാല്‍ ആ സ്വപ്നത്തിലേക്ക് ആദ്യ ചുവട് വെക്കാന്‍ പോലും അവരെ അനുവദിച്ചില്ല. അതെ, ഒമര്‍ യാഘി ഒരു പ്രതീക്ഷയാണ്, ഒന്നും അവസാനിക്കുന്നില്ല എന്ന ശുഭ പ്രതീക്ഷ.