പാലക്കാട്: നെന്മാറ സജിത കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി നിരീക്ഷിച്ചു. 2019ല്‍ പോത്തുണ്ടി സ്വദേശി സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് വിധി.
പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയിലുണ്ട്.
നേരത്തെ, പ്രതിക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധിയുണ്ടായിരിക്കുന്നത്.
തന്റെ ഭാര്യ പിണങ്ങി പോകാന്‍ കാരണം അയല്‍ക്കാരായ സജിതയും പുഷ്പയും നടത്തിയ കൂടോത്രമാണെന്ന് ആരോപിച്ചാണ് ചെന്താമര 2019 ഓഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് ഈ കേസില്‍ പരോളിലിറങ്ങിയ ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തുകയായിരുന്നു.
നെന്മാറയില്‍ പ്രവേശിക്കരുതെന്ന ജാമ്യോപാധി ലംഘിച്ചാണ് ചെന്താമര നെന്മാറ പഞ്ചായത്തിലെ സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്നത്.
തുടര്‍ന്ന് സജിത വധക്കേസിലെ ജാമ്യമടക്കം കോടതി റദ്ദാക്കിയിരുന്നു. മേയ് 27ന് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോള്‍ കുറ്റം നിഷേധിക്കുകയായിരുന്നു ഇയാള്‍. സാഹചര്യത്തെളിവുകളും ചെന്താമരയുടെ ഭാര്യ ഉള്‍പ്പെടെയുള്ള അമ്പതോളം സാക്ഷികളുടെ മൊഴിയുമാണ് ചെന്താമരയുടെ ശിക്ഷയിലേക്ക് വഴിതെളിച്ചത്.