ന്യൂദല്‍ഹി: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദേശീയ ഗീതത്തോടുള്ള മുഹമ്മദ് അലി ജിന്നയുടെ എതിര്‍പ്പ് നെഹ്‌റു ഏറ്റെടുത്തെന്നും സാമുദായിക ആശങ്കകള്‍ക്ക് വഴിയൊരുക്കിയെന്നും മോദി ആരോപിച്ചു.
വന്ദേമാതരം ചര്‍ച്ചയുടെ തുടക്കം മുതല്‍ കോണ്‍ഗ്രസിനെതിരെയും നെഹ്‌റുവിനെതിരെയും മോദി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. വന്ദേമാതരം മുസ്‌ലിങ്ങളെ ശല്യപ്പെടുത്തുമെന്നും പ്രകോപിക്കുമെന്നും നെഹ്‌റു ഒരിക്കല്‍ സുഭാഷ് ചന്ദ്ര ബോസിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വന്ദേമാതരത്തിന്റെ ഉപയോഗത്തെ കുറിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും മോദി ആരോപിച്ചു.
സ്വാതന്ത്ര്യ സമരക്കാലം മുതല്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലത്തും കോണ്‍ഗ്രസ് വന്ദേമാതരത്തിന്റെ കാര്യത്തില്‍ വീട്ടുവീഴ്ചകള്‍ ചെയ്തു.
മുസ്‌ലിം ലീഗിനും ജിന്നയ്ക്കും പ്രാധാന്യം നല്‍കിയ കോണ്‍ഗ്രസ് വന്ദേമാതരത്തിനെ ഛിന്നഭിന്നമാക്കി. സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവിനെ വഞ്ചിച്ചുവെന്നും മോദി ആരോപിച്ചു.
അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായിരുന്നു. ഇപ്പോള്‍ വന്ദേമാതരത്തിന്റെ മഹത്വം പുനസ്ഥാപിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. അത് നഷ്ടപ്പെടുത്താന്‍ അനുവദിക്കരുത്.
വന്ദേമാതരം നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്താണ് ഭരണഘടനയെ ശ്വാസം മുട്ടിക്കുകയും രാജ്യത്തിനായി ജീവിച്ചവരെ തടവിലാക്കുകയും ചെയ്തത്. 1975ലെ ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്തെ വന്ദേമാതരവുമായി ബന്ധിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.
വന്ദേമാതരം ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്നെന്നും പ്രചോദനം നല്‍കിയെന്നും മോദി പ്രശംസിച്ചു. ബ്രിട്ടീഷുകാര്‍ അന്ന് ഈ ഗീതം നിരോധിച്ചപ്പോഴും അടിച്ചമര്‍ത്തലിനെതിരെ ഒരു പാറപോലെ ഈ ഗീതം നിലകൊണ്ടെന്നും മോദി പറഞ്ഞു.
Content Highlight: Accepted Jinnah’s opposition; Nehru thought Vande Mataram would provoke Muslims: Modi