ബി.ജെ.പി ജയിച്ചാലും ഇനി മോദി പ്രധാനമന്ത്രി ആവില്ല; 2019 ല്‍ കോണ്‍ഗ്രസ് ജയിക്കും : ശശി തരൂര്‍
ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി ജയിച്ചാലും 200 സീറ്റ് നേടിയാലും മോദി ഇനി പ്രധാനമന്ത്രിയാവില്ലെന്ന് ശശി തരൂര്‍. മോദിയുടെ കാലം കഴിഞ്ഞു പക്ഷെ അതെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല, കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് അവസരം കൊടുത്തു.മോദിയെ നമുക്ക് പരീക്ഷിച്ചു നോക്കാം എന്ന ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം അതിന് അര്‍ഹനല്ല എന്ന് തെളിഞ്ഞു.മോദിയെക്കുറിച്ചുള്ള എന്റെ ഊഹങ്ങള്‍ ശരിയായിരുന്നു. ഇപ്പോ അത് എല്ലാവര്‍ക്കുമറിയാം.

മോദി നല്ലൊരു ഹിന്ദി പ്രാസംഗികനാണ്. പക്ഷെ ഗൗരവമുള്ള വിഷയങ്ങള്‍ വരുമ്പോള്‍ അദ്ദേഹം നിശബ്ദനാകും. ഗോ സംരക്ഷണത്തിന്റെ പേരില്‍ മുഹമ്മദ് അഹ്ലാഖിനെ കൊലപ്പെടുത്തിയത് പോലുള്ള വിഷയങ്ങളിലെ മോദിയുടെ നിശബ്ദത ചൂണ്ടികാണിച്ച് ശശി തരൂര്‍ പറഞ്ഞു.

മോദിത്വം ഹിന്ദുത്വത്തിലേക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നുണ്ട്. ആണധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. 56 ഇഞ്ച് നെഞ്ച് പോലെ. അദ്ദേഹം വസ്ത്രത്തിന്റെ അളവെടുക്കാന്‍ പോയിരുന്നു. അപ്പോള്‍ നെഞ്ചളവ് 50 മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വെളിപ്പെട്ടു. അതും കള്ളമായിരുന്നു ശശി തരൂര്‍ പരിഹസിച്ചു.

മോദി യാത്ര ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷെ അതിനെന്തെങ്കിലും റിസള്‍ട്ട് ഉണ്ടാവണം. റിപ്പബ്ലിക്ക് ഡേയില്‍ ട്രമ്പ് വന്നില്ല. പാകിസ്താനെക്കുറിച്ച് നയമില്ല. ചൈനയുമായുള്ള ബന്ധം നന്നല്ല. ഈ കാര്യത്തില്‍ ഒരു പുരോഗമവും ഇല്ല. എന്നിട്ടും അദ്ദേഹം നവാസ് ഷെരീഫിന്റെ ചെറുമകളുടെ വിവാഹത്തിന് പോകുന്നു. ഇതല്ല വിദേശ നയം, ഇതാവരുത് നമ്മുടെ വിദേശ നയം അദ്ദേഹം വ്യക്തമാക്കി.

“കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സെന്‍സര്‍ഷിപ്പ് നിയന്ത്രിക്കും. സെന്‍സര്‍ ചെയ്യുന്നതാണ് അവരുടെ ജോലി. വാക്കുകള്‍ നിയന്ത്രിക്കാനോ ഒഴിവാക്കാനോ അല്ല. ആളുകള്‍ക്ക് ഒഫന്‍ഡഡ് ആകാനുള്ള അവകാശം ഉണ്ട്. പക്ഷെ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ കാരണമാകരുത്.” എന്നും അദ്ദേഹം പറഞ്ഞു.