രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയാകുന്നത് തടയാന്‍ നെഹ്‌റു ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍
Daily News
രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയാകുന്നത് തടയാന്‍ നെഹ്‌റു ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th June 2015, 10:36 am

 

nehru

ന്യൂദല്‍ഹി: ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാകാതിരിക്കാന്‍ നെഹ്‌റു നീക്കങ്ങള്‍ നടത്തിയതായി വെളിപ്പെടുത്തല്‍. മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ആര്‍.എന്‍.പി സിംഗ് എഴുതിയ ” നെഹ്‌റു എ ട്രബ്ള്‍ഡ് ലീഗസി” എന്ന പുസ്തകത്തിലാണ് ആരോപണം.

രാജേന്ദ്ര പ്രസാദിനെ പ്രസിഡന്റാക്കാതിരിക്കാന്‍ നെഹ്‌റു നുണകള്‍ ചേര്‍ത്ത് അദ്ദേഹത്തിന് കത്തെഴുതിയതായി പുസ്തകത്തില്‍ പറയുന്നു. ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ചാണ് സിംഗിന്റെ വെളിപ്പെടുത്തല്‍.

1949 സെപ്റ്റംബര്‍ 10ന് നെഹ്‌റു രാജേന്ദ്രപ്രസാദിന് എഴുതിയ കത്തില്‍ സി. രാജഗോപാലാചാരിയെ രാഷ്ട്രപതിയാക്കാന്‍ സര്‍ദാര്‍ പട്ടേലും താനും തീരുമാനിച്ചെന്നും ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്ന് കരുതുന്നതെന്നും പറയുന്നു.

എന്നാല്‍ ഈ സമയം മുംബൈയിലായിരുന്ന പട്ടേലിന് രാജേന്ദ്ര പ്രസാദ് കത്തിന്റെ പകര്‍പ്പ് അയച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ ആര് പ്രസിഡന്റാവണമെന്ന കാര്യം ഇത് വരെ നെഹ്‌റുവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സര്‍ദാര്‍ പട്ടേല്‍ വ്യക്തമാക്കിയതോടെ നെഹ്‌റു കള്ളം പറഞ്ഞതായി വ്യക്തമാവുകയായിരുന്നു.

പിറ്റേ ദിവസം ചേര്‍ന്ന ഭരണഘടന അസംബ്ലിയില്‍ ഈ വിഷയം നെഹ്‌റു കൈകാര്യം ചെയ്ത രീതിയില്‍ രാജേന്ദ്ര പ്രസാദ് അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. കൂടാതെ ശക്തമായ മറുപടിയടങ്ങുന്ന കത്ത് നെഹ്‌റുവിന് അയക്കുകയും ചെയ്തു.