എഡിറ്റര്‍
എഡിറ്റര്‍
നെഹ്‌റ-ഒരു വണ്‍സൈഡ് പ്രണയകഥ
എഡിറ്റര്‍
Wednesday 1st November 2017 6:38pm


കൈകള്‍ വിരിച്ചു പിടിച്ച് ഒരു പക്ഷിയെ പോലെ ഓടിയകലുന്ന നെഹ്‌റ ഏതൊരു ക്രിക്കറ്റ് പ്രേമിയുടേയും മനസിലെ മായാക്കാഴ്ച്ചയായിരിക്കും. പ്രത്യേകിച്ച് ഞാനുള്‍പ്പെടുന്ന തലമുറയുടെ കളിയോര്‍മ്മകളുടെ പ്രായമുണ്ടാകും ആ ഓര്‍മ്മ ചിത്രത്തിന്. അവിടെ ആ ചിത്രത്തില്‍ തന്നെയുണ്ട് നെഹ്‌റയെന്ന താരവും വ്യക്തിയുമെല്ലാം. ഒരോ തവണ ചിറക് കരിക്കപ്പെടുമ്പോളും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫിനിക്‌സ് പക്ഷിയാണ് ആശിഷ് നെഹ്‌റ.

2003 ലെ ലോകകപ്പായിരുന്നു നെഹ്‌റയെന്ന താരത്തെ ആദ്യം കാണിച്ചു തന്നത്. ആ ലോകകപ്പിന്റെ ഒരിക്കലും മറക്കാനാവത്ത കാഴ്ച്ചകളിലൊന്നായിരുന്നു ഫൈനലിലെ തോല്‍വിയ്ക്ക് ശേഷം മാന്‍ ഓഫ് ദ സീരിസിനുള്ള പുരസ്‌കാരം വാങ്ങി നിറ കണ്ണുകളോടെ മടങ്ങുന്ന സച്ചിനും വിക്കറ്റെടുക്കുമ്പോള്‍ ആര്‍ക്കും പിടിതരാതെ വിമാനത്തെ പോലെ ഗ്രൗണ്ടിലൂടെ ഓടുന്ന നെഹ്‌റയും. പിന്നീട് നാട്ടിന്‍ പുറത്തെ കളികളില്‍ വിക്കറ്റെടുക്കുമ്പോള്‍ നെഹ്‌റയെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുരുന്നുകള്‍ നിത്യകാഴ്ച്ചയായിരുന്നു.

നെഹ്‌റയെന്ന താരത്തേക്കാള്‍ ഒരുപക്ഷെ ആരാധന തോന്നിയത് തോന്നിയത് നെഹ്‌റയെന്ന വ്യക്തിയോടായാണ്. തന്നില്‍ വിശ്വസിക്കാന്‍ തീരുമാനിച്ച, തനിക്കൊപ്പം നടന്നവരും ശേഷം വന്നവരുമെല്ലാം ഓടിത്തളര്‍ന്നപ്പോഴും നെഹ്‌റ തളര്‍ന്നില്ല. ഓരോ തവണ വീഴുമ്പോഴും കൂടുതല്‍ കരുത്തോടെ ഉയിര്‍ത്തെഴുന്നേറ്റു. താന്‍ ഇവിടെ തന്നെയുണ്ടെന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ഇന്ത്യയുടെ നെഹ്‌റാജീ.

ഇന്ത്യ കണ്ട ഏക്കാലത്തേയും മികച്ച പേസര്‍മാരായ ശ്രീനാഥും സഹീറുമടങ്ങുന്ന പട്ടികയിലേക്ക് ഒരുപക്ഷെ നെഹ്‌റയുടെ പേര്‍ ചേര്‍ക്കപ്പെടില്ലായിരിക്കും. പക്ഷെ ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാളിയായി എന്നും നെഹ്‌റ ഓര്‍മ്മിക്കപ്പെടുമെന്നുറപ്പ്. വരും തലമുറയ്ക്ക് പ്രചോദനമാകുന്ന കളിയിലുള്ള ആത്മവിശ്വാസം ചോരാത നിലനിര്‍ത്താനുള്ള ടെക്‌സ്റ്റ് ബുക്കായിരിക്കും നെഹ്‌റ.


Don’t Miss: ആകാശം ഉമ്മ വച്ച ‘6’ അടി വീരന്‍


പ്രായം 38 ല്‍ എത്തി നില്‍ക്കുന്നു. ശരീരത്തിലെ മിക്കവാറും അസ്ഥികള്‍ തകര്‍ന്നിരിക്കുന്നു. ഈ പ്രായത്തില്‍ പേസ് ബൗളിംഗ് പോയിട്ട് ക്രിക്കറ്റ് കളിക്കണോ വേണ്ടയോ എന്നു പോലും ചിന്തിക്കേണ്ടിയിരിക്കുന്നു. 14 ഓളം സര്‍ജറികള്‍ നെഹ്‌റയുടെ ശരീരത്തില്‍ നടത്തിയിട്ടുണ്ട്. ആ ശരീരം ഒരു പേസര്‍ക്ക് യോജിക്കുന്നതല്ലെന്ന് വിധിയെഴുതിയതുമാണ്. എന്നാല്‍ എന്താണ് പിന്നെ സംഭവിച്ചത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച തിരിച്ചു വരവുകളിലൊന്നായിരുന്നു അത്.

പരുക്കിനെ പഴി ചൊല്ലി വിശ്രമിക്കാന്‍ അയാള്‍ തയ്യാറായില്ല. കഠിന പ്രയത്‌നം നടത്തി, തിരിച്ചു വന്നു. ഇന്നലെകളെ കുറിച്ച് ഓര്‍ത്ത് നിര്‍വൃതിയട
യാനോ നാളയെ ഓര്‍ത്ത് ദുഖിക്കാനോ അയാള്‍ തയ്യാറായില്ല. തനിക്ക് മുന്നിലുള്ള ഇന്നാണ് യാഥാര്‍ത്ഥ്യമെന്ന് തിരിച്ചറിഞ്ഞ് അധ്വാനിച്ചു. 2003 ല്‍ കണ്‍ മുന്നില്‍ നഷ്ടമായ ലോകകപ്പടക്കം തിരിച്ചു പിടിച്ചു കൊണ്ടുള്ള അമ്പരപ്പിക്കുന്ന തിരിച്ചു വരവ്. ഒപ്പം യുവാക്കളുടെ മാത്രം വിളനിലമായി കണക്കാക്കപ്പെട്ടിരുന്ന, കൂട്ടുകാരില്‍ പലരും പരാജിതരായി മടങ്ങിയ ട്വന്റി-20യുടെ അതിവേഗ ക്രിക്കറ്റ് ലോകത്ത് ട്വന്റി-20 സ്‌പെഷ്യലിസ്റ്റെന്ന പേരും.

പിന്നേയും പരുക്ക് വില്ലനായി. രസകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ കരിയറില്‍ നെഹ്‌റയ്ക്ക് വെല്ലുവിളിയായിരുന്നത് എന്നും പരുക്ക് മാത്രമായിരുന്നു. ഫോമിന്റെ പേരില്‍ അയാള്‍ക്കൊരിക്കലും പഴി കേള്‍ക്കേണ്ടി വന്നിരുന്നില്ല എന്നതാണ്. 2011 ലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ വീണ്ടും പരുക്ക് വിലങ്ങ് തടിയായതോടെ നെഹ്‌റയെ പതിയെ കായിക ലോകം വീണ്ടും മറന്നു തുടങ്ങി. എന്നാല്‍ 2015 ഐ.പി.എല്‍ ആശിഷ് നെഹ്‌റ എന്ന പേരിന്റെ പര്യായം പ്രതീക്ഷയെന്നാണെന്ന് കാണിച്ചു തന്നു. അയാള്‍ ഒരിക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേറ്റു.

സ്വയം ഒരു ഹീറോയായിട്ടായിരുന്നു നെഹ്‌റ കണ്ടിരുന്നത്. ഓരോ തവണയും ചാടിയെഴുന്നേല്‍ക്കാന്‍ അയാളെ പ്രേരിപ്പിച്ചതും ഈ ഹീറോയിസമായിരുന്നു. തന്റെ കണ്ണില്‍ എന്നും ഒരു പ്രിന്‍സായിരുന്നു അയാള്‍. അല്ലെങ്കില്‍ അയാള്‍ക്കൊരിക്കലും ഇങ്ങനെ തിരിച്ചു വരാന്‍ സാധിക്കില്ലായിരുന്നു. കാലം തനിക്ക് അനുകൂലമല്ലെന്ന് അറിയാമിയിരുന്നിട്ടും. 2015 ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി പുറത്തെടുത്ത പ്രകടനവും അതിന്റെ തെളിവായിരുന്നു.


Also Read: ഇവരാണ് ക്രിക്കറ്റ് ജീവിതത്തില്‍ കണ്ട ഏറ്റവും കുശാഗ്ര ബുദ്ധികളായ താരങ്ങള്‍; വെളിപ്പെടുത്തലുമായി ആശിഷ് നെഹ്‌റ


തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളും ഉയര്‍ച്ച താഴ്ച്ചകളുടേതായിരുന്നു. ഇതിനിടെ ഒന്നിച്ച് കളി തുടങ്ങിയ പലരും കളിയവസാനിപ്പിച്ച് ചാനലുകളിലിരുന്ന് കളിയെ വിശകലനം ചെയ്യാനും തങ്ങളുടെ അറിവ് വിളമ്പാനും തുടങ്ങിയിരുന്നു. ശ്രീനാഥിനൊപ്പം കളിക്കുന്ന കാലത്തേ ചങ്ങാതിയായിരുന്ന സഹീര്‍ അപ്പോഴേക്കും കളിയവസാനിപ്പിക്കുകയും ഇതിഹാസമാവുകയും ചെയ്തിരുന്നു. അപ്പോഴും നെഹ്‌റ മൈതാനത്ത് വിസ്മയിരപ്പിച്ചു കൊണ്ടിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായിരുന്നു നെഹ്‌റാജീ എന്ന പ്രായം തളര്‍ത്താത്ത പോരാളി. പിന്നേയും പരുക്ക് ഭയപ്പെടുത്താന്‍ നോക്കിയെങ്കിലും അയാള്‍ ഭയപ്പെട്ടില്ല. ഇന്ന് ഇതാ അയാള്‍ സ്വയം പടിയിറങ്ങുകയാണ്. പരുക്കുകള്‍ക്ക് സമര്‍പ്പിച്ച തന്റെ കരിയറിന് വിരാമിട്ടുകൊണ്ട്, സ്വയം തീരുമാനിച്ചത് പ്രകാരം സ്വന്തം മുറ്റത്ത് അയാള്‍ കളിയവസാനിപ്പിക്കുന്നു. അയാള്‍ പുതുതലമുറയുടെ കളിയോര്‍മ്മകളില്‍ നിന്നും മാഞ്ഞ് പോയേക്കാം പക്ഷെ നെഹ്‌റ കളിയവസാനിപ്പിക്കുന്നത് സ്വന്തം നട്ടെല്ലില്‍ നിവര്‍ന്നു നിന്നു തന്നെയാണ്.

നെഹ്‌റയെ കുറിച്ച് കളിയെഴുത്തുകാരനായ ശീവാദിത്യ ശ്രീവാസ്തവ പറഞ്ഞത് ഇങ്ങനെയാണ്.

‘ ഈ ലോകവും പ്രകൃതി ശക്തികളും എത്രയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും അയാള്‍ തന്റെ കാലില്‍ എഴുന്നേറ്റ് നിവര്‍ന്ന് നില്‍ക്കും. ശത്രുവിനെ കണ്ണില്‍ നോക്കി നിന്ന് പൊരുതും. ചിറകുകള്‍ കൊത്തിയാലും പറക്കാന്‍ അയാള്‍ ശ്രമിക്കും. കാലം നിലയ്ക്കാം, ജലം വറ്റാം. വായു ചിലവേറിയതാകാം, സാത്താന്റെ ഭരണം വരാം, പക്ഷെ ഈ മനുഷ്യന്‍ നില്‍ക്കില്ല. എല്ലുകള്‍ നുറുങ്ങി ശരീരം തളര്‍ന്നാലും അയാളുടെ ആത്മാവിനെ പരുക്കേല്‍പ്പിക്കാന്‍ സാധിക്കില്ല. അത് നിവര്‍ന്ന് ഉറച്ചു തന്നെ നില്‍ക്കും.’

Advertisement