മലയാളം, തുളു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് നേഹ സക്‌സേന. 2013ല്‍ റിക്ഷാ ഡ്രൈവര്‍ എന്ന തുളു ചിത്രത്തിലൂടെയാണ് നേഹ തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.
2016ല്‍ മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാള സിനിമയില്‍ എത്തി. പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആറാട്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിന് പുറമെ മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ താന്‍ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട ഒരു കാസ്റ്റിങ് കൗച്ചിന്റെ അനുഭവം പങ്കുവെക്കുകയാണ് നേഹ സക്‌സേന. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി.
‘സിനിമ ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം ഒരുതവണ ഞാന്‍ ഒരിക്കലും സങ്കല്‍പ്പിക്കാത്ത കാര്യം എനിക്ക് നേരിടേണ്ടി വന്നിരുന്നു. അതാണ് കാസ്റ്റിങ് കൗച്ച്. ഞാന്‍ ഒരിക്കലും സങ്കല്‍പ്പിക്കാത്ത ഒരു കാര്യമായിരുന്നു അത്.
കാസ്റ്റിങ് കൗച്ചിനെ കുറിച്ച് കേട്ടിരുന്നെങ്കിലും അത് വെറുതെ പറയുന്നതാകും എന്നാണ് ഞാന്‍ കരുതിയിരുന്നത്. ആ സമയത്താണെങ്കില്‍ എനിക്ക് സൗത്തിന്ത്യന്‍ ഭാഷകള്‍ ഒന്നുപോലും അറിയില്ലായിരുന്നു. ഹിന്ദിയും പഞ്ചാബിയും ഇംഗ്ലീഷും മാത്രമായിരുന്നു അറിയുന്നത്.
അതിന് മുമ്പ് ഞാന്‍ കുറേ സ്ഥലങ്ങളില്‍ പോയി ഓഡിഷന്‍ കൊടുത്തിരുന്നു. ഒരിക്കല്‍ ഞാന്‍ പെട്ടെന്ന് അതിലൊരു ഓഡിഷനില്‍ സെലക്ടായി. പിന്നീട് രണ്ടുമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അത് നടക്കുന്നത്.
‘ഇന്ന് രാത്രി ഡിന്നറിന് വരുമോ’യെന്ന് ചോദിച്ചു. ആ സമയത്ത് ഞാന്‍ ഒരു പി.ജിയില്‍ ആയിരുന്നു താമസിക്കുന്നത്. ‘എന്തിനാണ് ഡിന്നര്‍? ഞാന്‍ ഡിന്നര്‍ കഴിച്ചു സാര്‍’ എന്നായിരുന്നു ഞാന്‍ മറുപടി കൊടുത്തത്.
‘ഇല്ല. നമുക്ക് ഹോട്ടലില്‍ പോകാം. ഡിന്നറൊക്കെ കഴിക്കാം’ എന്ന് അയാള്‍ പറഞ്ഞു. പക്ഷെ എനിക്ക് ഒന്നും മനസിലായിരുന്നില്ല. ഞാന്‍ ഉടനെ തന്നെ എന്റെ അമ്മയെ വിളിച്ചു. അമ്മയോട് ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു.
അമ്മയാണ് എന്നോട് അത് എന്താണ് ഉദേശിച്ചതെന്ന് പറഞ്ഞു തരുന്നത്. ‘ഇനി മുതല്‍ നിന്നോട് ആരെങ്കിലും ഇങ്ങനെ സംസാരിച്ചാല്‍ നീ പറയേണ്ട മറുപടി നോ എന്നാണ്’ എന്നും അമ്മ മറുപടിയായി പറഞ്ഞു. പിന്നീടാണ് എനിക്ക് ഇന്‍ഡസ്ട്രിയിലെ ഓരോ കാര്യങ്ങളും മനസിലാകുന്നത്.
സിനിമയില്‍ സാധാരണമായിട്ടുള്ള ഒരു ടേമാണ് കാസ്റ്റിങ് കൗച്ച് എന്നും ഈ പരിപാടി ഇവിടെ കൂടുതലാണെന്നും എനിക്ക് മനസിലായി. പക്ഷെ നമ്മള്‍ കാണുന്ന മുന്‍നിരയിലുള്ള ഫിലിംമേക്കേഴ്‌സ് അല്ല, തുടക്കക്കാരായ കുറേ ആളുകളാണ് ഇങ്ങനെ ചെയ്യുന്നത്.
സിനിമയെ പാഷനായി കാണുന്ന ആളുകളില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവില്ല. ഞാന്‍ ഒരുപാട് വലിയ സംവിധായകര്‍ക്കൊപ്പവും നിര്‍മാതാക്കള്‍ക്കൊപ്പവും അഭിനേതാക്കള്‍ക്കൊപ്പവും വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരില്‍ നിന്നൊന്നും എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.
അവരൊക്കെ സിനിമയെ പാഷനായി കാണുന്ന ആളുകളാണ്. അവര്‍ക്ക് വേറെ ഒന്നിനോടും പാഷനില്ല. അവിടെയാണ് വ്യത്യാസം. ക്വാളിറ്റിയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുന്നതും അല്ലാത്തവരുടെ കൂടെ വര്‍ക്ക് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്,’ നേഹ സക്‌സേന പറയുന്നു.
Content Highlight: Neha Saxena Talks About Casting Couch