ന്യൂദല്‍ഹി: 2026ലെ നീറ്റ്-യു.ജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ രാജ്യവ്യാപകമായി വന്‍ അറസ്റ്റുകള്‍. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ മനീഷ് യാദവിനെ നാസിക് പോലീസ് പിടികൂടി.
രാജസ്ഥാന്‍ പോലീസ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തില്‍ മനീഷിനൊപ്പം ഒമ്പത് പേര്‍ കൂടി പിടിയിലായിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ 16 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡെറാഡൂണില്‍ നിന്ന് സിക്കര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരിയര്‍ കൗണ്‍സിലര്‍ രാകേഷ് കുമാറിനെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് തട്ടിപ്പിലെ മറ്റൊരു പ്രധാന കണ്ണി എന്ന് പൊലീസ് നിഗമനം.
കൂടാതെ, നാസിക്കില്‍ നിന്ന് ശുഭം ഖൈര്‍നാര്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ചോദ്യപേപ്പറിന്റെ സോഫ്റ്റ് കോപ്പി ഹരിയാനയിലുള്ള ഒരാള്‍ക്ക് അയച്ചു കൊടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര, കേരളം, ഹരിയാന, തമിഴ്നാട്, ബീഹാര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയൊരു ശൃംഖലയാണ് പരീക്ഷാ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
പേപ്പര്‍ സോള്‍വേഴ്‌സ്, ആള്‍മാറാട്ടം നടത്തുന്നവര്‍, കോച്ചിങ് സെന്റര്‍ ജീവനക്കാര്‍ എന്നിവര്‍ ഈ ശൃംഖലയുടെ ഭാഗമാണ്.
നാസിക്കിലെ ഒരു പ്രിന്റിങ് പ്രസ്സില്‍ നിന്നാണ് പരീക്ഷയ്ക്ക് മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു. കേരളത്തിലെ ഒരു പരീക്ഷാര്‍ത്ഥിയില്‍ നിന്നാണ് രാകേഷ് കുമാറിന് 410 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യശേഖരം ലഭിച്ചത്. ഇതില്‍ 150 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷയുമായി പൊരുത്തപ്പെടുന്നവയായിരുന്നു.
തുടക്കത്തില്‍ 5 ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പര്‍ വിറ്റിരുന്നത്. പരീക്ഷ അടുത്തതോടെ ഇത് 30,000 രൂപയായി കുറച്ചു.
ബീഹാറിലെ രാജ്ഗിറില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഒരു എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുടെ കാറില്‍ നിന്ന് വന്‍തുകയും നിരവധി അഡ്മിറ്റ് കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു
അന്വേഷണം മുറുകുന്നതിനിടെ, പിടിക്കപ്പെടാതിരിക്കാന്‍ പ്രതികളില്‍ ഒരാള്‍ തല മൊട്ടയടിച്ചും താടി വടിച്ചും വേഷം മാറിയിരുന്നുവെങ്കിലും പോലീസ് ഇയാളെ പിടികൂടി.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കേസ് ഏറ്റെടുത്ത സി.ബി.ഐ, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി നിരോധന നിയമം എന്നിവ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷാ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ പ്രത്യേക സി.ബി.ഐ സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മേയ് മൂന്നിന് നടന്ന നീറ്റ്-യു.ജി പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയാണ് ഈ തീരുമാനം ബാധിച്ചത്.
ദേശീയ പരീക്ഷാ ഏജന്‍സി പരീക്ഷ വീണ്ടും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. റദ്ദാക്കിയ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയോ ഫീസ് അടയ്ക്കുകയോ വേണ്ടതില്ലെന്നും അവര്‍ക്ക് പുതിയ ഹാള്‍ ടിക്കറ്റുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും എന്‍.ടി.എ അറിയിച്ചു. പരീക്ഷയുടെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
Content Highlight: NEET question paper leak: Nationwide arrests; main mastermind caught