എന്‍.ടി.എ ഒന്നും പഠിച്ചില്ലെന്നത് ദുഃഖകരം: നീറ്റ് ചോദ്യച്ചോര്‍ച്ചയില്‍ സുപ്രീം കോടതി നോട്ടീസ്
India
എന്‍.ടി.എ ഒന്നും പഠിച്ചില്ലെന്നത് ദുഃഖകരം: നീറ്റ് ചോദ്യച്ചോര്‍ച്ചയില്‍ സുപ്രീം കോടതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th May 2026, 1:17 pm

ന്യൂദല്‍ഹി: നീറ്റ് യു.ജി ചോദ്യ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പരാതികളില്‍ കേന്ദ്രസര്‍ക്കാര്‍, നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍.ടി.എ) അടക്കമുള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടുവര്‍ഷം മുന്‍പുള്ള സമാന സംഭവത്തെത്തുടര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും പ്രശ്‌നം ആവര്‍ത്തിക്കുകയാണെന്നും എന്‍.ടി.എ പാഠമൊന്നും പഠിച്ചിട്ടില്ലെന്നതില്‍ ദുഃഖമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

എന്‍.ടി.എയ്ക്ക് പകരം സംവിധാനം കൊണ്ടുവരണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. 2024ലെ കോടതി ഉത്തരവ് അനുസരിച്ച് രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരം നീറ്റ് നടപടികള്‍ മെച്ചപ്പെടുത്താന്‍ എന്ത് നടപടിയാണ് എന്‍.ടി.എ സ്വീകരിച്ചതെന്നതിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിടാനും ഹരജികളില്‍ ആവശ്യപ്പെടുന്നു.

2024ല്‍, അന്നുണ്ടായ ചോദ്യച്ചോര്‍ച്ചയെത്തുടര്‍ന്ന് സുപ്രീം കോടതി എന്‍.ടി.എയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2024 നവംബര്‍ 14ന് രൂപീകരിച്ച മേല്‍നോട്ട സമിതി നിര്‍ദേശം പ്രകാരം എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് കാണിച്ച് എന്‍.ടി.എ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്ന് ഇന്നത്തെ കോടതി ഉത്തരവില്‍ പറയുന്നു. മൂന്ന് ദിവസമാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിച്ച സമയം.

ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ഹരജികളുടെ കോപ്പികള്‍ കൈമാറാനും കോടതി ഉത്തരവിട്ടു.

‘എന്‍.ടി.എ പാഠമൊന്നും പഠിച്ചില്ല എന്നതില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്. ശുപാര്‍ശകള്‍ നല്‍കാനായി ഒരു സമിതി രൂപീകരിക്കണമെന്ന് നിര്‍ദേശിച്ച് ഞങ്ങള്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു,’ ജസ്റ്റിസ് നരസിംഹ നിരീക്ഷിച്ചു.

2024ലെ ചോദ്യച്ചോര്‍ച്ചയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഒരു ഉന്നത തല സമിതി രൂപീകരിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണനായിരുന്നു സമിതിയുടെ അധ്യക്ഷന്‍. കെ. രാധാകൃഷ്ണനോടും സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലെ യു.ജി കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ മെയ് മൂന്നിനാണ് നടന്നത്. എന്നാല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതി ഉയര്‍ന്നതോടെ പരീക്ഷ റദ്ദാക്കിയിരുന്നു. ജൂണ്‍ 21ന് വീണ്ടും പരീക്ഷ നടത്തും. ചോദ്യച്ചോര്‍ച്ച കേസ് നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. കേസില്‍ ഇതുവരെ 11 പേര്‍ അറസ്റ്റിലായി.

Content Highlight: NEET paper leak: SC seeks response from Centre, NTA