NEET: അതിസമ്പന്നര്‍ക്ക് സംവരണമൊരുക്കുന്ന സംവിധാനം
Opinion
NEET: അതിസമ്പന്നര്‍ക്ക് സംവരണമൊരുക്കുന്ന സംവിധാനം
പി.ബി ജിജീഷ്
Saturday, 29th June 2024, 4:06 pm

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമയമാണല്ലോ. നീറ്റ് പരീക്ഷയില്‍ റിപ്പോര്‍ട്ട് ചെയ്ത വ്യാപകമായ ക്രമക്കേടുകള്‍ക്ക് ശേഷം നെറ്റ് പരീക്ഷയും റദ്ദു ചെയ്യേണ്ട സാഹചര്യം ഉണ്ടായി. അധികാരത്തിന്റെ എല്ലാ മേഖലകളെയും ഏകശിലാത്മകമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നതിനോടൊപ്പം, അക്കാദമിക മേഖലയില്‍ ഉള്‍പ്പെടെ ഫെഡറല്‍ മൂല്യങ്ങളെ അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞ ഒരു ദശകമെങ്കിലുമായി യൂണിയന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുണ്ടായിരുന്ന പ്രത്യേക എന്‍ജിനീയറിങ് – മെഡിസിന്‍ പ്രവേശന പരീക്ഷകള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം തമിഴ്‌നാട് മാത്രമല്ല പശ്ചിമബംഗാളും ഉന്നയിച്ചു കഴിഞ്ഞു. മറ്റു പല മേഖലകളിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമാണ്. ഈ സമയത്താണ് നീറ്റ് എങ്ങനെയാണ് മെറിറ്റിനെ അട്ടിമറിക്കുന്നതെന്ന് വ്യക്തമാക്കുന്ന വാദങ്ങളുമായി മഹേശ്വര്‍ പേരി രംഗത്തെത്തുന്നത്. IIPM എന്ന പേരില്‍, നേരത്തെ നടന്നിരുന്ന തട്ടിപ്പിനെതിരെ ഇദ്ദേഹം രംഗത്ത് വന്നതിനെ തുടര്‍ന്ന് അത് അവസാനിപ്പിക്കേണ്ടി വന്ന കാര്യം നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ‘കരിയര്‍ഴ്സ് 360’ യുടെ തലവന്‍ വീണ്ടും ഒരു പ്രശ്‌നമുന്നയിക്കുമ്പോള്‍, അതിനെ ആ ഗൗരവത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.

നീറ്റ് പോലെയുള്ള പരീക്ഷകള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കഴിവും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതാണ് എന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്. മെറിറ്റാണ് ഇതിന്റെയൊക്കെ അടിസ്ഥാനമെന്ന്! എന്നാല്‍ മഹേശ്വര്‍ പേരി നിരത്തുന്ന കണക്കുകള്‍ നമുക്ക് പരിശോധിക്കാം. രാജ്യത്താകെ 74 മെഡിക്കല്‍ കോളേജുകളില്‍ ആയി ഒരു ലക്ഷത്തി ഒമ്പതിനായിരത്തി ഒരുനൂറ്റി എഴുപത് സീറ്റുകള്‍ ആണുള്ളത്. ഇവയിലേക്ക് പ്രവേശനം നടത്തുന്നതിന് വേണ്ടിയാണ് അഖിലേന്ത്യ തലത്തില്‍ നീറ്റ് എന്ന പേരില്‍ പരീക്ഷ നടത്തുന്നത്. 23,33,297 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 57 ശതമാനവും പെണ്‍കുട്ടികളായിരുന്നു.

മെഡിസിന്‍ വിഭാഗത്തില്‍ രാജ്യത്ത് ആകെ ലഭ്യമായ സീറ്റുകളെ ഗവണ്‍മെന്റ് മേഖല എന്നും സ്വകാര്യ മേഖല എന്നും രണ്ടായി തിരിക്കാം. ഗവണ്‍മെന്റ് മേഖലയില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളും, വിവിധ സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റ് കോളേജുകളും ഉണ്ട്. 7 സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലായി 1180 കുട്ടികള്‍ക്ക് പഠിക്കുവാന്‍ കഴിയും. വിവിധ സംസ്ഥാനങ്ങളിലെ 382 ഗവണ്‍മെന്റ് കോളേജുകളിലായി 55,255 സീറ്റുകള്‍. മറുവശത്ത് 264 പ്രൈവറ്റ് കോളേജുകളില്‍ 42515 പേര്‍ക്ക് പ്രവേശനം നേടാനാകും. ഇതുകൂടാതെ 51 കല്‍പിത സര്‍വകലാശാലകള്‍ ഉണ്ട്. അവിടങ്ങളില്‍ 10,250 സീറ്റുകളും.

ഇനി ഇവിടങ്ങളിലെ ഫീസ് ഘടന നോക്കാം.

എയിംസ് പോലെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍, എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കുന്നതിന് മൂന്നു ലക്ഷത്തി അറുപത്തിനാലായിരം രൂപ മാത്രമാണ് ചെലവ് വരിക. വിവിധ സംസ്ഥാനസര്‍ക്കാര്‍ കോളജുകളില്‍ ശരാശരി ചെലവ് 6.2 ലക്ഷമാണ്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ എത്തുമ്പോഴേക്കും ശരാശരി ഫീസ് 78.8 ലക്ഷം ആകുന്നു. കല്‍പിത സര്‍വകലാശാലകളിലാകട്ടെ 1-1.2 കോടിയാണ് പഠനത്തിന് വരുന്ന ചെലവ്. എന്‍.ആര്‍.ഐ സീറ്റുകളില്‍ ഇത് മൂന്ന് നാല് കോടിയോളം വരും.

അതായത് ഗവണ്‍മെന്റ് മേഖലയിലുള്ള സീറ്റുകളില്‍ മാത്രമാണ് സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പഠിക്കുവാന്‍ സാധിക്കുക. 72 ലക്ഷം മുതല്‍ നാലു കോടി രൂപ വരെ മുടക്കി പഠിക്കുവാന്‍ കഴിയുക സമൂഹത്തിലെ ഏറ്റവും ഉന്നതിയിലുള്ള ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ്. അതായത് രാജ്യത്തെ വൈദ്യത്തിനുള്ള സീറ്റുകളില്‍ പകുതിയോളം അതിസമ്പന്നര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

അതുമാത്രമല്ല, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന സമ്പന്നര്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ തരത്തിലാണ് സംവിധാനത്തെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ മേഖല കയ്യടക്കുന്നത് സവര്‍ണ സമ്പന്ന വിഭാഗങ്ങള്‍ ആണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ. നാഴികയ്ക്ക് നാല്പതു വട്ടം സംവരണ വിരുദ്ധതയും, മെറിറ്റിനെ കുറിച്ചുള്ള ഗീര്‍വാണങ്ങളും കാച്ചുന്ന ഉപരിവര്‍ഗ്ഗത്തിനോ, മാധ്യമങ്ങള്‍ക്കോ, ഇതില്‍ ഒരു ആശങ്കയുമില്ല.

2021 മുതലുള്ള നീറ്റ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്കും, വിജയിക്കാന്‍ വേണ്ട ശതമാനവും, പരീക്ഷാ ക്വാളിഫൈ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണവും നോക്കുക. 2021-ല്‍ ആകെ 83075 സീറ്റുകളിലേക്കായി യോഗ്യത നേടിയത് 87074 വിദ്യാര്‍ത്ഥികളാണ്. പരമാവധി 720 മാര്‍ക്കുകളില്‍ നടത്തുന്ന നീറ്റ് പരീക്ഷയില്‍ ആ വര്‍ഷം കട്ട് ഓഫ് വച്ചിരുന്നത് 138 മാര്‍ക്കാണ്. അതായത് 19.17%. 2022-ലെ കട്ട് ഓഫ് 117, ശതമാനം 16.3, യോഗ്യത നേടിയവര്‍ 9,93,069. 2023-ല്‍ കട്ട് ഓഫ് 137, അതായത് 19%. യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 11,45,976. 2024-ല്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 13,16,218. കട്ട് ഓഫ് 164 മാര്‍ക്ക്; അഥവാ 22.7%.

സാധാരണ പരീക്ഷകളില്‍ വിജയിക്കാന്‍ വേണ്ടത് 30-40 ശതമാനം മാര്‍ക്ക് ആണ്. എന്നിട്ടും രാജ്യത്തെ ഏറ്റവും മെറിറ്റോറിയസ് ആയ വിദ്യാര്‍ത്ഥികളെ കണ്ടെത്തുവാന്‍ നടത്തുന്നതെന്ന് അവകാശപ്പെടുന്ന നീറ്റ് പരീക്ഷയ്ക്ക് മാത്രം എന്തുകൊണ്ടാണ് കട്ട് ഓഫ് മാര്‍ക്ക് 20 ശതമാനത്തിലും താഴെയാകുന്നത്? ഇത്രയും താഴ്ന്ന മര്‍ക്കില്‍ വിജയിക്കുന്ന ഏക പരീക്ഷ ഒരു പക്ഷേ നീറ്റ് ആയിരിക്കും. ഒരു കാര്യം കൂടി ശ്രദ്ധിക്കുക- ആകെ ഒരു ലക്ഷത്തിനോടടുത്തു മാത്രം സീറ്റുകള്‍ ഉള്ള മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍, നീറ്റ് പരീക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 8 ലക്ഷം മുതല്‍ 14 ലക്ഷം വരെയാണ്. പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി യോഗ്യത നേടുന്നവരുടെ എണ്ണം ഒരു രണ്ടോ മൂന്നോ ലക്ഷം ആക്കി പരിമിതപ്പെടുത്തിയാല്‍, മെറിറ്റ് ഉറപ്പുവരുത്താന്‍ പറ്റുമല്ലോ. പിന്നെ എന്തുകൊണ്ട് അത് ചെയ്യുന്നില്ല?

അതിനുത്തരം തേടുമ്പോഴാണ്, മെറിറ്റിനെ പരിപൂര്‍ണ്ണമായി അട്ടിമറിക്കുകയും വിദ്യാഭ്യാസം സമ്പന്നര്‍ക്ക് സംവരണം ചെയ്യുകയും ചെയ്യുന്ന, വ്യവസ്ഥിതിയുടെ ചതി നമുക്ക് മനസ്സിലാവുന്നത്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് 70 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയ്ക്കാണ്. കല്‍പിത സര്‍വകലാശാലകളില്‍ അത് കോടികളാണ്. അത്രയും പണം മുടക്കി പഠനം നടത്തുവാന്‍ കഴിയുന്നവര്‍ സമ്പന്നരാണ്. മാത്രവുമല്ല, പ്രവേശന പരീക്ഷയില്‍ വളരെ കുറഞ്ഞ മാര്‍ക്ക് മാത്രം നേടിയവരും ആയിരിക്കും.

ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. ചെന്നൈയിലെ എ.സി.എസ് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടിയുടെ നീറ്റ് മാര്‍ക്ക് 137 മാത്രമാണ്. റാങ്ക് ആകട്ടെ 10,12,292-ഉം. പുതുച്ചേരിയിലെ ശ്രീലക്ഷ്മി നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശനം നേടിയ കുട്ടിക്ക് ലഭിച്ചത് കേവലം 110 മാര്‍ക്ക് മാത്രമാണ്. റാങ്ക് ആകട്ടെ 11,91,412-ഉം. എന്‍.ആര്‍.ഐ സീറ്റിലാണ് ഏറ്റവും കൂടുതല്‍ മെറിറ്റ് അട്ടിമറിക്കപ്പെടുന്നത്. ഒഡീഷയില്‍, ഭുവനേശ്വരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ഹോസ്പിറ്റലില്‍ 12,15,544 -ആം റാങ്കുകാരന് വരെ പ്രവേശനം ലഭിച്ചു. അയാളുടെ നീറ്റ് സ്‌കോര്‍ 107 ആയിരുന്നു.

സവര്‍ണ്ണ സമ്പന്ന വിഭാഗങ്ങള്‍ അവശവിഭാഗങ്ങള്‍ക്കെതിരെ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന മെറിറ്റ് എന്ന ആയുധം, മെഡിസിന്‍ പഠനത്തിന് പ്രവേശനം നേടുന്നവരുടെ കാര്യത്തില്‍ ആരും പറഞ്ഞു കേള്‍ക്കുന്നില്ല. അക്കാര്യത്തില്‍ മാത്രമല്ല, പ്രാദേശിക ഭാഷകളില്‍ പഠിക്കുന്നവരെ, വിദൂര ദേശങ്ങളില്‍ നിന്നുള്ളവരെ, സംസ്ഥാന പാഠ്യപദ്ധതികള്‍ പിന്തുടരുന്നവരെ, ഒക്കെ നീറ്റ് എന്ന കേന്ദ്രീകൃത സംവിധാനം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അതിനു പുറമെയാണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ക്രമക്കേടുകള്‍. അതോടൊപ്പം, അടിസ്ഥാനപരമായി സമ്പന്നര്‍ക്ക്, മെഡിക്കല്‍ വിദ്യാഭ്യാസം സംവരണം ചെയ്യുന്ന മാനദണ്ഡങ്ങള്‍ കൂടി ചേരുമ്പോള്‍ നീറ്റ്, രാജ്യത്തെ സാമൂഹ്യനീതിയുടെ പ്രാഥമിക പാഠങ്ങള്‍ക്ക് വിരുദ്ധമാകുന്നു. യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ ആധിക്യം, വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് തോന്നും പ്രകാരം ഫീസ് നിശ്ചയിക്കാനുള്ള അവസരം നല്‍കുന്നു. അങ്ങനെ സാധാരണക്കാരെ പുറന്തള്ളുന്നു. കുറഞ്ഞ കട്ട് ഓഫ് മാര്‍ക്കുകള്‍ കൂടിയാകുമ്പോള്‍, മെറിറ്റ് അട്ടിമറിക്കപ്പെടുന്നു. ഈ സംവിധാനത്തെ ആകെ ഉടച്ചു വാര്‍ക്കാതെ, നീതിയുക്തമായ മെഡിസിന്‍ പ്രവേശം സാധ്യമാവുകയില്ല.

Content Highlight: NEET Controversy Ensure India’s Examination Integrity writeup by pb Jijeesh