ഫുഡില്‍ നിന്ന് മുടി കിട്ടിയപ്പോള്‍ ഹോട്ടലുകാരെക്കാള്‍ പേടി അജുവേട്ടനായിരുന്നു: നീരജ് മാധവ്
Malayalam Cinema
ഫുഡില്‍ നിന്ന് മുടി കിട്ടിയപ്പോള്‍ ഹോട്ടലുകാരെക്കാള്‍ പേടി അജുവേട്ടനായിരുന്നു: നീരജ് മാധവ്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 24th July 2026, 10:38 pm

കുറഞ്ഞ കാലം കൊണ്ട് തങ്ങളുടെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയില്‍ ഒരു സ്ഥാനം സൃഷ്ടിച്ചെടുത്ത അഭിനേതാക്കളാണ് അജു വര്‍ഗീസും നീരജ് മാധവും. ഇരുവരും ഒന്നിച്ചെത്തിയത് ചുരുക്കം ചിത്രങ്ങളിലാണെങ്കിലും ഈ കോമ്പിനേഷന്‍ മലയാള സിനിമയില്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ്. ഒരു വടക്കന്‍ സെല്‍ഫി, ലവ-കുശ, വെബ് സിരീസായ ലൗ അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങിയവയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണ് പ്ലൂട്ടോ.

പ്ലൂട്ടോ. Photo: IMDB

ജൂലൈ 30ന് തിയേറ്ററുകളിലെത്തുന്ന പ്ലൂട്ടോ സംവിധാനം ചെയ്യുന്നത് ആദിത്യന്‍ ചന്ദ്രശേഖരന്‍ ആണ്. ചിത്രവുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒന്നിച്ച് ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കവെ ഉണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസും നീരജ് മാധവും. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്നും മുടി കിട്ടിയപ്പോള്‍ ഉണ്ടായ അനുഭവമാണ് താരങ്ങള്‍ പങ്കിട്ടത്.

‘ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറിയപ്പോള്‍ നൂഡില്‍സ് ആയിരുന്നു അജുവേട്ടന്‍ ഓര്‍ഡര്‍ ചെയ്തത്. എനിക്ക് അല്പം ഒ.സി.ഡി ഉള്ള കാര്യം അദ്ദേഹത്തിനറിയാം. അങ്ങനെ കഴിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു മുടി പുള്ളിയുടെ ഫുഡില്‍ നിന്നും കിട്ടി. ആദ്യം നോക്കിയത് ഞാന്‍ അത് കണ്ടിട്ടുണ്ടോ എന്നാണ്. ഞാന്‍ ഫോണില്‍ നോക്കിയിരിക്കുകയാണ് കണ്ടിട്ടില്ലെന്ന് മനസിലായപ്പോള്‍ ആ മുടി മെല്ലെ മാറ്റിവെച്ച് അതിലുണ്ടായിരുന്ന ഫുഡ് മുഴുവന്‍ അദ്ദേഹം കഴിച്ച് തീര്‍ത്തു. നല്ല വിശപ്പുള്ളത് കൊണ്ടും ആ മുടി ഞാന്‍ കണ്ട് കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമാക്കി അവിടെ നിന്നും കഴിക്കാന്‍ സമ്മതിക്കില്ല എന്ന് മനസിലാക്കിയതും കൊണ്ടാണ് അദ്ദേഹം മുടി മാറ്റി വെച്ച് കഴിച്ചത്,’ നീരജ് പറഞ്ഞു.

Photo: Filimibeat

എന്നാല്‍ നീരജ് അത് കണ്ടാല്‍ കഴിക്കാന്‍ സമ്മതിക്കില്ലെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നത് കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്ന് പറയുകയാണ് അജു വര്‍ഗീസ്. ഒരിക്കല്‍ നീരജിനൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ പ്ലാസ്റ്റിക് കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞതിന് വണ്ടി റിവേഴ്‌സെടുത്ത് അത് തന്നെക്കൊണ്ട് നീരജ് തിരിച്ച് എടുപ്പിച്ചിട്ടുണ്ടെന്നും അജു ഓര്‍ത്തെടുക്കുന്നു. ഈ ഓര്‍മയിലാണ് താന്‍ പരാതി പറയാന്‍ നില്‍ക്കാതെ നൂഡില്‍സ് മുഴുവനും കഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Neeraj Madhav and Aju Varghese talks about their experience

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.