മദ്രസയില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ എത്ര വനിതാ അധ്യാപികമാരുണ്ട്
dool discourse
മദ്രസയില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ എത്ര വനിതാ അധ്യാപികമാരുണ്ട്
ഹാരിസ് അബ്ദുൽ വാഹിദ്
Wednesday, 18th May 2022, 7:44 pm
എന്നാല്‍ മുതിര്‍ന്ന ക്ലാസിലെ പെണ്‍കുട്ടികളെ സമസ്തയുടെ സിലബസ് പഠിപ്പിക്കുന്ന മദ്രസാധ്യാപകര്‍ ആരാണ് സ്ത്രീകളോ അതോ പുരുഷന്‍മാരോ? ഉന്നത വിജയം നേടുന്ന പെണ്‍കുട്ടികള്‍ അനുമോദിക്കപ്പെടേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ അതിനായുള്ള വേദിയും ഇടവും ഏതാണ്? പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി സമസ്തയടങ്ങുന്ന മത വിദ്യാഭ്യാസ ബോര്‍ഡുകള്‍ സിലബസുകള്‍ ക്രമീകരിച്ചിരിക്കുന്ന ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ മുതിര്‍ന്ന കുട്ടികളെ പഠിപ്പിക്കുവാനെങ്കിലും പരിശീലനം ലഭിച്ച എത്ര വനിതാ അധ്യാപകര്‍ നിയമിതരായിട്ടുണ്ട്?

പരീക്ഷയില്‍ ഉന്നത വിജയം നേടിയ പത്താം ക്ലാസുകാരി മദ്രസാ വിദ്യര്‍ത്ഥിനിയെ പണ്ഡിതന്‍മാരടങ്ങുന്ന പുരുഷാരത്തിനിടയില്‍ കൊണ്ടുവന്ന് നിര്‍ത്തിയല്ല അനുമോദിക്കേണ്ടതെന്നാണ് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ ന്യായവാദങ്ങള്‍ നിരത്തി അതിനോട് കലഹിക്കാന്‍ മുസ്‌ലിം സമൂഹത്തില്‍ വല്ലവരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇനിയുമിതാവര്‍ത്തിച്ചാല്‍ കാണിച്ചു തരാമെന്ന ഒരു വെല്ലുവിളിയുടെ ശബ്ദം, അഭിമാനത്തോട് കൂടി സ്റ്റേജിലേക്ക് കയറിച്ചെന്ന ആ പെണ്‍കുട്ടിയുടെ മനസ്സില്‍ അങ്ങോളം മായാതെ കിടക്കാന്‍ പോകുന്ന ഒരു മുറിപ്പാടിന്റെ നൊമ്പരം, വാര്‍ത്തയില്‍ സമൂഹ മനസാക്ഷി ഞെട്ടിയുണര്‍ന്നപ്പോള്‍, നവമാധ്യമ നടുത്തളങ്ങളിലേക്ക് വിമര്‍ശനങ്ങളും വിയോജനക്കുറിപ്പുകളുമായി ഓടിവന്ന ദീനി സ്‌നേഹികള്‍ക്കും പരിതപിച്ചു തീര്‍ക്കാന്‍ ഇതിലും ഉപരിയായ കാരണങ്ങള്‍ ഉണ്ടായിക്കണ്ടില്ല.

പതിനാല് വയസ്സു മുതല്‍ പ്രായമുള്ള കുട്ടികളാണ് പത്താം തരം മുതല്‍ മുകളിലേക്ക് മദ്രസ വിദ്യാര്‍ത്ഥികളായി ഉണ്ടാകുക. മുതിര്‍ന്ന കുട്ടികളായതിനാലാണ് ഇവരെ പുരുഷാരത്തിന് നടുവില്‍ വിളിച്ച് അനുമോദിക്കേണ്ടതില്ലെന്നാണ് പണ്ഡിതന്‍ പറഞ്ഞതിന്റെ ന്യായം.

സമസ്ത നേതാവ് അബ്ദുല്ല മുസലിയാര്‍

 

എന്നാല്‍ മുതിര്‍ന്ന ക്ലാസിലെ പെണ്‍കുട്ടികളെ സമസ്തയുടെ സിലബസ് പഠിപ്പിക്കുന്ന മദ്രസാധ്യാപകര്‍ ആരാണ് സ്ത്രീകളോ അതോ പുരുഷന്‍മാരോ? ഉന്നത വിജയം നേടുന്ന പെണ്‍കുട്ടികള്‍ അനുമോദിക്കപ്പെടേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ അതിനായുള്ള വേദിയും ഇടവും ഏതാണ്? പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി സമസ്തയടങ്ങുന്ന മത വിദ്യാഭ്യാസ ബോര്‍ഡുകള്‍ സിലബസുകള്‍ ക്രമീകരിച്ചിരിക്കുന്ന ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ മുതിര്‍ന്ന കുട്ടികളെ പഠിപ്പിക്കുവാനെങ്കിലും പരിശീലനം ലഭിച്ച എത്ര വനിതാ അധ്യാപകര്‍ നിയമിതരായിട്ടുണ്ട്?

എന്നിങ്ങനെ വിഷയബന്ധിതമായി കാതലായ ചോദ്യങ്ങള്‍ക്ക് മേല്‍ സമുദായത്തെ വിചിന്തനങ്ങള്‍ക് പ്രേരിപ്പിക്കുന്ന പ്രതികരണങ്ങള്‍ കാര്യമായ് ഉണ്ടായിക്കാണുന്നില്ല, ആത്മപരിശോധനകള്‍ ആവശ്യമുള്ളിടത്തും കക്ഷിരാഷ്ട്രീയവും സംഘടനാ സങ്കുചിതത്വങ്ങളും ചീഞ്ഞുനാറുന്ന വാദപ്രതിവാദങ്ങളില്‍ മുഴകുന്നവരാണ് അധികവും.

വിവാദങ്ങളില്‍ ചേരിതിരിഞ്ഞ് ചെളിയെറിയുമ്പൊഴും അശ്രദ്ധമായി കിടക്കുന്ന സുപ്രധാന സംഗതികള്‍ പലതുമുണ്ട് ചര്‍ച്ച ചെയ്യപ്പെടേണ്ടതായി. മുസ്‌ലിം  കൈരളിയില്‍, മദ്രസാധ്യാപന രംഗത്ത് കാലങ്ങളായി തുടരുന്ന പുരുഷാധിപത്യം ഇതിലൊന്നാണ്, ഇതേപ്പറ്റി വ്യഥകൊള്ളാനോ ഇതുണ്ടാക്കുന്ന മോശം ഉപഫലങ്ങളെ പഠനവിധേയമാക്കാനോ വായിച്ചെടുക്കാനോ ആവശ്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല.

പ്രവാചകന്റെ (സ) ജീവതകാലത്ത് യോഗ്യരായ സ്വഹാബി വനിതകള്‍ വിശ്വാസി സമൂഹത്തിന് അധ്യാത്മവിദ്യയുടെ അവലംബമായ് വര്‍ത്തിച്ചിരുന്നു, എന്നതില്‍ ഏതെങ്കിലും ഇസ്‌ലാമിക കക്ഷികള്‍ തര്‍ക്കമുന്നയിക്കുമെന്ന് തോന്നുന്നില്ല. നബിയുടെ വിയോഗാനന്തരവും പ്രവാചകപത്‌നിമാരടക്കമുള്ള സ്ത്രീകള്‍ ഇക്കാര്യത്തില്‍ നടത്തിയ സേവനങ്ങളിലൂടെയാണല്ലോ പിന്നീട് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ രൂപം നിര്‍ണയിക്കപ്പെടുന്നത് പോലും.

ചില പുരുഷന്‍മാരെ എന്നതുപോലെ തന്നെ ചില സ്ത്രീകളെ ഒഴിച്ച് നിര്‍ത്തിയാലും ഇസ്‌ലാമിന്റെ രൂപാന്തരഘട്ടങ്ങള്‍ ഏറെക്കുറെ അപൂര്‍ണ്ണമാണെന്ന് തന്നെ പറയാം.

സ്ത്രീസൗഹൃദ സ്ഥാപനങ്ങളായി മദ്രസകള്‍ മാറേണ്ടത് ഒരനിവാര്യതയാണ്. ഭൗതികവിദ്യ അഭ്യസിപ്പിക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസം പോലെയല്ല സ്വഭാവപരമായി മതവിദ്യാഭ്യാസം എന്നതിനാല്‍ തന്നെ ജെന്‍ഡര്‍ ഈക്വല്‍ ആകാന്‍ കഴിയാത്ത ചില തലങ്ങളൊക്കെ മദ്രസാ വിദ്യാഭ്യാസത്തിനുണ്ട്.

പെണ്‍കുട്ടികള്‍ക്ക് ഉന്നത മതവിദ്യാഭ്യാസം ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍, വിദ്യാഭ്യാസം ലാഭകരമായ ഒരു ബിസിനസ് കൂടിയായിരിക്കുന്ന ഒരുകാലത്ത് വിശേഷിച്ചും, അത്തരം സ്ഥാപനങ്ങള്‍ക്ക് പഞ്ഞമില്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിരവധി ഉന്നത മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവിധ മുസ്‌ലിം വിഭാഗങ്ങളുടേതായ് കേരളത്തിലുണ്ട് താനും. എന്നാല്‍ ഇത്തരം സ്ത്രീസൗഹൃദ സര്‍വകലാശാലാ സെറ്റപ്പുകള്‍ പോലെയല്ല മദ്രസകളുടെ കാര്യം,
പള്ളിയോട് ചേര്‍ന്നോ മറ്റോ പള്ളിയങ്കണത്തിലെ തന്നെ ചെറിയ കെട്ടിടങ്ങളിലും സൗകരങ്ങളിലുമായാണ് നമ്മുടെ നാട്ടിലെ അധിക മദ്രസകളും പ്രവര്‍ത്തിക്കുന്നത്.

ആണ്‍കുട്ടികള്‍ക്കൊപ്പം സമ്മിശ്രമായി ഇരുന്നോ ഒരു പുരുഷ ടീച്ചറെ തന്നെയും ഫേസ് ചെയ്തിരുന്നോ ശുചീകരണം, ലൈംഗികത പോലെയുള്ള വിഷയങ്ങളുടെ മര്യാദകളും മറ്റും പഠിക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകുന്നതിലെ ശരികേട് ബോധ്യമുള്ളതിനാല്‍ തന്നെ അവരെ പ്രത്യേകം ക്ലാസ് മുറിയിലിരുത്തിയോ ഇടക്ക് മറയിട്ട് കൊണ്ടോ ആണ്‍കുട്ടികളെ ഫേസ് ചെയ്ത് അധ്യാപകരായ ഉസ്താദുമാര്‍ ക്ലാസ് എടുക്കുന്നതാണ് കാലങ്ങളായി നാട്ടിലെ മദ്രസാ വിദ്യാഭ്യാസത്തിന്റെ രീതി.

എന്നാല്‍ സ്ത്രീ സാന്നിധ്യം പൊതുവേ കുറവുള്ള പള്ളി മദ്രസകള്‍ പോലെയുള്ളിടങ്ങളില്‍ ഇങ്ങനെയൊരു രീതി പോലും മത വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം പൊതുവില്‍ പെണ്‍കുട്ടികള്‍ക്ക് സഹനീയമോ സ്വീകാര്യമോ ആയ ഒന്നല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മേല്‍പ്പറഞ്ഞ വിഷയങ്ങളിലേതടങ്ങുന്ന മതവിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് സ്ത്രീകള്‍ തന്നെ നല്‍കുന്നതാണ് എന്തുകൊണ്ടും നല്ലത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ മദ്രസാ തലത്തില്‍ നാട്ടില്‍ എവിടെയും അതിന് വേണ്ടുന്ന സംവിധാനങ്ങളില്ല.

ഇതിനാല്‍ തന്നെ വയസറിയിച്ചാല്‍ പെണ്‍കുട്ടികള്‍ സ്വയം തന്നെ മദ്രസാ പഠനം ഉപേക്ഷിക്കുകയോ മുതിര്‍ന്ന പെണ്‍കുട്ടികളോട് പഠനം മതിയാക്കാന്‍ വീട്ടുകാര്‍ തന്നെ ഉപദേശിക്കലോ ആണ് പതിവ്. അഞ്ചാം തരത്തിനപ്പുറം മദ്രസ കാണാത്തവരാണ് മലയാളി മുസ്‌ലിം സ്ത്രീസമൂഹത്തില്‍ ബഹുഭൂരിപക്ഷവും.

മദ്രസാ കാലത്ത് അധ്യാപകരില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ മാത്രം പങ്കുവെക്കുവാനുള്ള പെണ്‍കുട്ടികളും ഇവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നതും വിസ്മരിച്ച് കൂടല്ലോ. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചാല്‍ അരുതായ്മകള്‍ക്ക് അറുതി ഉണ്ടാകുന്നതെങ്ങനെയാണ്.

ഓരോ മദ്രസയിലും ഓരോ മുഅല്ലിമഃയെങ്കിലും ഉണ്ടായിരുന്നാല്‍ ഇങ്ങനെയുള്ള പല പ്രശ്‌നങ്ങള്‍കും അത് പരിഹാരമായിത്തീരും. അതോടൊപ്പം നാട്ടിലെ ബനാത്ത് കോളേജുകളില്‍ നിന്നും മറ്റും ഉന്നത നിലവാരത്തില്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് തൊഴിലവസരങ്ങളും വന്നുചേരുകയും ചെയ്യും.

കാലങ്ങളായി, മതവിദ്യാഭ്യാസം പുരുഷകേന്ദ്രീകൃതമായ സംവിധാനങ്ങളിലൂടെ മാത്രം ലഭ്യമാകുന്ന സാഹചര്യമാണ് നാട്ടിലുള്ളത്. ആരാധനാദി കാര്‍മികത്വങ്ങള്‍ക്കും മറ്റുമായി മസ്ജിദുകളില്‍ നിയമിച്ചിട്ടുള്ള ജീവനക്കാരിലൂടെ തന്നെ അതാത് മഹല്ലുകളിലെ കുട്ടികളുടെ ദീനി വിദ്യാഭ്യാസം കൂടി നടത്തിച്ചെടുക്കേണ്ടുന്ന തരത്തില്‍ ഒരുകാലത്ത് മുസ്‌ലിം സമൂഹം അഭിമുഖീകരിച്ചിരുന്ന സാമ്പത്തികമടക്കമുള്ള കാര്യങ്ങളിലെ പരിമിതികളില്‍ നിന്നുമാണ് മദ്രസാ സംവിധാനങ്ങള്‍ ഈ വിധം രൂപപ്പെട്ട് വന്നതിന്റെ തുടക്കമെന്നാണ് കൂടുതല്‍ പഠിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്.

എന്നാല്‍ അഭിവൃദ്ധിയോടൊപ്പം കാലികമായ പുരോഗതി മറ്റ് പലതിമുണ്ടായിട്ടും മദ്രസാ സംവിധാനം ഇന്നും തദ്സ്ഥിതിയില്‍ തന്നെ തുടര്‍ന്ന് പോരുകയാണ്. ഈ ഉപേക്ഷയുടെ കുറ്റത്തില്‍ നിന്നാകട്ടെ പണ്ഡിതര്‍ക്കോ സമുദായത്തിന് മുഴുവനായോ ഒഴിവാകാന്‍ പോന്ന യാതൊരു ന്യായവും കാണുന്നില്ലെന്ന് കൂടി പറഞ്ഞ് നിര്‍ത്തുന്നു.

Content Highlight: Need for women teachers in Madrassas in Kerala in the backdrop of Samastha leader insulting a girl in stage