ആറ് മാസമായി ഇസ്രഈലിന്റെ അനധികൃത തടവില്‍; യു.എസ്-ഫലസ്തീന്‍ വംശജനായ 16കാരന്റെ മോചനം ആവശ്യപ്പെട്ട് നൂറോളം സംഘടനകള്‍
World
ആറ് മാസമായി ഇസ്രഈലിന്റെ അനധികൃത തടവില്‍; യു.എസ്-ഫലസ്തീന്‍ വംശജനായ 16കാരന്റെ മോചനം ആവശ്യപ്പെട്ട് നൂറോളം സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th August 2025, 5:14 pm

ഫ്‌ളോറിഡ: ആറ് മാസമായി ഇസ്രഈല്‍ അനധികൃതമായി തടവിലിട്ടിരിക്കുന്ന 16കാരന്റെ മോചനത്തിനായി അമേരിക്കന്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്. ഫ്‌ളോറിഡയില്‍ നിന്നുള്ള അമേരിക്കന്‍-ഫലസ്തീന്‍ വംശജനായ മുഹമ്മദ് സാഹെര്‍ ഇബ്രാഹിമിന്റെ മോചനത്തിനായാണ് നൂറോളം സംഘടനകള്‍ സംയുക്തമായി പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോക്കാണ് കത്ത് കൈമാറിയിരിക്കുന്നത്. മുഹമ്മദ് സാഹെര്‍ ഇബ്രാഹിമിന്റെ ആരോഗ്യനില വഷളാണെന്ന ആശങ്കയും കത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇബ്രാഹിമിന്റെ ജീവന്‍ അപകടത്തിലാണെന്നും ഫലസ്തീന്‍-അമേരിക്കന്‍ വംശജരായ കുട്ടികളുള്‍പ്പടെ എല്ലാ അമേരിക്കന്‍ കുട്ടികളെയും സംരക്ഷിക്കുകയെന്നത് യു.എസ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും റുബിയോയ്ക്ക് അയച്ച
കത്തില്‍ പറയുന്നു.

സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സ്, ദ് അറബ് അമേരിക്കന്‍-അറബ് ആന്റി-ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി, കോഡ് പിങ്ക്, കാലിഫോര്‍ണിയ/നെവാദ യുണൈറ്റഡ് മെത്തോഡിസ്റ്റ് ചര്‍ച്ച് തുടങ്ങിയ 102ഓളം സംഘടനകളാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

സുരക്ഷ ഉറപ്പുവരുത്താനായി 16കാരനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും രക്ഷിതാക്കളുടെ സമീപത്തേക്ക് തിരിച്ചയക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഇസ്രഈല്‍ കൗമാരക്കാരനെ തടവിലിട്ടിരിക്കുന്നത് ഫോര്‍ത്ത് ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൈയ്യേറ്റ ഭൂമിയില്‍ നിന്നും സംരക്ഷിത വിഭാഗത്തില്‍പ്പെട്ടവരെ കടത്തിക്കൊണ്ടുപോകുന്നത് തടയുന്നതാണ് ഫോര്‍ത്ത് ജനീവ കണ്‍വെന്‍ഷന്‍.

മുഹമ്മദ് ഇബ്രാഹിമിന് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും അവനെ പാര്‍പ്പിച്ചിരിക്കുന്നത് പിടികൂടിയ ഫലസ്തീന്‍ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഓഫെര്‍ ജയിലിലാണെന്നും കത്തില്‍ വിശദീകരിക്കുന്നു.

വൃത്തിഹീനമായ ചുറ്റുപാടില്‍ പാര്‍പ്പിച്ചിരിക്കുന്ന മുഹമ്മദ് ഇബ്രാഹിമിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. ശരീരഭാരം കാല്‍ ഭാഗത്തോളം കുറഞ്ഞെന്നും ഗുരുതരമായ ത്വക്ക് രോഗം ബാധിച്ചിരിക്കുകയാണെന്നും മുഹമ്മദ് ഇബ്രാഹിമിന്റെ പിതാവ് സാഹെര്‍ പ്രതികരിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മതത്തിലും വര്‍ണത്തിലും ജീവിതസാഹചര്യത്തിലും വ്യത്യസ്തരായ ഇത്രയേറെയാളുകള്‍ മകന്റെ രക്ഷക്കായി ഒറ്റക്കെട്ടായി മുന്നോട്ട് വന്നത് വലിയ അനുഗ്രഹമാണെന്നാണ് സാഹെര്‍ പ്രതികരിച്ചത്. നിലവില്‍ വെസ്റ്റ് ബാങ്കിലെ സില്‍വാദില്‍ തുടര്‍ന്നുകൊണ്ട് മകന്റെ മോചനത്തിനായി ശ്രമിക്കുകയാണ് സാഹെര്‍.

കല്ലെറിഞ്ഞെന്ന കുറ്റം ചുമത്തി മുഹമ്മദ് ഇബ്രാഹിമിനെ ഫെബ്രുവരിയിലാണ് ഇസ്രഈല്‍ സേന കസ്റ്റഡിയിലെടുത്തത്. വെസ്റ്റ് ബാങ്കിലെ വസതിയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു ഇബ്രാഹിമും കുടുംബവും.

Israeli settlers attack army in West Bank; soldiers criticized for opening fire

അര്‍ധരാത്രിയില്‍ വിലങ്ങണിയിച്ചും കണ്ണുകെട്ടിയുമാണ് അന്ന് 15 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഇബ്രാഹിമിനെ പിടിച്ചുകൊണ്ട് പോയതെന്ന് കുടുംബം പറയുന്നു.

ആദ്യം ജെറുസലെമിലെ മോസ്‌കോവിയ തടവുകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇബ്രാഹിമിനെ മാര്‍ച്ച് പകുതിയോടെ മെഗിദൊ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആഗസ്റ്റ് പകുതിയോടെയാണ് കുപ്രസിദ്ധമായ ഓഫെര്‍ ജയിലിലേക്ക് മാറ്റിയത്.

ഇസ്രഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബീയുമായി സാഹെര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, നിലവില്‍ യു.എസ് ഭരണകൂടം ഇബ്രാഹിമിന്റെ മോചനത്തിനായി നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.

Content Highlight: Nearly 100 organizations demand release of 16-year-old US-Palestinian boy illegally detained by Israel for six months