ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് പരീക്ഷണ കാലഘട്ടം, മാധ്യമപ്രവര്‍ത്തനം ചെയ്യുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്: നിധി റസ്ദാന്‍
national news
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് പരീക്ഷണ കാലഘട്ടം, മാധ്യമപ്രവര്‍ത്തനം ചെയ്യുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്: നിധി റസ്ദാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th March 2020, 11:27 am

ന്യൂദല്‍ഹി: ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് പരീക്ഷണ കാലഘട്ടമാണെന്ന് എന്‍.ഡി.ടി.വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍. കത്വ കേസിലെ റിപ്പോര്‍ട്ടിംഗിന് ഇന്റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടി( ഐ.പി.ഐ)ന്റെ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവേയാണ് റസ്ദാനെയുടെ പ്രതികരണം.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഐ.പി.ഐ പോലെയുള്ള സംഘടനയുടെ ആദരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

” ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് പരീക്ഷണ കാലഘട്ടമാണ്. മാധ്യമപ്രവര്‍ത്തനം ചെയ്യുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്. വളരെ കുറച്ച് പേര്‍ മാത്രമേ അധികാരശക്തികള്‍ക്ക് നേരെ സംസാരിക്കാന്‍ മുന്നോട്ട് വരുന്നുള്ളൂ എന്നതാണ് സങ്കടകരമായ വസ്തുത. അപ്രിയ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം ഭരണകൂടം നല്‍കുന്ന വിവരങ്ങള്‍ മാത്രം കൊടുക്കുന്നതുമൊക്കെ ചില ഉദ്ദേശ്യത്തോടെ വാലാട്ടി നില്‍ക്കുന്നവരാണ്. സംഘടിത ആശയങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്ന കാലത്ത് ചോദ്യം ചോദിക്കുന്ന സ്വതന്ത്ര മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. അത് സര്‍ക്കാറിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കും. കേവലം മാധ്യമങ്ങള്‍ക്ക് നേരെ മാത്രമുള്ള അപായ സൂചന അല്ല ഇത്, മറിച്ച് ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയാണ്. ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ ഒന്നാണ് മാധ്യമങ്ങള്‍,” അവര്‍ പറഞ്ഞു.

”മാധ്യമങ്ങള്‍ ഇന്ന് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും സത്യം അതിന്റെ വിജയയാത്ര തുടരും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കത്വയില്‍ എട്ട് വയസ്സുകാരിക്ക് നേരെ നടത്തിയ ലൈംഗികാക്രമണവും കൊലപാതകവും കേവലമൊരു കുറ്റകൃത്യമല്ല. വര്‍ഗീയ ധ്രുവീകരണത്തിന്റെ വൃത്തികെട്ട ഭാഗമായി ഒരു കുട്ടിക്കെതിരെ നടത്തിയ കൊടുംക്രൂരതയാണ്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ തന്നെ കുറ്റവാളികള്‍ക്ക് അനുകൂലമായി നടത്തിയ റാലിയില്‍ പങ്കെടുത്തത് ഞെട്ടിപ്പിക്കുന്നതായിരുന്നെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ