എന്‍.ഡി.ടി.വിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; സീനിയര്‍ ന്യൂസ് എഡിറ്റര്‍ സാറ ജേക്കബും രാജിവെച്ചു
national news
എന്‍.ഡി.ടി.വിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; സീനിയര്‍ ന്യൂസ് എഡിറ്റര്‍ സാറ ജേക്കബും രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd May 2023, 9:02 pm

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പ് ചാനല്‍ ഏറ്റെടുത്തതിന് പിന്നലെ എന്‍.ഡി.ടി.വിയില്‍ രാജി പരമ്പര തുടരുന്നു. ചാനലിലെ പ്രമുഖ അവതാരകയും സീനിയര്‍ ന്യൂസ് എഡിറ്ററുമായ സാറ ജേക്കബ് രാജിവച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു. 20 വര്‍ഷത്തിലേറെയായി എന്‍.ഡി.ടി.വിയില്‍ ജോലി ചെയ്യുന്ന സാറ ജേക്കബ് വീ ദ പീപ്പിള്‍ എന്ന പരിപാടിയുടെ അവതാരക കൂടിയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിള്‍ വൈറലായ വാര്‍ത്ത വായനക്ക് പിന്നാലെയാണ് സാറാ ജേക്കബിന്റെ രാജി.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് സ്ത്രീകളോട് ബഹുമാനം കാണിക്കുന്നത്’ എന്ന തലക്കെട്ടിലുള്ള വാര്‍ത്ത വായിച്ചത് സാറാ ജേക്കബായിരുന്നു. ഈ വാര്‍ത്ത വായിച്ചപ്പോഴുള്ള സാറയുടെ മുഖഭാവമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നത്. എന്നാല്‍ രാജിയും ഇതും തമ്മിലുള്ള ബന്ധം സാറ ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നില്ല.

മുന്‍ ഉടമസ്ഥരായ ഡോ. പ്രണോയ് റോയിക്കും രാധികാ റോയിക്കും നന്ദി പറഞ്ഞാണ് സാറയുടെ കുറിപ്പ്. പ്രണോയ് റോയും രാധിക റോയിയില്‍ നിന്നും കഴിഞ്ഞ നവംബറിറിലാണ് അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വി ഏറ്റെടുക്കുന്നത്. ഇതിന് പിന്നാലെ രാവിഷ് കുമാര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തര്‍ ചാനലില്‍ നിന്ന് രാജിവെച്ചിരുന്നു.

സാറ ജേക്കബ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ്

ഇന്നലെ രാത്രി ഞാന്‍ എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവച്ചു. ഇന്ത്യയിലെ മഹത്തായ മാധ്യമ സ്ഥാപനങ്ങളിലൊന്ന് കെട്ടിപ്പടുത്തതിന് ഡോ. റോയിക്കും രാധികാ റോയിക്കും നന്ദി. രണ്ട് പതിറ്റാണ്ടിലേ ഒപ്പമുണ്ടായിരുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്ക്, ഓര്‍മകള്‍ക്ക് നന്ദി.

2001 മുതല്‍ 2023 വരെയുള്ള എന്‍.ഡി.ടി.വി ജീവിതം മികച്ചതായിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ നിന്ന് എന്റെ സ്വന്തം ഷോയില്‍ എത്തിയതില്‍ അഭിമാനമുണ്ട്.
എന്‍.ഡി.ടിവി എനിക്ക് നല്‍കിയതിനെല്ലാം നന്ദി. എന്റെ കാഴ്ചക്കാര്‍ക്കും പിന്തുണച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും പ്രത്യേക നന്ദി.

സ്വയം മെച്ചപ്പെടുത്തുകയും ആത്മപരിശോധന നടത്തുകയും പഠിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ സഹായിച്ചു. നിങ്ങളുടെ പ്രതികരങ്ങള്‍ ഞങ്ങളെ സത്യസന്ധരാക്കി നിര്‍ത്തുന്നു.

‘വീ ദ പീപ്പിള്‍’ എന്ന എന്റെ ഷോ ഞാന്‍ മിസ് ചെയ്യും. ഈ ഷോയുടെ ചുമതലയേറ്റെടുക്കുന്നവര്‍ കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ എന്‍.ഡി.ടി.വിയില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുകയാണ്.

Content Highlight: NDTV Senior News Editor Sarah Jacob also resigned