അദാനി ഏറ്റെടുത്തതിന് ശേഷം എൻ.ഡി.ടി.വിയുടെ വ്യൂവർഷിപ്പ് കൂപ്പുകുത്തുകയാണെന്ന് റിപ്പോർട്ട്
national news
അദാനി ഏറ്റെടുത്തതിന് ശേഷം എൻ.ഡി.ടി.വിയുടെ വ്യൂവർഷിപ്പ് കൂപ്പുകുത്തുകയാണെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2023, 9:40 pm

ന്യൂദൽഹി: പ്രമുഖ വാർത്താ ചാനലായ എൻ.ഡി.ടി.വി അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പൂർത്തിയാകുമ്പോൾ, ചാനലിന്റെ ഓൺലൈൻ വ്യൂവർഷിപ്പ് കുറയുന്നതായി റിപ്പോർട്ട്.

ചാനലിന്റെ മാനേജ്മെന്റിൽ മാറ്റങ്ങൾ വരുത്തിയിട്ടും പുതിയ അവതാരകരെ കൊണ്ടുവന്നിട്ടും ഉള്ളടക്കത്തിൽ മാറ്റങ്ങൾ പരീക്ഷിച്ചിട്ടും നെറ്റ്‌വർക്കിന്റെ വ്യൂവർഷിപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ന്യൂസ്‌ലോൺഡറി പറയുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ചാനൽ അദാനി ഏറ്റെടുക്കുകയാണെന്ന ചർച്ചകൾ ഉയർന്നുവന്നതിന് പിന്നാലെ ചാനലിന്റെ സ്ഥാപകരായ റോയ്സ് ദമ്പതികളും പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് കുമാറും രാജി വെച്ചിരുന്നു.

തുടർന്നുള്ള മാസങ്ങളിൽ ചാനലിൽ നിന്ന് കൂടുതൽ അവതാരകരും ജീവനക്കാരും രാജി വെച്ചിരുന്നു.

2022 ഡിസംബറിൽ അദാനി ചാനൽ പൂർണമായി ഏറ്റെടുത്തപ്പോൾ എൻ.ഡി.ടി.വി ഇന്ത്യയുടെ വ്യൂസ് 54 ശതമാനം കുറഞ്ഞിരുന്നു. നവംബറിൽ 98 മില്യൺ വ്യൂസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഡിസംബറിൽ അത് 45 മില്യൺ മാത്രമായിരുന്നു.

നെറ്റ്‌വർക്കിന്റെ ഇംഗ്ലീഷ് പതിപ്പായ എൻ.ഡി.ടി.വി 24*7ലും വ്യൂസിൽ 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു.

ന്യൂസ്‌ലോൻഡറി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ഏപ്രിലിൽ 58 മില്യൺ വ്യൂസ് ആയിരുന്നു എൻ.ഡി.ടി.വി 24*7ന് ഉണ്ടായിരുന്നത്. അദാനി ചാനൽ ഏറ്റെടുത്ത ഡിസംബറിൽ ഇത് 20 മില്യൺ ആയി മാറി.

ഈ വർഷം ജൂലൈയിൽ ഇത് 18 മില്യൺ മാത്രമാണ്. 2023 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം അദാനി ഗ്രൂപ്പ് എൻ.ഡി.ടി.വി ഏറ്റെടുത്തതിന് ശേഷം ഏറ്റവും കൂടുതൽ വ്യൂസ് ഉണ്ടായത് ഈ വർഷം ഏപ്രിലിൽ മാത്രമാണ്. എന്നാൽ ഇത് വെറും 28 ശതമാനം മാത്രമാണ്.

2022 ഓഗസ്റ്റിൽ കമ്പനിയുടെ 29 ശതമാനം ഓഹരി തങ്ങൾ പരോക്ഷമായി സ്വന്തമാക്കിയതായും മറ്റൊരു 26% കൂടെ വാങ്ങുവാൻ തയ്യാറാണെന്നും അദാനിയുടെ മാധ്യമ സംരംഭമായ എ.എം.ജി മീഡിയ നെറ്റ്‌വർക്ക് പ്രഖ്യാപിച്ചിരുന്നു.

അദാനിയുടെ നിയന്ത്രണം കാലങ്ങളായി എതിർത്തുവന്ന റോയ്സ് ദമ്പതിമാർ തങ്ങളുടെ സമ്മതമില്ലാതെയും കൂടിക്കാഴ്ച്ച ഇല്ലാതെയും സ്ഥാപനം ഏറ്റെടുക്കുന്നു എന്ന് ആരോപിച്ച് ബോർഡിൽ നിന്ന് രാജിവച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ചാനലുകളിൽ ഒന്നായ എൻ.ഡി.ടി.വി അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഇന്ത്യയിലെ സ്വതന്ത്ര മാധ്യമങ്ങളുടെ അവസാനമായെന്ന് വിമർശനം ഉയർന്നിരുന്നു.

Content Highlight: NDTV’s digital views continue to shrink after Adani’s acquisition